sections
MORE

അമ്മയായിരുന്നു പ്രചോദനം; യുഎസിനായി പ്രവർത്തിക്കേണ്ടത് കടമ: കമല ഹാരിസ്

kamala-harris
SHARE

തളരാതെ പോരാടാനും പരാജയത്തെ ഭയക്കാതെ മത്സരങ്ങളില്‍ പങ്കെടുക്കാനും തന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തി കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയായ കമല, തിരഞ്ഞെടുപ്പ് പ്രചാരത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹരിക്കന്‍ ആഹ്വാനം ചെയ്തു കൊണ്ടെഴുതിയ ഇമെയ്‍ലിലാണ് തന്റെ ജീവിതത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും വാചാലയായത്. 

അലസയായി ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യൂ എന്ന് അമ്മ ശ്യാമള ഗോപാലന്‍ എന്നോടു പറയുമായിരുന്നു. വെറുതെയിരുന്ന്, പരാതിപ്പെടാന്‍ എളുപ്പമാണ്. അതാണ് പലരും പതിവായി ചെയ്യുന്നതും. എന്നാല്‍ എന്നെ നയിക്കുന്നത് അമ്മ ശ്യാമളയുടെ വാക്കുകളാണ്. ജീവിതത്തില്‍ എന്നും സജീവമായിരിക്കാന്‍. പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍. വിഷമമേറിയ ചോദ്യങ്ങളുടെ പോലും ഉത്തരങ്ങള്‍ കണ്ടെത്താന്‍- കമല പറയുന്നു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരിഞ്ഞെടുത്തപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച് താന്‍ ഒരു നിമിഷം പോലും ആലോചിച്ച് വിഷമിച്ചില്ലെന്നും കമല പറയുന്നു. 

ഞാന്‍ എന്തു ചെയ്യണമെന്നാണോ അമ്മ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ പ്രയാസകരമായ ഈ ദൗത്യം ഏറ്റെടുത്തു. ഇപ്പോള്‍ അമേരിക്കയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് എന്റെ കടമയാണ്. അതു ഞാന്‍ തിരിച്ചറിയുന്നു- ഒരു പ്രധാന പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ കറുത്ത വംശക്കാരിയായ കമല അഭിമാനത്തോടെ പറയുന്നു. 

ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ജനങ്ങളെ സേവിക്കാന്‍ ലഭിച്ച അവസരത്തില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവതിയാണ്- തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് കമല അനുയായികളോടു പറഞ്ഞു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വര്‍ധിച്ച ജനപിന്തുണ തന്റെ കരുത്താണെന്ന് കമല ആവര്‍ത്തിച്ചു വിശ്വാസം പ്രകടപിപ്പിച്ചു. ഇത്തവണ എല്ലാ റെക്കോര്‍ഡും തിരുത്തിക്കുറിച്ച് ഫണ്ട് സ്വരൂപിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പ്രസിദ്ധ ഷെഫ് പദ്മ ലക്ഷ്മിയും നടന്‍ ബില്ലി പോര്‍ട്ടറിനുമൊപ്പം പങ്കെടുത്ത ചടങ്ങിലും തന്റെ അമ്മ അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത കാര്യം കമല ചൂണ്ടിക്കാട്ടിയിരുന്നു. ഓക്‌ലൻഡിൽ കുട്ടിക്കാലത്ത് ആ പോരാട്ടങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അവര്‍ അനുസ്മരിച്ചു. 

തിരക്കേറിയ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നതെങ്കിലും ഞായറാഴ്ചകളില്‍ കുടുംബത്തിനുവേണ്ടിയുള്ള അത്താഴം താന്‍ തന്നെയാണ് തയാറാക്കുന്നതെന്നും കമല പറയുന്നു. ഇന്ത്യയില്‍ നിന്ന് 19-ാം വയസ്സില്‍ അമേരിക്കയിലേക്കു കുടിയേറിയ തന്റെ അമ്മ ശ്യമാള ഗോപാലന്‍ മികച്ച പാചകക്കാരിയായിരുന്നുവെന്നും കമല അനുസ്മരിച്ചു. മികച്ച പാചകക്കുറിപ്പുകള്‍ എവിടെകണ്ടാലും ശേഖരിച്ചു സൂക്ഷിക്കുകയും സമയം കിട്ടുമ്പോള്‍ പരീക്ഷിച്ചു നോക്കാറുമുണ്ട് കമല.

English Summary: Inspired by mother, Kamala Harris says she had to do something when ‘so much is on the line’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA