ADVERTISEMENT

തിരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും ഒരു സന്തോഷവാര്‍ത്ത. ട്രംപിന്റെ ഭാര്യ, യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ പുത്തന്‍ വെങ്കല പ്രതിമ ജന്‍മനാട്ടില്‍ ഉയര്‍ന്നുകഴിഞ്ഞു. മെലാനിയയുടെ ജന്‍മസ്ഥലമായ സ്ലോവേനിയയില്‍ സെവ്‍നിക എന്ന ചെറിയ പട്ടണത്തിലാണ് പ്രതിമ ഉയര്‍ന്നിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന തടിയില്‍ തീര്‍ത്ത പ്രതിമ കഴിഞ്ഞ ജൂലൈയില്‍ തീപിടിച്ചു നശിച്ചു പോയതിനെത്തുടര്‍ന്നാണ് മുന്‍ മോഡല്‍ കൂടിയായ മെലാനിയയുടെ വെങ്കല പ്രതിമ ഇപ്പോള്‍ പൂര്‍ത്തിയാക്കി അനാവരണം ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ കലാകാരന്‍ ബ്രാഡ് ഡൗണിയാണ് മെലാനിയയുടെ സൗന്ദര്യവും ആകര്‍ഷകത്വവും ഒട്ടും ചോര്‍ന്നുപോകാതെ പ്രതിമയില്‍ ആവിഷ്കരിച്ചിത്. സെവ്‍നിക്കയിലാണ് മെലാനിയ തന്റെ ബാല്യ, കൗമാര കാലങ്ങള്‍ ചിലവഴിച്ചത്. അനശ്വരമായ മെലാനിയ പ്രതിമയുടെ ഓര്‍മയ്ക്ക് സമര്‍പ്പിക്കുന്നത് എന്നൊരു വാചകവും വെങ്കല പ്രതിമയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന പ്രതിമ ഒരു കൂട്ടം അജ്ഞാതരാണ് ജൂലൈ നാലിന് തീവച്ച് നശിപ്പിച്ചത്. ഒരിക്കലും നീതീകരിക്കാവുന്ന പ്രവൃത്തിയല്ല ആക്രമണകാരികളില്‍ നിന്ന് ഉണ്ടായതെന്ന് പുതിയ പ്രതിമയുടെ ശില്‍പി ബ്രാഡ് ഡൗണി പറയുന്നു.

ഒരൊറ്റ മരത്തടിയില്‍ ആയിരുന്നു ആദ്യത്തെ തടി പ്രതിമ നിര്‍മിച്ചിരുന്നത്. മാക്സി എന്ന പേരില്‍ അറിയപ്പെടുന്ന സ്ലോവേനിയയില്‍ തന്നെയുള്ള അലെക്സ് സുപേവ് ആയിരുന്നു തടി പ്രതിമ യാഥാര്‍ഥ്യമാക്കിയത്. നീല കോട്ട് അണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന മെലാനിയ ആയിരുന്നു ആദ്യത്തെ പ്രതിമയില്‍. എന്നാല്‍ ഇപ്പോഴത്തെ പ്രതിമ കുറച്ചുകൂടി മെലനിയയുടെ യഥാര്‍ഥ രൂപത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. 1917ല്‍ റഷ്യന്‍ വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയനില്‍ സ്ഥാപിച്ച ലെനിന്റെ പ്രതിമയുടെ രീതിയിലാണ് പുതിയ മെലനിയ പ്രതിമ.

പ്രദേശ വാസികളില്‍ നിന്ന് പ്രതിമ നിര്‍മാണത്തിന് അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് ലഭിച്ചതെന്നും ബ്രാഡ് ഡൗണി പറയുന്നു. അറിയപ്പെടാതിരുന്ന സെവ്നിക എന്ന പട്ടണത്തില്‍ ഇപ്പോള്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മെലനിയ ജനിച്ചുവളര്‍ന്ന സ്ഥലം എന്നതാണ് സെവ്‍നികയുടെ ഇപ്പോഴത്തെ പ്രത്യേകത. 1970 ലാണ് മെലനിയ ജനിക്കുന്നത്. അക്കാലത്ത് സ്ലോവേനിയ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന യുഗോസ്ലാവിയയുടെ ഭാഗമായിരുന്നു.

English Summary: New bronze Melania Trump statue unveiled in Slovenia after original set on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com