sections
MORE

ക്ലാസില്‍ അയാളെന്റെ മാറിടം ‘സ്കാൻ’ ചെയ്യും; പ്രതിരോധിക്കാൻ പഠിപ്പിച്ചത് അമ്മ- വൈറൽ കുറിപ്പ്

girl-harassement
SHARE

പലപ്പോഴും അധ്യാപകരിൽ നിന്ന് കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെടാറുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പിൽ എങ്ങനെ പ്രതികരിക്കണം എന്നുപോലും വിദ്യാർഥികൾക്ക് അറിയില്ല. ഭയം കാരണം മാതാപിതാക്കളോട് തുറന്നുപറയാൻ പോലും ചിലർ മടിക്കും. എന്നാൽ അത്തരമൊരു സാഹചര്യത്തെ ധൈര്യപൂർവം നേരിട്ട ഒരു പെൺകുട്ടിയുടെ അനുഭവം പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ. അമ്മ നൽകിയ പാഠമാണ് ജീവിതത്തിൽ തനിക്ക് കരുത്ത് പകർന്നുനൽകിയതെന്ന് പെൺകുട്ടി പറയുന്നു.

കുറിപ്പ് വായിക്കാം

“അടുത്തിടെ, 60 വയസ്സുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കൽ സംഗീത പഠനത്തിനായി ഞാൻ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാൽ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസ്സിൽ എന്റെ കസേര അടുപ്പിച്ച് അയാളെന്റെ കൈകളിൽ തൊടാൻ തുടങ്ങി. എന്റെ കൈകൾക്കും നെഞ്ചിനും മുകളിലൂടെ അയാൾ കണ്ണുകൾ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി.

കുറച്ചുദിവസങ്ങൾക്ക് ശേഷം അയാളെന്റെ അടുത്തുവന്ന് എന്റെ ചുണ്ടുകളിൽ സ്പർശിച്ചു. എനിക്ക് വെറുപ്പ് തോന്നി, അയാളെ തള്ളിമാറ്റാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ പാടുമ്പോൾ അയാൾ എന്റെ കൈകളിലും ശരീരത്തിലും സ്പർശിച്ചുകൊണ്ടിരുന്നു. അയാളുടെ കൈ എന്റെ പുറകിലേക്ക് വീഴുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഞാൻ പൂർണ്ണമായും മരവിച്ചുപോയി. അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് അറിയില്ലായിരുന്നു.

ക്ലാസ് അവസാനിച്ച ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി. തെറ്റ് ചെയ്ത അയാൾ കരയുന്നില്ല, പക്ഷെ ഒന്നും ചെയ്യാത്ത ഞാൻ കരയുന്നു. അന്ന് അമ്മ എന്റെ മുറിയിൽ വന്നു. ഞാൻ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞു. ഇനിയവിടെ പാട്ടു പഠിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞു. എന്നാൽ അയാളെ വെറുതെ വിട്ടാൽ മറ്റു പെൺകുട്ടികളോടും ഇതുതന്നെ ചെയ്യുമെന്ന് അമ്മ വിശദീകരിച്ചു. അതുകൊണ്ട് അടുത്ത ക്ലാസ്സിൽ അമ്മയും ഒപ്പം ഇരിക്കാമെന്ന് സമ്മതിച്ചു.

അയാൾ വീണ്ടും എന്റെ കൈകളിൽ സ്പർശിച്ചു. എന്റെ അമ്മ ചോദിച്ചു, ‘ഇത് സ്പർശിക്കുന്നത് ആവശ്യമാണോ?’. അയാൾ പ്രതിരോധം തീർക്കുന്നത് പോലെ മറുപടി പറഞ്ഞു, ‘പിന്നെങ്ങനെ ഞാൻ പഠിപ്പിക്കും?’. അമ്മ പറഞ്ഞു, ‘ഇത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് നിർത്തുക. ഇല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ ഒഴിവാക്കും’. ‘നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ’- അയാൾ മറുപടി പറഞ്ഞു. പിന്നീട് ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എന്നാൽ തുറിച്ചുനോക്കുന്നത് പിന്നേയും തുടർന്നു. ഓരോ ക്ലാസിലും അയാളെന്റെ നെഞ്ച് സ്കാൻ ചെയ്യും. അയാളെ പേടിച്ചു എന്നെത്തന്നെ മറച്ചുപിടിക്കേണ്ടിവന്നു. എന്നിട്ടും അയാൾ ഉറ്റുനോക്കും. ഒടുവിൽ ഞങ്ങൾ അയാളോട് പോകാൻ പറഞ്ഞു.

ഇതിങ്ങനെ അവസാനിച്ചതിൽ എനിക്ക് ആശ്വാസമുണ്ട്. എന്നാൽ അതിലും പ്രധാനമായി, പ്രതികരിക്കാൻ അമ്മ എന്നെ പഠിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്കിപ്പോൾ 17 വയസ്സാണ്, ഇനിയൊരു വലിയ കാലഘട്ടം തന്നെ എന്റെ മുന്നിലുണ്ട്. ജീവിതത്തിൽ തെന്നിവീഴാതെ മുന്നോട്ടുപോകുന്നത് എത്രത്തോളം സുപ്രധാനമാണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാം.”

English Summary: Viral Facebook Post Against Sexual Assault

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA