ADVERTISEMENT

ഉത്തർപ്രദേശിലെ ഹത്രസിൽ 19 വയസ്സുകാരി മരിക്കുന്നതിനുമുൻപ് താൻ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയിരുന്നു. ഒന്നിലധികം പേരുടെ ആക്രമണവും പീഡനവുമാണ് തന്റെ മരണത്തിന്റെ കാരണം എന്നാണ് പെൺകുട്ടി പറഞ്ഞത്. കുട്ടി പറഞ്ഞത് പിന്നീടുള്ള തെളിവുകൾ ശരിവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്നാണ്.

മാതാപിതാക്കളും സഹോദരനും കൂടിയാണ് പരുക്കേറ്റ പെൺകുട്ടിയെ ഹത്രസ് ജില്ലയിലെ ചന്ദ്പ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഒരു സിമന്റ് ബെഞ്ചിൽ ചാരിക്കിടക്കുന്ന കുട്ടിയെയും ചോദ്യം ചെയ്യുന്ന പൊലീസുകാരനെയും കാണാവുന്ന ഒരു വിഡിയോയും പുറത്തുവന്നിരുന്നു. പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കൈകളിലും പരുക്കിന്റെ അടയാളങ്ങളുണ്ട്. സംസാരിക്കാൻ കുട്ടി ബുദ്ധിമുട്ടുന്നുണ്ടായിരന്നു. നാക്കിൽ മുറിവ് സംഭവിച്ചതാണ് കാരണം. ആക്രമിച്ച വ്യക്തി തന്നെ കൊല്ലാൻ ശ്രമിച്ചതായി പെൺകുട്ടി പറയുന്നുണ്ട്. എന്തിന് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് പീഡനം തടഞ്ഞതിന് എന്നാണ് പെൺകുട്ടിയുടെ മറുപടി.

ഏതാനും മണിക്കൂറിനകം പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചും തന്നെ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടത്തുന്നുണ്ട്. ഉയർന്ന ജാതിയിൽപെട്ട അയൽക്കാരാണ് തന്നെ ആക്രമിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേരുകൾ സഹിതം.

ആകമിക്കപ്പെട്ട ദിവസം പെൺകുട്ടി അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതായിരുന്നു. പെൺകുട്ടിയെ അവശനിലയിൽ കണ്ടതും അമ്മ തന്നെയായിരുന്നു. അബോധാവസ്ഥയിലായിരുന്നു അപ്പോൾ കുട്ടി എന്നോർമിക്കുന്നു അമ്മ. സമയത്തുതന്നെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും രേഖകളിൽ കുട്ടി പീഡനത്തിന് ഇരയായ വിവരമില്ല. പരാതി രേഖപ്പെടുത്താനും പൊലീസ് തയാറായില്ല. കുട്ടിയുടെ സഹോദരനെക്കൊണ്ടാണ് പരാതി എഴുതിവാങ്ങിയത്. തീരെ അവശനിലയിലായ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലാക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. സംഭവം വിവാദമായതിനെത്തുടർന്ന് ഹത്രസിലെ പൊലീസ് സൂപ്രണ്ടിനെ മാറ്റി. പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന നാലു പൊലീസുകാരെയും സസ്പൻഡ് ചെയ്തു.

INDIA-CRIME-ASSAULT-PROTEST
ബിജെപി സർക്കാരിന് എതിരായ പ്രതിഷേധം. ചിത്രം∙ എഎഫ്പി

പീഡനത്തിൽ ഏറ്റ പരുക്കുകളെത്തുടർന്ന് പെൺകുട്ടി ജീവനുവേണ്ടി പോരാടിയത് രണ്ടാഴ്ച. ഡൽഹി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞമാസം 29 ന് മരിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഏറ്റവും ക്രൂരമായ സംഭവം മരണത്തിനുശേഷമാണ് നടന്നത്. മരിച്ച ദിവസം തന്നെ രാത്രി വീട്ടുകാരുടെ അനുമതിയില്ലാതെ കുട്ടിയെ ദഹിപ്പിച്ചു. അതിനുശേഷവും സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത് കുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്നുതന്നെയാണ്. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കുടുംബം ഇതുവരെയും പറഞ്ഞിട്ടില്ലെന്ന് ഇപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നുമുണ്ട്. ഫൊറൻസിക് റിപ്പോർട്ടിലും പീഡനത്തിന്റെ വിവരം ഇല്ലെന്നും അവർ ആവർത്തിക്കുന്നു. എനാൽ പീഡനം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ് തെളിവ് ശേഖരിച്ചത്. നാലു ദിവസത്തിനകം തെളിവ് ശേഖരിച്ചാൽ മാത്രമേ വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കൂ എന്നിരിക്കെയാണിത്. ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറോട് കുട്ടി താൻ പീഡനത്തിന് ഇരയായെന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. ബലപ്രയോഗം നടന്നെന്ന് ഡോക്ടറും തന്റെ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. എന്നാൽ സംഭവത്തിനുശേഷം ദിവസങ്ങൾ കഴിഞ്ഞുമാത്രമാണ് കുട്ടി വിവരങ്ങൾ പറഞ്ഞതെന്നാണ് ഇപ്പോഴും ജില്ലാ അധികൃതർ വാദിക്കുന്നത്.

