ADVERTISEMENT

കോവിഡ് എന്ന മഹാമാരി ഒട്ടേറെ രൂപങ്ങളില്‍ മനുഷ്യരെ കാര്‍ന്നുതിന്നുന്നതു വ്യാപകമായതോടെ മാനസിക, ശാരീരിക പ്രശ്നങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്. സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്കൊപ്പം മദ്യത്തിലും ലഹരിമരുന്നുകളിലും അഭയം തേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായാണു കണക്കുകള്‍. ഇത് ഒരു രാജ്യത്തു മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രശ്നവുമല്ല. മിക്ക രാജ്യങ്ങളിലും ആത്മഹത്യകളും മാനസിക തകര്‍ച്ചകളും വ്യാപകമാകുന്നതായി പുതിയ കണക്കുകള്‍ പുറത്തുവരുന്നുമുണ്ട്. ഇതിനിടെ, മദ്യത്തിനും ലഹരിമരുന്നിനും അടിമയാകുന്നവര്‍ അക്കാര്യം തുറന്നുപറയുകയും സഹായം സ്വീകരിക്കാന്‍ തയാറാകുകയും ചെയ്യണമെന്ന അഭ്യര്‍ഥനയുമായി ബ്രിട്ടീഷ്് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ  കേറ്റ് മിഡില്‍ടണ്‍ രംഗത്ത്. ക്ലൗഡ്സ് ഹൗസ് എന്ന പുനരധിവാസ കേന്ദ്രത്തിലെ താമസക്കാരോടും ജീവനക്കാരോടും അധികൃതരോടും  നടത്തിയ വിഡിയോ അഭ്യര്‍ഥനയ്ക്കിടെയാണ് ലോകം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വ്യാധിയിലേക്ക്  കേറ്റ് ശ്രദ്ധ ക്ഷണിച്ചത്. 

യഥാര്‍ഥത്തില്‍ സഹായം വേണ്ടവര്‍ അക്കാര്യം അധികൃതരെയോ വേണ്ടപ്പെട്ടവരെയോ അറിയിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് തെറ്റായ പ്രവണതയാണ്. തങ്ങള്‍ക്ക് ഒരിടത്തു നിന്നും സഹായം കിട്ടില്ലെന്ന ചിന്തയായിരിക്കും ഈ ചിന്താഗതിയിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. തങ്ങള്‍ അടിമകളാണെന്ന യാഥാര്‍ഥ്യം മനസിലാക്കാത്തവരുമുണ്ട്. അവരെ മറ്റുള്ളവരാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടത്. പ്രശ്നങ്ങളെക്കുറിച്ചു തുറന്നുപറയുക എന്നതാണ് പ്രധാനം. സഹായിക്കാന്‍ കേന്ദ്രങ്ങളും വ്യക്തികളുമുണ്ടെന്ന് എല്ലാവരും ദയവുചെയ്തു മനസിലാക്കുക. ഇതൊരു കഠിന കാലമാണ്. എല്ലാവരും ഒത്തൊരുമിച്ചു നിന്നാല്‍ മാത്രമേ ഈ ദുഷ്കര കാലത്തെ കടന്നുപോകാന്‍ കഴിയൂ. അതിനാല്‍, പ്രശ്നങ്ങളെക്കുറിച്ചു തുറന്നുപറയുക. സഹായം തേടുക. ആവശ്യക്കാര്‍ക്ക് സഹായവും സഹകരണവുമായി അധികൃതര്‍ സന്നദ്ധരാകുക- കേറ്റ് അഭ്യര്‍ഥിച്ചു. 

ക്ലൗഡ്സ് ഹൗസ് ചീഫ് എക്സിക്യൂട്ടീവ് ഗ്രഹാം ബീച്ച്, ക്ലിനിക്കല്‍ തലവന്‍ ഡോ.സിമോണ്‍ യൂള്‍, അന്യ സ്പാര്‍ക്സ് എന്നിവരുമായും കേറ്റ് ദീര്‍ഘനേരം സംസാരിച്ചു. സഹായം തേടി പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടോ എന്ന് കേറ്റ് അധികൃതരോട് അന്വേഷിച്ചു. 

മദ്യപാനം മൂലമുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ പ്രധാനമായും കാണുന്നത്. മദ്യവില്‍പന അസാധാരണമായി കൂടിയിട്ടുണ്ട്. ലോക് ഡൗണ്‍ ക്രമേണ നീക്കിത്തുടങ്ങിയതോടെ മദ്യത്തിന് അടിമയാകുന്നവരുടെ എണ്ണവും കൂടുകയാണ്. സമൂഹത്തില്‍ വളര്‍ന്നവരുന്ന അസംതൃപ്തി കൂടിയാകുമ്പോള്‍ ഇത് ഭാവിയില്‍ വലിയൊരു സാമൂഹിക വിപത്ത് ആകുമെന്നാണ് കരുതുന്നത്- ഡോ. സിമോണ്‍ യൂള്‍ അഭിപ്രായപ്പെട്ടു. ക്ലൗഡ്സ് ഹൗസ് പുനരധിവാസ കേന്ദ്രം ജീവനക്കാരെ ഹൃദയംഗമമായി പ്രശംസിക്കാനും കേറ്റ് മറന്നില്ല. 

ഒരാള്‍ പോലും കഷ്ടപ്പെടുന്നത്, അതും മാനസികമായി ദുരിതം അനുഭവിക്കുന്നത് അങ്ങേയറ്റം ദയനീയമാണ്. അത്തരക്കാരെ എത്രയും വേഗം രക്ഷപ്പെടുത്തുക എന്നത് സമൂഹതത്തിന്റെ കര്‍ത്തവ്യമാണ്. കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ഇക്കാര്യത്തില്‍ വളരെ വലിയ പങ്കാണുള്ളത്. പുനരധിവാസ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതെല്ലാം ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് എനിക്കറിയാം. അവയെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ലഭിക്കട്ടെ -കേറ്റ് ആശംസിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com