ADVERTISEMENT

ബോളിവുഡിലെ ലഹരി മാഫിയയ്ക്കും അനാശാസ്യ പ്രവണതകള്‍ക്കുമെതിരെ നിരന്തര യുദ്ധം പ്രഖ്യാപിച്ച് കങ്കണ റനൗട്ട് കത്തിക്കയറുന്നതിനിടെയാണ് ധൈര്യപൂര്‍വം അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിച്ച് ഒരാള്‍ എത്തുന്നത്. ജയ ബച്ചന്‍. അതും രാജ്യസഭയില്‍. ബോളിവുഡ് എന്താണെന്നും അതിന്റെ ചരിത്രമെന്താണെന്നും നന്നായി മനസ്സിലാക്കിയാണ് കങ്കണയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി കൊടുത്ത് ജയ സിനിമാ ലോകത്തോടുള്ള തന്റെ പ്രതിബദ്ധത തുറന്നുപ്രകടിപ്പിച്ചത്. പാല് കൊടുത്ത കയ്യില്‍ കൊത്തരുതെന്നായിരുന്നു ബോളിവുഡിന് എതിരെയുള്ള കങ്കണയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി ജയ പാര്‍ലമെന്റില്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ ഇത് ആദ്യമൊന്നുമല്ല ജയ ബച്ചന്‍ ബോളിവുഡിനു പിന്തുണ പ്രഖ്യാപിച്ചും സ്വന്തമായ അഭിപ്രായങ്ങള്‍ മറയില്ലാതെ പ്രകടിപ്പിച്ചും രംഗത്തെത്തുന്നത് എന്നതാണ് സത്യം. ഫെമിനിസ്റ്റാണെന്നും ബോളിവുഡിലെ പുരുഷ മേധാവിത്വത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കങ്കണ യുദ്ധം  നയിക്കുന്നതിനിടെയായിരുന്നു ജയയുടെ അപ്രതീക്ഷിതമായ പ്രത്യാക്രമണം. 

ബോളിവുഡില്‍ വളരുകയും രാജ്യമാകെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാകുകയും ചെയ്തതിനു ശേഷം അതേ ബോളിവുഡിനെ അഴുക്കുചാല്‍ എന്ന വിളിക്കരുതെന്നായാരുന്നു ജയയുടെ അപേക്ഷ. ഈ രീതിയില്‍ ഹിന്ദി സിനിമാ ലോകത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരണിക്കണെന്നും ജയ ആവശ്യപ്പെട്ടിരുന്നു. 

രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ കഴിവതും മൗനം പാലിക്കുകയും ആവശ്യം വരുമ്പോള്‍ മാത്രം കുറഞ്ഞ വാക്കുകളില്‍ പ്രതികരിക്കുകയും ചെയ്യുന്ന അമിതാബ് ബച്ചന്റെ സ്വാഭാവമല്ല ജയയ്ക്ക്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് ഉറക്കെ വ്യക്തമായി തന്നെ പറയാന്‍ ജയ മടി കാണിച്ചിട്ടില്ല. ആരൊക്കെ എന്തൊക്കെ വിചാരിക്കുന്നു എന്നതവരെ പിന്തിരിപ്പിച്ചിട്ടുമില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍, വനിതാ വെറ്ററിനറി ഡോക്ടരെ ഒരു സംഘം മാനഭംഗം ചെയ്തു കൊലപ്പെടുത്തിയപ്പോള്‍ ആക്രമണകാരികള്‍ നീതി അര്‍ഹിക്കുന്നില്ല എന്ന് ജയ ഉറപ്പിച്ചു പറഞ്ഞിരുന്നു. അവരെ കൈകാര്യം ചെയ്യാന്‍ ജനക്കൂട്ടത്തിന് വിട്ടുകൊടുക്കേണ്ടതാണെന്നുപോലും ദേഷ്യം നിയന്ത്രിക്കാനാവാതെ ജയ പൊട്ടിത്തെറിച്ചു. അക്കാലത്ത് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍, മോദി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു തന്നെ ജയ ഉറക്കെ പ്രഖ്യാപിച്ചു. 

