ADVERTISEMENT

'ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നത് പി കെ റോസിക്ക് ആണ്.', സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം തനിക്കാണെന്ന വാർത്തയറിഞ്ഞപ്പോൾ കനി കുസൃതി ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം അങ്ങനെ മലയാള സിനിമാ ലോകത്ത് നിന്നും ഒരാൾ പി കെ റോസിയുടെ പേര് വീണ്ടും ആവർത്തിച്ചു. ബിരിയാണി എന്ന സിനിമയ്ക്കാണ് കനിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഖദീജ എന്ന മുസ്‌ലിം പെൺകുട്ടി ആയാണ് അവർ അഭിനയിച്ചത്. അവളുടെയും അമ്മയുടെയും യാത്രയെക്കുറിച്ച് പറയുന്ന ഈ സിനിമയിൽ മുഴുനീള കഥാപാത്രമാണ് ഖദീജ. ഒരിക്കൽ സിനിമയ്‌ക്കെതിരെ ശക്തമായ ആരോപണം അവർ ഉന്നയിച്ചിരുന്നു. മലയാള സിനിമയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതു കൊണ്ട് തന്നെ സിനിമയിൽ നിൽക്കാതെ നാടകത്തിലേയ്ക്ക് ചേക്കേറിയ ആളുമാണ് കനി. എന്നാൽ വുമൺ കളക്ടീവും പാർവതിയും ഒക്കെ കൊണ്ട് വന്ന ചർച്ചകളെ കനി ഏറെ താൽപ്പര്യത്തോടെ നോക്കിക്കാണുന്നുമുണ്ട്.

കനി കുസൃതി പറഞ്ഞ പി കെ റോസിയെക്കുറിച്ചാണ് ഒരുപക്ഷെ മലയാള സിനിമ ആദ്യം സംസാരിക്കേണ്ടത്. ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം ഏറെ അപമാനങ്ങൾ സഹിക്കേണ്ടി വന്നയാളാണ് അവർ. മലയാള സിനിമയിൽ സ്ത്രീകൾ അഭിനയിക്കാത്ത ഒരു കാലത്ത് അഭിനയിച്ചു എന്നതാണ് അവർ ചെയ്ത കുറ്റമായി സമൂഹം കണ്ടത്. അതും അവർണ വിഭാഗത്തിൽ ഉള്ള ഒരു സ്ത്രീ സവർണ വിഭാഗത്തിലെ ഒരു കഥാപാത്രത്തെ അഭിനയിച്ചത് പോലും കണ്ടു നിൽക്കാൻ സവർണ പ്രഭുക്കന്മാർക്ക് ആയില്ല, അതുകൊണ്ട് അവർ റോസിയുടെ വീടിനു തീയിട്ടു, അവരെ ഉപദ്രവിക്കാനും ശ്രമിച്ചു. മാറിൽ വസ്ത്രം ധരിക്കുന്നതിനു സമരം ചെയ്ത നങ്ങേമയുടെ കാലമൊക്കെ അപ്പോഴേക്കും കഴിഞ്ഞിരുനെങ്കിലും സമൂഹം ജാതിയിലും പൗരുഷത്തിലും സവർണതയിലും മുങ്ങി നിൽക്കുക തന്നെയായിരുന്നു. അവസാനം നിവൃത്തികെട്ടു റോസി നാട്ടിൽ നിന്ന് പോലും ഒളിച്ചോടിപ്പോയി. ഒരു സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മലയാളത്തിലെ ആദ്യത്തെ നായികയ്ക്ക് ഒളിച്ചോടേണ്ട അവസ്ഥയുണ്ടായെങ്കിൽ അത് ആരുടെ കുഴപ്പമാണ്? സിനിമ ഉൾപ്പെടുന്നത് ഈ സമൂഹത്തിലാണ്, അതുകൂടി തന്നെ അവിടുത്തെ മനോവികാരങ്ങളും ചിന്തകളും സിനിമയെയും ബാധിക്കും. പക്ഷേ അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്ന സിനിമകളും പ്രവർത്തകരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവരാണ് അടുത്ത തലമുറയുടെ അവകാശികൾ.

kani-actress

മലയാളത്തിലെ തന്നെ ആദ്യത്തെ സിനിമയായിരുന്ന വിഗത കുമാറാനിലാണ് രാജമ്മ എന്ന പി കെ റോസി അഭിനയിച്ചത്. 1930 ൽ തിരുവനന്തപുരത്തെ കാപിറ്റോൾ തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ അത് കാണാനുള്ള അവകാശമുള്ളവരും ലിമിറ്റ് ചെയ്യപ്പെട്ടിരുന്നു.ഇതിന്റെ നിർമാതാവും സംവിധായകനുമായ ജെ സി ഡാനിയേൽ ഇന്നും ഓർമിക്കപ്പെടും മലയാള സിനിമയുടെ പിതാവായി അവരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ പുരസ്കാരങ്ങൾ സമർപ്പിക്കപ്പെടുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പം സിനിമയിലേയ്ക്ക് വന്ന, അത് കാരണം ജീവിതം പോലും നഷ്ടപ്പെട്ട ഒരു സ്ത്രീയെ മലയാള സിനിമ പിന്നീട് ഓർത്തിട്ടേയില്ല. ഇടയ്ക്ക് അവരെ ഓർമിപ്പിച്ച് ഇറങ്ങിയ സിനിമ "സെല്ലുലോയിഡ്" പോലും പറഞ്ഞത് ജെ സിയുടെ കഥയാണ്. വിനു എബ്രഹാം "നഷ്ടനായിക" എന്നൊരു കഥ റോസിയെ അധികരിച്ച് എഴുതിയതായി കേട്ടിട്ടുണ്ട്, എന്നല്ലാതെ മലയാള സിനിമ റോസിയെ ഓർത്തിട്ടില്ല.

