ADVERTISEMENT

പ്രതിസന്ധിയിൽ തളരാതെ സധൈര്യം മുന്നിട്ടിറങ്ങിയാൽ ഏതു കൊടുമുടിയും കാൽച്ചുവട്ടിൽ എത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചു തരികയാണ് ആൻഡ്രിയ മേസൺ എന്ന ബ്രിട്ടീഷ് വനിത. ജീവിതത്തിന്റെ നല്ലൊരുഭാഗവും അസുഖങ്ങൾ കൊണ്ടു പോയ ശേഷവും അവിടെനിന്നും ഉയർത്തെഴുന്നേറ്റ് ആൻഡ്രിയ നേടിയെടുത്തത് ഒരു വലിയ റെക്കോർഡാണ്. അതും കായികാധ്വാനം ഏറെ ആവശ്യമായ ട്രയത്‌ലൺ 5 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ ആദ്യ വനിത എന്ന റെക്കോർഡ്.

530 ലധികം കിലോമീറ്റർ ദൂരമാണ് ട്രയത്‌ലണിൽ നീന്തിയും ഓടിയും സൈക്കിൾ ചവിട്ടിയും 39 കാരിയായ ആൻഡ്രിയ അഞ്ചു ദിവസം കൊണ്ട് പിന്നിട്ടത്. കൗമാരകാലത്തു തന്നെ ആർത്തവസംബന്ധമായ എൻഡോമെട്രിയോസിസ് എന്ന രോഗം ആൻഡ്രിയയെ ബാധിച്ചിരുന്നു. പിന്നീട് പരിശോധനയിൽ സെർവിക്കൽ കാൻസറും ബാധിച്ചതായി കണ്ടെത്തി. 2017 ൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആൻഡ്രിയ സർജറിക്ക് വിധേയയായിരുന്നു. രോഗബാധിതയായിരുന്ന കാലയളവിലാണ് യുകെയിലെ നാലിൽ ഒരു സ്ത്രീക്ക് പ്രത്യുദ്പാദന സംബന്ധമായ രോഗം ഉള്ളതായി ആൻഡ്രിയ തിരിച്ചറിഞ്ഞത്. രോഗമുക്തി നേടിയ ശേഷം പിന്നീടങ്ങോട്ട് ഇതേകുറിച്ച് സ്ത്രീകൾക്ക് ബോധവൽക്കരണം നൽകാൻ തന്നാൽ ആവുന്നതെല്ലാം ചെയ്യണം എന്ന ചിന്തയായിരുന്നു.

സ്ത്രീകൾ നേരിടുന്ന പ്രത്യുത്പാദന സംബന്ധമായ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും തുറന്ന സംസാരങ്ങൾ ഉണ്ടാകുവാനുള്ള  അവസരം ഒരുങ്ങണം എന്ന ലക്ഷ്യത്തോടെ 'ലേഡി ടോക്ക് മാറ്റേഴ്സ്' എന്ന പദ്ധതിക്ക് ആൻഡ്രിയ രൂപം നൽകിയിരുന്നു. തന്റെ ക്യാമ്പയിനിനെക്കുറിച്ചുള്ള അറിവ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 2019 ൽ ഇംഗ്ലീഷ് ചാനലിൽ നീന്തുകയും, ഫ്രാൻസിലെ കലൈസ് മുതൽ ഷമോനി വരെയുള്ള 130ഓളം കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടുകയും, മോണ്ട് ബ്ലാങ്ക് പർവ്വതം കയറുകയും ചെയ്തിരുന്നു. ഇതിൽനിന്നെല്ലാം ലഭിച്ച പരിശീലനങ്ങളാണ് ട്രയത്ലോൺ ചുരുങ്ങിയ ദിവസംകൊണ്ട് നടത്താൻ ആൻഡ്രിയയ്ക്ക് പ്രചോദനമായത്.

അഞ്ചു ദിവസത്തിനുള്ളിൽ 38 കിലോമീറ്റർ വിസ്തൃതിയുള്ള അന്നെസി തടാകത്തിൽ നീന്തുകയും മോണ്ട് ബ്ലാങ്ക് പർവ്വതത്തിന് ചുറ്റും 130 കിലോമീറ്റർ സൈക്കിൾ ചവിട്ടുകയും 170 കിലോമീറ്റർ ദൂരം ഓടുകയും ആൻഡ്രിയ ചെയ്തു തീർത്തത്. ഇത് നേടിയെടുക്കുക എന്നത് തികച്ചും ശ്രമകരമായ ദൗത്യമായിരുന്നു എന്ന് ആൻഡ്രിയ പറയുന്നു. ശാരീരികമായ അസ്വസ്ഥതകൾ മൂലം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചാലോ എന്ന് വരെ തോന്നി പോയിരുന്നു. എന്നാൽ വലിയ ഒരു ലക്ഷ്യത്തിലേക്കാണ് തന്റെ യാത്രയെന്ന് തിരിച്ചറിഞ്ഞതിനാൽ  എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ കടമ്പകൾ കടക്കാൻ ആയിരുന്നു ആൻഡ്രിയയുടെ തീരുമാനം.

റെക്കോർഡ് നേടാനായതോടെ തൻറെ ഉദ്യമങ്ങൾ കൂടുതൽ ഫലംകണ്ടു തുടങ്ങുമെന്നാണ് ഇപ്പോൾ ആൻഡ്രിയയുടെ പ്രതീക്ഷ. സ്ത്രീകളെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും അത് തുറന്നു സംസാരിക്കേണ്ടവയാണ് എന്ന തിരിച്ചറിവ് നൽകുന്നതിനും വേണ്ടി സ്വന്തം ശരീരം പോലും മറന്നുകൊണ്ട്  ഇത്രയും വലിയ സാഹസത്തിന്  മുതിർന്ന ആൻഡ്രിയയെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

English Summary: Cancer Survivor Becomes First Woman To Complete Grueling Triathlon Covering 330 Miles in 5 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com