ADVERTISEMENT

ജീവിതത്തിൽ പലപ്രതിസന്ധികളിലൂടെയും കടന്നു പോയവരായിരിക്കും സ്ത്രീകൾ. കുടുംബത്തിനുള്ളിൽ തന്നെ അവർ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വാർത്തകൾ ദിനംപ്രതി നമ്മെ തേടി വരാറുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിട്ട് ജീവിതം തിരിച്ചു പിടിച്ചവരും നമുക്കിടയിൽ കുറവല്ല. അക്കൂട്ടത്തിൽ ഒരാളാണ് ഹോളിവുഡ് താരം എമിലി ലോയ്ഡ്. 16–ാം വയസ്സിൽ ‘വിഷ് യു വേർ ഹിയർ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ലോയ്ഡ് സ്വന്തം വീട്ടിൽ നിന്നും നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

വീട്ടിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ തുടർന്ന് വർഷങ്ങളോളം വിഷാദ രോഗത്തിനും എമിലി അടിമപ്പെട്ടു. 30 വർഷങ്ങൾക്കു മുൻപ് മാനസീകമായി തകർന്നു പോയതിനെ കുറിച്ച് താരം ഓർമിക്കുന്നത് ഇങ്ങനെ: ‘ നിരവധി അസുഖങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. എന്നാൽ എന്നോട് ചോദിച്ചാൽ ഞാൻ പറയും. ഒരാൾക്ക് ബാല്യത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ അവരെ ഒരുപക്ഷേ, ഭ്രാന്തിയാക്കിയേക്കും. മകളെ ഒരു മാനസീക രോഗിയാക്കിയത് എന്താണെന്ന് എന്റെ അമ്മയോട് ചോദിച്ചാൽ അഞ്ചാമത്തെ വയസ്സു മുതൽ അത്രയേറെ മോശം അനുഭവം അവൾക്ക് ഉണ്ടായിട്ടുണ്ടെന്ന് അവർ പറയും.’

താൻ അനുഭവിച്ച ഭീകരമായ അവസ്ഥയെ കുറിച്ച് 18–ാമത്തെ വയസ്സിലാണ് എമിലി അമ്മയോട് തുറന്നു പറഞ്ഞത്. അതികഠിനമായ പീഡനങ്ങൾക്കാണ് അഞ്ചാം വയസ്സു മുതൽ ഇരയായത്. രണ്ടാനച്ഛനിൽ നിന്നായിരുന്നു കൊടിയ പീഡനം. രണ്ടാനചഛ്നും അമ്മയും വിവാഹമോചിതരായതിനു ശേഷമാണ് താൻ ഇക്കാര്യങ്ങളെല്ലാം അമ്മയോടു പറഞ്ഞതെന്നും എമിലി പറയുന്നു.  പീഡിപ്പിച്ച ആൾക്കൊപ്പം 10 വർഷത്തോളം അതേ വീട്ടിൽ താമസിക്കേണ്ട ഗതികേടുണ്ടായെന്നും അവർ വെളിപ്പെടുത്തി. 

‘എന്റെ വീട്ടിൽ എന്തെല്ലാം സാധനങ്ങളിൽ അയാളുടെ സ്പർശനം ഉണ്ടായിരുന്നോ അതെല്ലാം കഴുകിയാണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഞാൻ എപ്പോഴും എന്റെ കൈകളും കഴുകിക്കൊണ്ടിരുന്നു. എല്ലാം എനിക്ക് അഴുക്കായി തോന്നി. മകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടപ്പോൾ അമ്മ ഒരു സൈക്കാട്രിസ്റ്റിന്റെ അരികിൽ കൊണ്ടുപോയി. പക്ഷേ, എന്റെ അർധ സോഹദരി ഷാർലറ്റിന്റെ പിതാവ് ഉപദ്രവിക്കുന്നുണ്ടെന്ന കാര്യം എന്തുകൊണ്ടോ എനിക്കപ്പോൾ പറയാൻ സാധിച്ചില്ല. ആ സംസാരം മറ്റുദിശയിലേക്ക് തിരിച്ചു വിടാൻ ഞാൻ ശ്രദ്ധിച്ചു. അതിനുശേഷം 18 വയസ്സുള്ളപ്പോഴാണ് അമ്മയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. വർഷങ്ങളോളം അയാൾ പീഡിപ്പിച്ചതായി അമ്മയോട് പറഞ്ഞു. അമ്മ അക്കാര്യം ഷാർലെറ്റിനോട് പറയുകയും ചെയ്തു. അയാൾ പിന്നീട് അധികകാലം ഞങ്ങൾക്കൊപ്പം ഉണ്ടായിട്ടില്ല. നിങ്ങൾ അധികകാലം ജീവിക്കില്ല. നിങ്ങൾക്ക് നരകമാണ് വിധി എന്നായിരുന്നു എല്ലാം കേട്ടശേഷം പിതാവിനോടുള്ള ഷാർലെറ്റിന്റെ പ്രതികരണം. 15 വർഷം മുൻപ് അയാൾ മരിച്ചു.’ – എമിലി പറയുന്നു. 

ഇക്കാര്യം അറിഞ്ഞതിനു ശേഷം ഒരിക്കൽ പോലും പിതാവിനോട് സംസാരിക്കാൻ ഷാർലെറ്റ് തയാറായില്ലെന്നും എമിലി ഓർമിച്ചു. ‘ഇത് കേട്ടപ്പോഴുണ്ടായ അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചിരുന്നു. ഞാൻ എന്റെ സഹോദരിയെ വളരെ ഏറെ സ്നേഹിക്കുന്നു. ഒരു സഹോദരി എന്നതിലുപരി അവള്‍ എനിക്ക് നല്ല സുഹൃത്തു കൂടിയാണ്. ഇക്കാര്യം അറിഞ്ഞ ശേഷം ഞങ്ങളുടെ അമ്മ അയാളുടെ ഓർമകൾ പോലും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു.’– എമിലി വ്യക്തമാക്കി. 

English Summary: Emily Lloyd About Her Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com