ADVERTISEMENT

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രശസ്ത ബോളിവുഡ് താരം പുനം പാണ്ഡെ. ഞായറാഴ്ച രാത്രി പുനം അറസ്റ്റിലായി എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഞായര്‍ രാത്രി ‘മൂവി മാരത്തോണിലായിരുന്നുവെന്നും’ പൂനം പറയുന്നു. തന്റെ അവകാശവാദം ശരിയാണെന്നു സ്ഥാപിക്കാന്‍ ഒരു വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

‘മൂവി മാരത്തോണിലായിരുന്നു ഞാന്‍. അതായത്, തുടര്‍ച്ചയായി കണ്ടതു മൂന്നു സിനിമകള്‍. കുറേയധികം കോളുകള്‍ എനിക്കു ലഭിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടത് സത്യമാണോ എന്നു തിരക്കാന്‍. ചില വാര്‍ത്തകളും കണ്ടു. എന്നാല്‍ എല്ലാം തെറ്റായ പ്രചാരണമാണ്. എന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു നിര്‍ത്തൂ. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. സുഖമായിരിക്കുന്നു. എല്ലാവര്‍ക്കും എന്റെ സ്നേഹം- വിഡിയോയില്‍ പുനം പറയുന്നു.

മൂന്നു സിനിമകള്‍ അടുപ്പിച്ചു കണ്ട മൂവി മാരത്തോണ്‍ ആണു പ്രശ്നമായതെന്നാണ് പൂനത്തിന്റെ വിശദീകരണം. ആഡംബര കാറില്‍ സുഹൃത്ത് സം അഹമ്മദ് ബോംബെയ്ക്കൊപ്പം കറങ്ങിനടന്നപ്പോള്‍ മുംബൈ പൊലീസ് പുനത്തെ അറസ്റ്റ് ചെയ്തു എന്നായിരുന്നു കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ വീട്ടില്‍ തന്നെയായിരുന്നു എന്നാണ് താരം തെളിവു സഹിതം വാദിക്കുന്നത്. പുനത്തിനും സുഹൃത്തിനുമെതിരെ, രോഗം പരത്താന്‍ മനഃപൂര്‍വം ശ്രമിച്ചു എന്നതിന്റെ പേരില്‍ കേസ് എടുത്തെന്നുതന്നെയാണ് മുതിര്‍ന്ന പൊലീസ് ഓഫിസര്‍ മൃത്യുഞ്ജയ് ഹിരെമത് പറയുന്നത്.

വിവാദ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നേരത്തെയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട് പുനം. 2011 ല്‍ വലിയൊരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായും പൂനം മാറിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പ് നേടുകയാണെങ്കില്‍ താന്‍ നഗ്നയായി പ്രത്യക്ഷപ്പെടാനും തയാറാണെന്നായിരുന്നു അന്നത്തെ വിവാദപ്രസ്താവന. 2013 ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് സിനിമകളില്‍ അടുത്തകാലത്ത് കാണാനില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമാണ്. 

English Summary: Poonam Pandey denies getting arrested for violating lockdown: I was having a movie marathon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com