മജിസ്ട്രേട്ടിന് നൽകിയ മരണമൊഴിയിലും തന്നെ ആക്രമിച്ചവരെക്കുറിച്ചും പീഡിപ്പിച്ചവരെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്. നാലുപേരുകളുടെ പേരുകളും വെളിപ്പെടുത്തിയിരുന്നു. ഇതു പുറത്തുവന്നതിനെത്തുടർന്ന് അവർ അറസ്റ്റിലായി.

ഹത്രസിൽ പെൺകുട്ടിയുടെ വീടും ആക്രമിച്ച ഉയർന്ന ജാതിക്കാരുടെ വീടും തമ്മിൽ ചെറിയൊരു വേലിയുടെ വേർതിരിവ് മാത്രമേയുള്ളൂ. എന്നാൽ കാഴ്ചയേക്കാളും രൂക്ഷമാണ് സംസ്ഥാനത്തെ ജാതിവേർതിരിവ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ പലരും പിന്നീട് ആരോപിച്ചത് പെൺകുട്ടിയും കുടുംബവും കള്ളം പറയുകയാണെന്നാണ്. താക്കൂർ സമുദായത്തിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. പെൺകുട്ടി താഴ്ന്ന വിഭാഗമായ വാൽമീകി സമുദായത്തിൽ നിന്നാണ്.

INDIA-ASSAULT-CRIME

2012 ൽ ഡൽഹിയിൽ ബസിൽ ഒരു പെൺകുട്ടി പീഡനത്തിന് ഇരയായശേഷം പീഡനക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന നിയമം നിലവിൽ വന്നിരുന്നു. എന്നാൽ പ്രതികൾ ഉന്നത ജാതിയിൽ നിന്നുള്ളവരാകുമ്പോൾ പലപ്പോഴും നിയമം നോക്കുകുത്തിയാകുകയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതോടെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഹത്രസ് പെൺകുട്ടിക്ക് നീതി നേടി സ്ത്രീ സംരക്ഷണ പ്രവർത്തകർ ഉൾപ്പെടെ തെരുവിൽ ഇറങ്ങിയിട്ടുമുണ്ട്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. വാദത്തിനും മറുവാദത്തിനുമിടെ നീതി നിഷേധിക്കപ്പെടുകയാണ് സാധരണക്കാർക്ക്. അവരുടെ ഒടുവിലത്തെ ഇര മാത്രമാണ് ഹത്രസിൽ നിന്നുള്ള പെൺകുട്ടി.

ഇന്ത്യയിൽ ദിവസേന 10 ദലിത് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതായാണ് കണക്ക്. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തർപ്രദേശും.പീഡനത്തെത്തുടർന്ന് നരകയാതന അനുഭവിച്ച് മരിച്ച കുട്ടിയുടെ വീട്ടുകാരെ മാധ്യമപ്രവർത്തകർ കണ്ടിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുമോ എന്നു ചോദിച്ചപ്പോൾ നിസ്സംഗമായാണ് അവർ മറുപടി പറഞ്ഞത്. ‘നീതി ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. അങ്ങനെ സംഭവിച്ചാൽ നല്ലത്. അതിനുവേണ്ടി കാത്തിരിക്കുക എന്നതുമാത്രമാണ് വിധി’ – കുട്ടിയുടെ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛൻ ദിവസ വേതനക്കാരനാണ്. നിസ്സഹായരായി കാത്തിരിക്കുന്ന കുടുംബം തേടുന്നത് നീതിയാണ്. എന്നാൽ അതെന്നു ലഭിക്കുമെന്നോ എന്നെങ്കിലും ലഭിക്കുമെന്നോ അവർക്ക് പ്രതീക്ഷപോലും ഇല്ലെന്നതാണ് സത്യം.

English Summary: Hathras case: A woman repeatedly reported rape. Why are police denying it?

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com