ADVERTISEMENT

പ്രസവത്തിനിടെ അഭിഭാഷക പരീക്ഷ (ബാര്‍ എക്സാം) എഴുതി ഒരു യുവതി. അമേരിക്കയില്‍ ചിക്കാഗോയിലാണ് സംഭവം. ബ്രിയാന്ന ഹില്‍ എന്നാണ് യുവതിയുടെ പേര്. ലൊയോള നിയമ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം എടുത്ത ബ്രിയാന്ന ഹില്‍ ആണ് ലോകത്തിന്റെ മുഴുവന്‍ പ്രശംസയ്ക്ക് അര്‍ഹയായിരിക്കുന്നത്. ഇലിനോയിസ് സംസ്ഥാനത്തെ അഭിഭാഷക പരീക്ഷ ജൂലൈ 28 ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും പരീക്ഷാ ഹാളില്‍ പോയി പരീക്ഷ എഴുതാവുന്ന സാഹചര്യമില്ല. അതിനാല്‍ വിദുര വിദ്യാഭ്യാസ രീതിയിലായിരുന്നു പരീക്ഷയും. 

ഗര്‍ഭം 28 ആഴ്ചയാകുമ്പോഴേക്കും പരീക്ഷ എഴുതാം എന്ന പ്രതീക്ഷയിലാണ് ബ്രിയാന്ന റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരീക്ഷാ തീയതി മാറ്റിവച്ചതോടെ പ്രസവവും പരീക്ഷയും ഒരുമിച്ചെത്തുകയായിരുന്നു. 90 മിനിറ്റ് നീളുന്ന നാലു പരീക്ഷകളാണ് ബ്രിയാന്ന എഴുതേണ്ടിയിരുന്നത്. രണ്ടു ദിവസമായി. പരീക്ഷ നടക്കുന്ന മുഴുവന്‍ സമയവും പരീക്ഷാര്‍ഥികള്‍ കംപ്യൂട്ടറിനു മുന്നില്‍ തന്നെ ഉണ്ടാകണമെന്നാണ് നിയമം. ക്രമക്കേടുകള്‍ തടയാന്‍വേണ്ടിയാണ് ഇങ്ങനെയൊരു നിയമം. 

പരീക്ഷയ്ക്കു തൊട്ടുമുന്‍പാണ് ബ്രിയാന്നയ്ക്ക് വേദന തുടങ്ങുന്നത്. എന്നാല്‍ പരീക്ഷയെക്കുറിച്ചുള്ള ചിന്തയില്‍ അവര്‍ വേദന മറന്നു. താന്‍ പൂര്‍ണഗര്‍ഭിണിയായതിനാല്‍ ഇടയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ അവസരം വേണമെന്ന് ബ്രിയാന്ന ആഭ്യര്‍ഥിച്ചിരുന്നെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. പരീക്ഷയ്ക്കിടയിലുള്ള സമയത്ത് ശുചിമുറിയില്‍ പോകും. തിരിച്ചുവന്ന് ഭര്‍ത്താവിനെ വിളിച്ച് വിവരങ്ങള്‍ അറിയിക്കും. വീണ്ടും പരീക്ഷ എഴുതും. ഇതായിരുന്നു ബ്രിയാന്നയുടെ രീതി. 

വിശദമായി ഉത്തരങ്ങള്‍ എഴുതേണ്ട പേപ്പറുകള്‍  തീര്‍ത്തതോടെ ബ്രിയാന്ന ആശുപത്രിയില്‍ പോകാന്‍ തയാറായി. മിഡ്‍വൈഫ് കൂടെയുണ്ടായിരുന്നു. ആശുപത്രിയില്‍ ചെന്ന ഉടന്‍ പ്രസവവും നടന്നു. കാഷ്യസ് ഫിലിസ് ആന്‍ഡ്ര്യൂ ഹില്‍ എന്നാണ് കുട്ടിക്കു പേരിട്ടിരിക്കുന്നത്. 

പ്രസവത്തിനു പിറ്റേന്ന് ബ്രിയാന്ന ബാക്കി പരീക്ഷകള്‍ക്ക് ഹാജരാകണമായിരുന്നു. ആശുപത്രി അധികൃതര്‍ ഒരു മുറി തയാറാക്കികൊടുത്തു. ആരും ശല്യപ്പെടുത്തരുത് എന്ന് ഒരു ബോര്‍ഡും മുറിക്കു പുറത്തുവച്ചു. ബ്രിയാന്ന ബാക്കി പരീക്ഷകളും എഴുതി. ഇടവേളകളില്‍ തൊട്ടടുത്ത മുറിയില്‍ എത്തി കുട്ടിക്ക് പാലു കൊടുത്തു. 

പരീക്ഷയില്‍ താന്‍ വിജയിച്ചോ എന്ന് ബ്രിയാന്നയ്ക്ക് ഇപ്പോഴും അറിയില്ല. ഫലം വരാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ തന്നെ സഹപാഠികളും യുണിവേഴ്സിറ്റി അധികൃതരും അഭിഭാഷകരും ബ്രിയാന്നയെ പ്രശംസകൊണ്ട് മൂടുകയാണ്.

നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ബാര്‍ എക്സാമിനേഴ്സ് പറയുന്നത് മുഴുവന്‍ സമയവും കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നില്ലെങ്കില്‍ പരീക്ഷാര്‍ഥികള്‍ കള്ളത്തരം കാണിക്കുമെന്നാണ്. എന്തായാലും ബ്രിയാന്നയുടെ സാഹസികത പുറത്തുവന്നതോടെ മറ്റു പലരും പരീക്ഷയ്ക്കുവേണ്ടി തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com