2012- ല്‍ രാജ്യതലസ്ഥനാത്ത് നിര്‍ഭയ സംഭവം നടന്നപ്പോഴും ജയ പൊട്ടിത്തെറിച്ചിരുന്നു. ഈ രാജ്യത്തെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു. എല്ലാവരും എല്ലാം മറക്കും. എന്നാല്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഈ സംഭവം എന്നെങ്കിലും മറക്കാനാകുമോ? ശാരീരികം എന്നതിനേക്കാള്‍ എല്ലാക്കാലത്തും മനസ്സിനെ വേട്ടയാടുന്ന മാനസിക ക്ഷതം തന്നെയാണ് സംഭവം- ജയ അന്നു പറഞ്ഞു. 

കോണ്‍ഗ്രസിനോടുള്ള ബന്ധത്തെക്കുറിച്ച് അമിതാബ് ബച്ചന്‍ വ്യക്തമായി ഒന്നു പറയാതിരുന്നപ്പോഴും പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ജയ മടി കാണിച്ചിട്ടില്ല. പാര്‍ട്ടി എന്നോടൊരിക്കലും നീതി കാണിച്ചിട്ടില്ല എന്നുതന്നെ ജയ വ്യക്തമാക്കി. 

പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും അനുഭാവം കാണിക്കാതെയും എല്ലാ പാര്‍ട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ബച്ചന്‍ തന്ത്രപരമായി പറയുമ്പോള്‍, ജയ ബച്ചന്‍ സമാജ് വാദി പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് നിലപാടിനോടാണ് ആഭിമുഖ്യം കാണിച്ചിട്ടുള്ളത്. സമാജ്‍വാദി പാര്‍ട്ടിക്കൊപ്പമാണ് 2004 ല്‍ ജയ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും. ഇപ്പോള്‍ ഇത് നാലാം തവണയാണ് ജയ പാര്‍ലമെന്റില്‍ എത്തുന്നതും. രാഷ്ട്രീയത്തോട് അകലം പാലിച്ചു നില്‍ക്കുന്ന സിനിമാ താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയുകയും രാഷ്ട്രീയത്തില്‍ വിജയകരമായ കരിയര്‍ പടുത്തുടര്‍ത്തുകയും ചെയ്താണ് ജയ പിടിച്ചുനില്‍ക്കുന്നത്. ഹേമ മാലിനി, ജയ പ്രദ, സ്മൃതി ഇറാനി, ശത്രുഘ്നന്‍ സിന്‍ഹ എന്നീ താര രാഷ്ട്രീയക്കാരേക്കാള്‍ ഒട്ടും പിന്നില്‍പ്പോകാതെ മുന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനും ജയയ്ക്കു കഴിഞ്ഞിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവും അന്തരിച്ച നേതാവ് അമര്‍സിങ്ങും കൂടിയാണ് ജയയെ രാഷ്ട്രീയത്തില്‍ കൈടിച്ചു കയറ്റിയത്. അന്നു മുതല്‍ ജയയുടെ വ്യക്തിത്വം വേറിട്ടുനില്‍ക്കുന്നു. പാര്‍ലമെന്റില്‍ അവര്‍ മിക്ക ചര്‍ച്ചകളിലും പങ്കെടുക്കുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഉത്തരങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നു. 

തന്റെ കുടുബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യസങ്ങള്‍ പോലും ജയ മറച്ചുവച്ചിട്ടുമില്ല. ഒരിക്കല്‍ ബച്ചനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ തന്റെ കുടംബത്തിന്റെ വക്താവല്ല എന്ന് ജയ തുറന്നടിച്ചിരുന്നു. മരുമകള്‍ ഐശ്വര്യ റായിയെ ആഷ് എന്നു വിളിക്കുന്നതിനെതിരെയും അവര്‍ രംഗത്തുവന്നു. ആഷ് എന്നു വിളിക്കാന്‍ ഐശ്വര്യ നിങ്ങളുടെ ക്ലാസ്സ് മേറ്റാണോ എന്നായിരുന്നു ജയയുടെ ചോദ്യം. 

ആദ്യകാലത്ത് സിനിമയില്‍ സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ച ശേഷമാണ് അവര്‍ കുടുംബത്തിലും പിന്നീട് രാഷ്ട്രീയത്തിലും ചുവടുറപ്പിക്കുന്നതും ഇന്ന് ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയക്കാരിയായി പേര് നേടുന്നതും. ആ പോരാട്ട വീര്യത്തിന്റെ കരുത്തിലാണ് കത്തിക്കയറിക്കൊണ്ടിരുന്ന കങ്കണ റണൗട്ടിനെ അവര്‍ ഇപ്പോള്‍ ധീരയായി നേരിടുന്നതും.

English Summary: A brief history of Jaya Bachchan and her ‘gutsy’ statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com