ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞയാളെ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ മർദിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. മർദിച്ച സത്രീളെ അനുകുലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളും നടക്കുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാർക്കൊക്കെ അടി കിട്ടിയാൽ അതിൽ സന്തോഷിക്കുകയേ ഉള്ളൂ എന്ന് ദീപ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ദേഷ്യം വരുമ്പോൾ കിളിപ്പാട്ടല്ല, തെറിപ്പാട്ടാണ് വായിൽ വരുന്നതെനന്നും ദീപയുടെ കുറിപ്പിൽ പറയുന്നു. 

ദീപയുടെ കുറിപ്പ് വായിക്കാം

അയാൾക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. കാണുമ്പോൾ സാധുവാണെന്നു തോന്നുന്ന രൂപമൊക്കെത്തന്നെയായതുകൊണ്ടും  ചുറ്റുമുള്ള ബഹളം കൊണ്ടും സംഗതി കൃത്യമായി പിടി കിട്ടിയില്ല. അയാളുടെ മുഖത്തിലൂടെ ഒഴുകുന്നത് രക്തമാണെന്നു കരുതി അത്തരം അക്രമത്തോട് താൽപ്പര്യമില്ലാത്തതിനാൽ അയാളോട്  അനുഭാവം തോന്നുകയും ചെയ്തു.നിയമവ്യവസ്ഥയുള്ള ഒരു നാട്ടിൽ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാൾടെ വീഡിയോകൾ കണ്ടപ്പോ മാറിക്കിട്ടി. നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ. 

സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാർക്കൊക്കെ അടി കിട്ടിയാൽ അതിൽ സന്തോഷിക്കുകയേ ഉള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കൽ കറക്റ്റ്നെസ്)യേ തൽക്കാലം കയ്യിലുള്ളൂ. തെറിച്ചു പോകുന്നതാണ് തെറി.അവരുടെ അമർഷം, സങ്കടം ഒക്കെ അതിലൂടെ പുറത്തുചാടും.

സന്ദർഭമാണ് ശരിതെറ്റുകളെ നിർണയിക്കുന്നത്. മാറിനിന്നു നോക്കി രസിക്കുന്നവരുടെ സംയമനമൊന്നും അനുഭവിച്ചവർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല.മഞ്ഞപ്പത്രങ്ങളിൽ വാർത്ത വന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടികൾ ഇന്നാട്ടിലുണ്ടായിട്ടുണ്ട്. ദേഷ്യം വരുമ്പോ " വത്സ സൗമിത്രേ കുമാരാ മനോഹരാ.. " ന്ന് പാടി ദേഷ്യം തീർക്കാനൊന്നും എല്ലാവർക്കും പറ്റില്ല. കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യർ ശബ്ദതാരാവലിയോ മറ്റോ നോക്കി. മലയാളത്തിൽ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികൾ കണ്ടു പിടിച്ച് കൊടുക്കണം.അവര് പ്രയോഗിക്കട്ടെ.ശ്ശെടാ ! ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേർക്കാണ് കൊണ്ടത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com