ADVERTISEMENT

റൂത്ത് ബേഡർ ഗിൻസ്ബർഗ് വ്യക്തിയുടെ പേരാണെങ്കിലും 9 പതിറ്റാണ്ടായി സ്ത്രീ അവകാശ പോരാട്ടങ്ങളുടെ പ്രതീകം കൂടിയാണ്. 87–ാം വയസ്സിൽ ഇക്കഴിഞ്ഞ ദിവസം അന്തരിച്ചെങ്കിലും ഇനിയും ഏറെക്കാലം ലോക ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ഉയിരും ഊർജവുമായി റൂത്ത് ഉണ്ടാകും; അവരുടെ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളും.

യുഎസ് സുപ്രീംകോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്ത മാത്രം വനിതയാണ് ഗിൻസ്ബർഗ്. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള ദുർബല ശരീരത്തിന്റെ ഉടമയായിരുന്നു ഗിൻസ്ബർഗ്. പത്തു വർഷം മുൻപ് കാൻസർ ബാധിതയായതു മുതൽ വിവിധ രോഗങ്ങളോടും അവർക്കു മല്ലടിക്കേണ്ടിവന്നു. ശ്വാസകോശരോഗം. ഹൃദയ വൈകല്യം എന്നിങ്ങനെ ഒട്ടനവധി മാരക രോഗങ്ങൾ. ഇക്കാലത്തും ഒരു പരിശീലകനൊപ്പം നിരന്തരമായി അവർ വ്യായാമം ചെയ്തു. ശരീരം സംരക്ഷിച്ചു. തനിക്കു മുന്നിൽ വരുന്ന കേസുകളിൽ ശരിയുടെ ഭാഗത്ത് നിലകൊണ്ടു. സത്യത്തിനും നീതിക്കും സ്ത്രീകളുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി.

ഗിൻസ്ബർഗ് 80 വയസ്സിൽ എത്തുന്നത് ബറാക് ഒബാമ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ്. അതവരുടെ സുപ്രീം കോടതി ജീവിതത്തിന്റെ 20–ാം വാർഷികവുമായിരുന്നു. അക്കാലത്ത് ഗിൻസ്ബർഗ് വിരമിക്കുന്നു എന്നു പ്രചാരണം ഉണ്ടായതാണ്. എന്നാൽ ഗിൻസ്ബർഗ് ചിരിയോടെ വിമർശകരെ നേരിട്ടു; തന്നെ തോൽപിക്കാൻ എത്തിയ രോഗങ്ങളെയും. കഴിയുന്നകാലം താൻ ജോലി ചെയ്യുമെന്നായിരുന്നു ഗിൻസ്ബർഗിന്റെ ആപ്തവാക്യം. അതവർ പാലിക്കുകയും ചെയ്തു.

2006ൽ സാന്ദ്ര ഡേ ഓ കോണർ വിരമിക്കുമ്പോൾ കുറച്ചുകാലം ഗിൻസ്ബർഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ സുപ്രീം കോടതിയിൽ വനിതയായി. അന്ന് യുഎസ് സുപ്രീം കോടതിയിൽ പ്രവേശിക്കുന്നവർ നിരന്നിരിക്കുന്ന 8 പുരുഷൻമാരെ ആയിരുന്നു കാണുന്നക്. ഒരറ്റത്ത് തന്റെ ചെറിയ ശരീരവുമായി ഗിൻസ്ബർഗും. എന്നാൽ വിധി പറയുമ്പോൾ ആ സ്ത്രീ ശബ്ദം എല്ലാവരും ഉറക്കെത്തന്നെ കേട്ടു. ഉറച്ചുതന്നെ കേട്ടു. പിന്നീട് രണ്ടു സ്ത്രീകൾ കൂടി ജഡ്ജിമാരായി. 2009ൽ സോണിയ സോട്ടോമേയറും അടുത്തവർഷം എലേന കാഗനും.

റൂത്തിന്റെ പേര് പറയാതെ സത്യം പറയാനാവില്ല എന്നൊരു ചൊല്ല് തന്നെയുണ്ടായിരുന്നു ഒരിക്കൽ അമേരിക്കയിൽ. റൂത്ത് എന്നാൽ റൂത്ത് ബേഡർ ഗിൻസ്ബർഗ്. അതേ, ട്രൂത്തിന്റെ പര്യായമായിരുന്നു ഒരു തലമുറയ്ക്ക് റൂത്ത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായി മത്സരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹത്തെ വ്യാജൻ എന്നു വിളിച്ചിട്ടുണ്ട് ഗിൻസ്ബർഗ്. എന്നാൽ പിന്നീട് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്ന് അവർ തിരുത്തി.

1993 ൽ അന്ന് 60 വയസ്സുണ്ടായിരുന്ന ഗിൻസ്ബർഗിനെ അന്നത്തെ പ്രസിഡന്റ് ബിൻ ക്ലിന്റനാണ് സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്യുന്നത്. അതിനുമുൻപ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു ഗിൻസ്ബർഗിന്റെ പോരാട്ടം. തന്റെ ദീർഘമായ സേവന കാലത്തിനിടെ, സ്ത്രീകൾക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ വിധികൾ ഗിൻസ്ബർഗ് പുറപ്പെടുവിച്ചു. ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കുന്ന നിയമ നിർമാണങ്ങൾക്ക് തുടക്കമിട്ടു. കീഴടങ്ങാത്ത ഇഛാശക്തിയുടെ പ്രതീകമായിരുന്നു റൂത്ത് ഗിൻസ്ബർഗ് ജീവിതകാലത്തും; ഇനി മരണത്തിനുശേഷവും.

English Summary: Ruth Bader Ginsburg, Supreme Court’s feminist icon, is dead at 87

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com