ADVERTISEMENT

വാടക വീട് കിട്ടിയോ എന്ന് പരിഹാസത്തോടെ അന്വേഷിച്ചവർക്ക് മറുപടിയുമായി രഹന ഫാത്തിമ. വീട് റെഡിയാക്കി നൽകാനൊന്നുമല്ല, അൽപം കൗതുകം കൂടുതലായതുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങളെന്നു പറഞ്ഞാണ് രഹനയുടെ പോസ്റ്റ്. ഒരുസ്ത്രീ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരിക്കാനാണ് തനിക്ക് വീടു കിട്ടിയില്ലെന്ന് അവർ പ്രചരിപ്പിക്കുന്നതെന്നും, അന്ന് ജയിലിൽ അടയ്ക്കാൻ കാണിച്ച  ശുഷ്കാന്തി പോലെ  പൊതു ബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും രഹന പോസ്റ്റിൽ  പറയുന്നു. തത്കാലത്തേക്ക് തനിക്ക് വീട്  ലഭിച്ചെന്നും ധൈര്യമില്ലായ്മ കാരണം ഫെയ്ക്ക് ഐഡിയിൽ വന്ന് മോശം പരാമർശം നടത്തുന്നവരെ അവഗണിക്കുകയാണ് പതിവെന്നും രഹന കുറിപ്പിൽ വ്യക്തമാക്കുന്നു. 

രഹന ഫാത്തിമയുെട പോസ്റ്റിന്റെ പൂർണരൂപം.

എനിക്ക് #വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു... ആയില്ലെങ്കിൽ റെഡി ആക്കി തരാൻ ഒന്നുമല്ല കേട്ടോ ആളുകൾക്ക് കൗതുകം ലേശം കൂടുതലാ അതാ...  😀 ഭരണപാർട്ടികാർ ഇപ്പോഴത്തെ വിവരം  അന്വേഷിക്കുന്നത് എനിക്ക് വീട്  കിട്ടിയില്ല എന്ന് കാണിച്ചു ഇനിയും ഒരു സ്ത്രീ  അവർക്ക് എതിരെ പ്രതികരിക്കാതെ ഇരിക്കാനും അന്നെനെ ജയിലിൽ അടക്കാൻ കാണിച്ച ശുഷ്കാന്തി പോലെ പൊതുബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തി പെടുത്താൻ  വേണ്ടിയാണ്. കൂടാതെ അവരുടെ കഴിവില്ലായ്മ മറക്കാൻ ഞാൻ മറ്റേ പാർട്ടി ആണ്,  അല്ലേ പൊളിച്ചേനെ എന്ന് വരുത്തി തീർക്കാനുമാണ്.

സംഘികളുടെ വിഷയം ദേശീയ തലത്തിൽ തന്നെ  അവർ അയോധ്യ പോലെ ഉയർത്തി കൊണ്ട് വരാൻ ശ്രമിച്ച ശബരിമല എന്ന  സുവർണ്ണാവസരം അവരുടെ തന്നെ  ഭാഷയിൽ പറഞ്ഞാൽ  'കുറച്ചു പീറ പെണ്ണുങ്ങൾ' വന്നു പൊളിച്ചു കൊടുത്തതിൽ  ഉള്ള കലിപ്പ് തീർക്കുക എന്നണ്. അല്ലാതെ അയ്യപ്പനും കോശിയും ഒന്നും അവരുടെ സീനേ അല്ല.  

പൈങ്കിളി മാധ്യമങ്ങളുടെ ആവശ്യം രെഹന ഫാത്തിമ വീട് കിട്ടാതെ കരഞ്ഞു നടക്കുന്നു എന്ന് വാർത്ത കൊടുത്ത്  അവരുടെ റീച്ച് കൂട്ടുക എന്നതാണ്. അല്ലേലും അനുസരണയില്ലാത്ത അവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത  പെണ്ണ്  കരഞ്ഞു,  അടങ്ങി, ഒതുങ്ങി, മാപ്പ് പറഞ്ഞു എന്ന് കേൾക്കാൻ ആണല്ലോ പാട്രിയാർക്കി താല്പര്യപെടുന്നത് 

