ADVERTISEMENT

യുഎസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചു മൗനം പാലിക്കുക എന്ന ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പാരമ്പര്യത്തെ തിരുത്തിക്കുറിച്ച് ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ. ഇത്തവണ മാറ്റത്തിനു തയാറാകണമെന്ന് വ്യാഖ്യാനിക്കാവുന്ന മേഗന്റെ വാക്കുകളാണ് ഇപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും സംസാരവിഷയം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരെയാണ് മേഗൻ സംസാരിച്ചതെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. എന്നാൽ കൂടുതൽ വിശദീകരണത്തിൽനിന്ന് മേഗൻ ഒഴിഞ്ഞുമാറിയതോടെ അഭ്യൂഹങ്ങൾ യുഎസ് രാഷ്ട്രീയ രംഗത്ത് വ്യാപിക്കുകയാണ്.

‘വെൻ വി ഓൾ വോട്ട്’ എന്ന പേരിൽ വോട്ടർമാരുടെ പ്രാതിനിധ്യം കൂട്ടാൻവേണ്ടിയുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുത്തായിരുന്നു മേഗന്റെ വിവാദ പരാമർശം. മുൻ പ്രഥമ വനിത മിഷേൽ ഒബാമ, നടൻ ടോം ഹാംങ്ക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ് പ്രചാരണം സംഘടിപ്പിച്ചത്.

ഈ വർഷം എന്താണ് കാത്തിരിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. എനിക്കുറപ്പുണ്ട്, നിങ്ങൾക്ക് രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായി അറിയാമെന്ന്. നമുക്ക് വേണ്ടത് ഒരു മാറ്റമാണ്. നാമെല്ലാം അത് അർഹിക്കുന്നു. മാറ്റം വരുത്താൻ ആവേശത്തോടെ, കാത്തിരിക്കുകയാണ് നിങ്ങൾ എന്നു ഞാൻ കരുതുന്നു. നമുക്ക് മുൻപുള്ളവരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് നാം വോട്ട് ചെയ്യുന്നത്; നമുക്കു പിന്നാലെ വരുന്ന ഭാവി തലമുറയ്ക്കുവേണ്ടിയും. കാരണം ഒരുമിച്ചുള്ള ഒരു സമൂഹത്തിൽ വോട്ട് ചെയ്യുക എന്നത് അത്യാവശ്യമാണ്. വരുന്ന തിരഞ്ഞെടുപ്പ് എല്ലാ അർഥത്തിലും അതുകൊണ്ടുതന്നെ പ്രധാനപ്പെട്ടതാണ് – മേഗൻ അഭിപ്രായപ്പെട്ടു.

നവംബർ 3 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ നേരിടുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് മേഗൻ ഒരുവാക്കുപോലും പറ‍ഞ്ഞില്ല. ഈ വർഷം ആദ്യമാണ് ബ്രിട്ടിഷ് രാജകുടുംബത്തിൽ നിന്ന് വേർപെട്ട് ഹാരിയും മേഗനും മകൻ ആർച്ചിക്കൊപ്പം കലിഫോർണിയയിൽ എത്തിയത്. ആർച്ച്‍വെൽ എന്ന പേരിൽ ഒരു സന്നദ്ധ സംഘടന പ്രഖ്യാപിച്ച ഹാരിയും മേഗനും സേവന, സന്നദ്ധ പ്രവർത്തനങ്ങൾ യുഎസിലും തുടരാനാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ വംശജനായ അമേരിക്കക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെക്കുറിച്ചും ഇക്കഴിഞ്ഞ ജൂണിൽ മേഗൻ പ്രതികരിച്ചിരുന്നു. മേഗന്റെ അമ്മയും കറുത്ത വർഗക്കാരിയാണ്. സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ വ്യക്തിത്വം സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാരിയും മേഗനും യുഎസിൽ സ്ഥിരതാമസത്തിന് എത്തിയതുതന്നെ. പിന്നീടുള്ള അവരുടെ വാക്കുകളിലും പ്രവൃത്തികളിലും നിറ‍ഞ്ഞുനിൽക്കുന്നതും സ്വാതന്ത്ര്യബോധം തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com