ADVERTISEMENT

കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ലോകം. മരണസംഖ്യ ഉയരുന്നതായുള്ള  വാർത്തകൾക്കിടയിലും രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്ന  വാർത്തകൾ  ആശ്വാസം തന്നെയാണ്. അത്തരത്തിൽ ഒരാളാണ് സാറ ഹാൾ. മരണത്തോട് മല്ലിട്ട ആ ദിനങ്ങളുടെ ഓർമ ലോകത്തോടു പങ്കുവയ്ക്കുകയാണ്  സാറ.

മാർച്ച് ആദ്യവാരത്തിലാണ് സാറയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ ശ്വാസകോശത്തിനും കരളിനുമെല്ലാം നേരത്തെ  തന്നെ ചികിത്സ തേടുന്ന വ്യക്തിയായതിനാൽ അതിന്റെ അസ്വസ്ഥതകളായിരിക്കുമെന്ന് ആദ്യം കരുതി. ടീച്ചറായ സാറ സ്കൂളിൽ പോകാതെ വീട്ടില്‍  തന്നെ  ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങി.

ചെറിയ രീതിയിലുള്ള ശ്വാസതടസമാണ് ആദ്യം അനുഭവപ്പെട്ടതെങ്കിലും ക്രമേണ ജലദോഷവും ബാധിച്ചു. ചെറിയ തോതിൽ ചുമയും. എന്നാൽ സാധാരണയായി വരുന്ന ജലദോഷമായിരിക്കുമെന്നു കരുതി സാറ അത് കാര്യമാക്കിയില്ല. തുടർന്ന് വീട്ടില്‍ 14 ദിവസം ഐസൊലേഷനിൽ ഇരിക്കാൻ സാറ തീരുമാനിച്ചു. എന്നാൽ ക്രമേണ നില വഷളാകുന്നതായി സാറയ്ക്ക് ‌തോന്നി. 

തുടർന്ന് എൻഎച്ച്എസിൽ വിളിച്ച് തന്റെ അവസ്ഥ  പറഞ്ഞു. ‘ശ്വസിക്കാന്‍ എനിക്ക് വളരെ പ്രയാസമായിരുന്നു. നിരന്തരം തലചുറ്റൽ അനുഭവപ്പെട്ടു. മറ്റ് അസ്വസ്ഥതകൾ ഒന്നും അപ്പോൾ അനുഭവപ്പെടാത്തതുകൊണ്ട് എനിക്ക് ഭയം തോന്നിയില്ല. ഞാൻ ശാന്തമായിരുന്നു. ധാരാളം വെള്ളം കുടിച്ചു.’– സാറ പറഞ്ഞു. 

ധാരാളം വെള്ളം കുടിച്ചപ്പോൾ നല്ല ആശ്വാസം തോന്നി. എന്നാൽ, ആ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനു ശേഷം ജലദോഷം കൂടി. ശക്തമായ ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടു. മാത്രമല്ല, ഛർദിയും  തുടങ്ങി. ആശുപത്രിയിൽ പോകണോ എന്നകാര്യത്തിൽ സംശയിച്ച്  എൻഎച്ച്എസിലേക്ക് വിളിച്ചു. അവർ വന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിക്കുമെന്ന് കരുതി. എന്നാൽ, മൂന്ന് തവണ വിളിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് എത്തിയത്. ഇതിനിടെ തന്റെ അവസ്ഥ സുഹൃത്തിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം എത്തിയാണ്  ആശുപത്രിയിലെത്തിച്ചതെന്നും സാറ പറയുന്നു. കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായിരുന്നു ഫലം

ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം സാറ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല. ആ ദിവസങ്ങളിൽ മരിച്ചു പോകുമെന്നു വരെ തോന്നി എന്നും എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നതായും സാറ പറഞ്ഞു. അതുകൊണ്ട് തന്നെ പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും സാറ അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com