ADVERTISEMENT

നിർണായക പ്രസവ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകാൻ മദ്യലഹരിയിൽ എത്തിയ വനിതാ ഡോക്ടറുടെ കൈപ്പിഴവ് മൂലം  ഗർഭിണി മരിച്ച സംഭവത്തിൽ ആറു വർഷങ്ങൾക്ക് ശേഷം വിചാരണ.  സിന്ത്യ ഹോക്ക് എന്ന 28 കാരിയാണ് ഡോക്ടറായ ഹെൽഗ വോട്ടേഴ്സിന്റെ പിഴവ് മൂലം മരണപ്പെട്ടത്. 2014 ൽ ആയിരുന്നു സംഭവം.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സിന്ത്യ പ്രസവത്തിന് എത്തിയത്. പ്രസവത്തിലെ സങ്കീർണതകൾ മൂലം ശസ്ത്രക്രിയ നടത്തുന്നതിനായി അനസ്തേഷ്യ നൽകാൻ എത്തിയത് ഡോക്ടർ ഹെൽഗയായിരുന്നു.എന്നാൽ  മദ്യലഹരിയിൽ എത്തിയ ഡോക്ടർ  ശ്വാസനാളത്തിനു പകരം സിന്ത്യയുടെ അന്നനാളത്തിലൂടെയാണ് ട്യൂബ് ഇറക്കിയത്. ഇതേതുടർന്ന് സിന്ത്യ ഛർദ്ദിക്കുകയും അലറി നിലവിളിക്കുകയും ചെയ്തെങ്കിലും അളവിൽ കൂടുതൽ മദ്യം കഴിച്ചിരുന്നതിനാൽ ഡോക്ടർക്ക് പ്രശ്നം തിരിച്ചറിയാനായില്ല. ശസ്ത്രക്രിയയുടെ ഇടയ്ക്കുവെച്ച് തന്നെ സിന്ത്യയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു.

ആൺകുഞ്ഞിനെ പുറത്തെടുത്ത്  നാല് ദിവസം കോമ സ്റ്റേജിൽ തുടർന്ന ശേഷമാണ് സിന്ത്യ മരണപ്പെട്ടത്. ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുൻപായി ആദ്യ ഡോസ് അനസ്തേഷ്യ നൽകിയതിനുശേഷം ഡോക്ടർ ഹെൽഗ പുറത്തുപോയി മദ്യം കഴിച്ചിട്ട് വരികയായിരുന്നു.എന്നാൽ താൻ റോസ് വൈൻ മാത്രമാണ് കഴിച്ചത് എന്നും  സ്വബോധത്തോടെയാണ് തിരികെ പ്രസവമുറിയിൽ പ്രവേശിച്ചത് എന്നുമാണ് ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ശാസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിനുണ്ടായ വീഴ്ച മൂലമാണ് രോഗി മരണപ്പെട്ടത് എന്നും അവർ പറഞ്ഞിരുന്നു. സിന്ത്യയുടെ മരണത്തെത്തുടർന്ന് ആശുപത്രിയ്ക്കും ഗൈനക്കോളജിസ്റ്റിനുമെതിരെ ആദ്യം കേസെടുത്തിരുന്നെങ്കിലും പിന്നീട്  കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ സമയത്തും ഡോക്ടർ ഹെൽഗയുടെ ശരീരത്തിൽ അളവിൽ അധികം മദ്യം ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.സംഭവം നടന്ന് ഒരു വർഷത്തിനു ശേഷം മദ്യപാനശീലം മൂലം മറ്റൊരു ആശുപത്രിയിൽ നിന്നും ഡോക്ടറെ പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പിഴവ് മൂലമാണ് സിന്ത്യയ്ക്ക് മരണം സംഭവിച്ചത് എന്ന് വിചാരണക്കിടെ ഡോക്ടർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവൻ താൻ അതോർത്ത് പശ്ചാത്തപിക്കും എന്നും അവർ കോടതിയിൽ പറഞ്ഞു.

സിന്ത്യയുടെ ആൺ സുഹൃത്താണ് ഇപ്പോൾ കുഞ്ഞിനെ പരിപാലിക്കുന്നത്. കുടുംബാംഗങ്ങളും വിചാരണ സമയത്ത് കോടതിയിൽ എത്തിയിരുന്നു.  കോടതി വിധിയിൽ നരഹത്യാ കുറ്റം ചുമത്തിയാൽ മൂന്ന് വർഷം വരെ തടവും 65 ലക്ഷത്തോളം രൂപ പിഴയും ഡോക്ടർ ഹെൽഗ ഒടുക്കേണ്ടി വരും.

English Summary: Belgian medic tells court 'I don't deserve prison' as she goes on trial for downing vodka ahead of fatal caesarian on British mother who had a tube mistakenly shoved down her oesophagus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com