ADVERTISEMENT

വഴിയാത്രക്കാരുടെ ദാഹം തീർക്കുന്ന ജലപ്രവാഹം പോലെയാണു ജോളി ജോൺസന്റെ എച്ച്ടുഒ. കരുണയുടെ ആ പ്രവാഹം, ഭിന്നശേഷിക്കാരായ 78 കുട്ടികൾക്കുള്ള തിരുവനന്തപുരത്തെ ആസ്ഥാന കേന്ദ്രത്തിൽ ഒതുങ്ങുന്നില്ല. ജീവിതവഴികളിൽ വീണുപോയവരെ കൈപിടിച്ചുയർത്താൻ കേരളത്തിലെ 12,000 യുവാക്കളാണ് ജോളിക്കൊപ്പമുള്ളത്. 

അച്ഛൻ ജോൺസണും അങ്കണവാടി ടീച്ചറായ അമ്മ രാജമ്മയും അറിയാതെ പഠനകാലത്തു തുടങ്ങിയ ‘കാരുണ്യയാത്ര’യാണു ജോളിയെ സന്നദ്ധപ്രവർത്തകരുടെ സൈന്യാധിപയാക്കിയത്. ആരും നോക്കാനില്ലാത്ത നാൽപത്തഞ്ചുകാരിക്കു ജോളി സംരക്ഷകയായത് പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്. 2012 ലാണ് എച്ച്ടുഒയുടെ തുടക്കം. ഇവിടെ തെറപ്പി സെഷനുകളും തൊഴിൽ പരിശീലനവും രക്ഷിതാക്കൾക്കു കൗൺസലിങ്ങും നൽകുന്നത് വൊളന്റിയർമാരാണ്. കേരളമെമ്പാടും യുവാക്കളുടെ പല സന്നദ്ധ പ്രവർത്തനങ്ങൾക്കും ജോളിയുടെ നേതൃത്വമുണ്ട്. 

92 വാട്സാപ് ഗ്രൂപ്പുകളുമായി 12,000 വൊളന്റിയർമാരെ കൂട്ടിയിണക്കുന്ന ‘പ്രചോദനം’. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായുള്ള ‘സ്െപഷൽ കാർണിവൽസ്’, കുട്ടികൾക്കായുള്ള കൈറ്റ് ഫെസ്റ്റിവൽസ്, വിവിധ സ്ഥാപനങ്ങളും കോളജുകളും സന്ദർശിക്കാൻ അവസരമൊരുക്കൽ, പ്രളയപുനരധിവാസം എന്നിങ്ങനെ നീളുന്നു പ്രവർത്തനങ്ങൾ. കുട്ടികളെ നന്മയുള്ള പൗരന്മാരാക്കുക എന്ന സ്വപ്നവുമായി മി, ദ് ചെയ്ഞ്ച്, പ്രായമായവർക്കായി സഞ്ജീവനി എന്നീ പദ്ധതികളും ആരംഭിച്ചു.കഴക്കൂട്ടം മേനംകുളത്ത് എച്ച്ടുഒ സെന്ററിലെ ഒരേക്കറോളം സ്ഥലത്തെ കൃഷി, വിദ്യാർഥികൾക്കുള്ള ഹോർട്ടികൾചർ തെറപ്പിയുടെ കൂടി ഭാഗമാണ്. ജോളിക്കു പിന്തുണയുമായി ഭർത്താവ് ജോസഫ് മട്ടയ്ക്കലും കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com