എന്റെ സുഹൃത്തുക്കളോട് അവരുടെ അറിവിൽ എന്റെ റിക്വയർമെന്റ്സിന് ചേർന്ന വീട് ഉണ്ടെങ്കിൽ അറിയിക്കാൻ ആയി ഇട്ട പോസ്റ്റ് 700ന് മേൽ ആൾക്കാർ ആണ് ഷെയർ ചെയ്തത്. കൂടാതെ നെഗറ്റീവ് ആയിട്ടാണെങ്കിലും ഒരുപാട് മാധ്യമങ്ങൾ എന്റെ അറിവോടെ അല്ലാതെ അത് ന്യൂസ് ആക്കി. സുഹൃത്തുക്കളിലും കൂടുതൽ രാഷ്ട്രീയ വിരോധികൾ ആണ് എന്റെ പോസ്റ്റ് ഷെയർ ചെയ്തത് എങ്കിലും  അത് കൊണ്ട് എനിക്ക് ഉണ്ടായ ഉപകാരം വീട് വിഷയം  50ലക്ഷം പേരിലേക്ക് എങ്കിലും എത്തി. 

വീട് ഒന്നല്ല ഒരുപാട് എണ്ണം സെറ്റായി. അതും വാടക പോലും വേണ്ട എന്ന് പറഞ്ഞുകൊണ്ട് സമാനചിന്താഗതിക്കാർ അടക്കമുള്ളവരുടെ. പക്ഷെ അത് പലതും എറണാകുളത്തിന് പുറത്തു ആയിരുന്നു. എനിക്ക് എല്ലാ തിങ്കളാഴ്ചയും തേവര പോലീസ് സ്റ്റേഷനിൽ ഒപ്പ് ഇടേണ്ടത് കൊണ്ടും അമ്മക്ക് ഇടപ്പള്ളി  MAJ ഹോസ്പിറ്റലിൽ ആഴ്ചയിൽ 3തവണ ഡയാലിസിസ് ഉള്ളത് കൊണ്ടും സ്റ്റെപ് കയറാൻ ഉള്ള ബുദ്ധിമുട്ടും ആംബുലൻസ് വരാൻ ഉള്ള സൗകര്യത്തിനും  ഗ്രൗണ്ട് ഫ്ലോർ ആവശ്യമായ കാരണവും (തുളസിതറ  നിർബന്ധമില്ല 😀) ദൂരേക്ക് താമസം മാറാൻ കഴിയില്ലായിരുന്നു. 

അതിനാൽ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സുഹൃത്തുക്കൾ(സുഹൃത്തുക്കൾ എന്ന് പറഞ്ഞു നടക്കുന്നവർ അല്ല) ഇടപെട്ട് ഇടപള്ളി പരിസരത്ത് തന്നെ താത്കാലികമായി  ഒരു ഫ്ലാറ്റ് സെറ്റ് ആക്കി തന്നിട്ടുണ്ട്. വാടക കുറച്ച് കൂടുതൽ ആണ് അതിനാൽ ശാശ്വതമായ ഒരു താമസസ്ഥലത്തിനായി ശ്രമം തുടരുന്നു.

എനിക്ക് വീട് കൊടുക്കരുത് എന്ന് പറഞ്ഞു വലിയ കാമ്പയിൻ തന്നെ ഓൺലൈനിലും റിയലെസ്റ്റേറ്റ്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാം നടന്നതായി അറിഞ്ഞു. എല്ലാം സംഘികൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പണ്ട് പൂട്ടിച്ച കിങ്ങേർസ്, റോയൽസ് എന്നീ നേരിൽ വരാൻ ധൈര്യമില്ലാത്ത ഫെയിക്ക് ഐഡികളുടെ  ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പുകളിലെ ചിലർ ആണ് ഇതിന് പുറകിൽ. അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം 'സ്വാമി ശരണം' എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്.  ഏത് രാഷ്ട്രീയം ആണെങ്കിലും നിലപാട് ആണെങ്കിലും വിയോജിപ്പ് ആണെങ്കിലും  സ്വന്തം ഐഡിയിൽ വന്നു മാന്യമായ ഭാഷയിൽ മുഖത്തു നോക്കി പറയുന്നവർക്ക് ഞാൻ അർഹിക്കുന്ന റെസ്‌പെക്ട് കൊടുക്കാറുണ്ട് എന്നാൽ ആശയ ദാരിദ്ര്യവും ഫസ്ട്രേഷനും ധൈര്യമില്ലായ്മയും കാരണം ഫെയിക്കിൽ വന്നു തെറിവിളി നടത്തുന്നവരെ  അവഗണിക്കുകയാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com