പൊളിറ്റിക്കൽ കറക്ട്നെസ്സും മലയാള സിനിമയിലെ സ്ത്രീകളുടെ സ്ഥാനങ്ങളും ചർച്ചയാകുന്ന ഈ സമയത്ത് തന്നെയാണ് കനി കുസൃതി റോസിയെ ഓർമിച്ചത് എന്നത് അഭിനന്ദനീയമാണ്. മലയാള സിനിമയിലെ നടിമാർക്കെല്ലാം മാതൃ സ്ഥാത്ത് നിൽക്കേണ്ട ഒരു വ്യക്തി തന്നെയാണ് പി കെ റോസി. അവരുടെയെല്ലാം തലതൊട്ടമ്മ. അവരെ ഓർത്തിട്ടാവണം ഓരോ അരങ്ങേറ്റങ്ങളും. എന്നാൽ മലയാള സിനിമയിൽ നായികമാർക്ക് ഒച്ചയുയർത്താൻ അവകാശമില്ലാത്തതു പോലെ തലതൊട്ടപ്പൻ മാത്രമേ ഓർമ്മിക്കപ്പെട്ടുള്ളൂ. അമ്മമാർ എല്ലായ്പ്പോഴും വിസ്മൃതിയിൽ ആഴ്ന്നത് പോലെ റോസിയും മറവിയിൽ അമർന്നു പോയി. 

Parvathy-Thiruvothu

കാലം മാറുകയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് വരെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് ഇപ്പോൾ. തങ്ങളുടെ ഒപ്പം നിന്ന നടിമാരുടെ അവസ്ഥകളിൽ മറ്റു നടിമാർ ഒപ്പം നിൽക്കാൻ ശ്രമിക്കുന്നുണ്ട്. അവർ വളരെ കുറച്ചു പേരെ ഉള്ളൂ എങ്കിൽപ്പോലും തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷെ എന്നിട്ടും അവരുടെ എണ്ണം എത്രയോ കുറവാണ്. ഇപ്പോഴും സവർണതയുടെയും ജാതീയതയുടെയും പൗരുഷത്തിന്റെയും പിന്നാലെ തന്നെയാണ് മലയാള സിനിമ. ഒരു പത്ത് വർഷം കൂടി കഴിഞ്ഞാൽ മലയാള സിനിമയുടെ ഒരു നൂറ്റാണ്ടിന്റെ ആഘോഷങ്ങളുണ്ട്. അപ്പോഴും റോസിയോട് സമൂഹം ചെയ്തതിൽ നിന്നും ഇന്നത്തെ നടിമാരോട് ചെയ്യുന്നതിൽ വലിയ മാറ്റമൊന്നുമില്ല. സദാചാരവും കുലസ്ത്രീ മര്യാദകളും പാലിക്കുന്ന സ്ത്രീകളോട് തന്നെയാണ് സമൂഹത്തിനു എന്നും കൂറുള്ളത്. അതുകൊണ്ടാണ് മുട്ടിനു മുകളിലേയ്ക്ക് നഗ്നമായി കാണിക്കുന്ന വസ്ത്രം ധരിച്ചതിന് നടിമാരായ പെൺകുട്ടികൾ വെർബൽ റേപ്പിനു ഇരയാകുന്നത്. സ്ത്രീകൾ എന്ന വിഭാഗം തന്നെ അത്തരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു, അത് നിർമിച്ചത് പുരുഷനാണ്. അതുകൊണ്ട് അവന്റെ ആശയത്തിൽ അവനോടൊട്ടി നിൽക്കുന്ന, കീഴിൽ നിൽക്കുന്ന, പറയുന്നത് അനുസരിക്കുന്ന, മറ്റുള്ള പുരുഷന്മാരെ വശീകരിക്കാൻ "പ്രലോഭനീയമായ" വസ്ത്രം ധരിക്കാത്ത സ്ത്രീകൾ മാത്രമാണ് കുലീനകൾ. അതെ ചിന്ത സിനിമയിലും ആവർത്തിക്കുന്നു എന്നേയുള്ളൂ. ഏതു കാലത്തിലും ആ ചിന്താഗതികൾക്ക് മാറ്റമില്ലാതെ തുടരുന്നതുകൊണ്ട് സിനിമയും അത് ആവർത്തിക്കുന്നു എന്നേയുള്ളൂ. സിനിമയിൽ മാത്രമായി ഒരു മാറ്റം കൊണ്ട് വരുന്നത് എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ കനിയെ പോലെ പാർവതിയെപ്പോലെയുള്ള പെൺകുട്ടികൾ ഒരു വശത്ത് തങ്ങളുടെ അഭിപ്രായം ഉറക്കെ പറയുന്നത് മാറ്റത്തിനുള്ള നാന്ദിയായി കാണുന്നുണ്ട്. കനി, പികെ റോസിയെ ഓർത്തത് തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. മലയാള സിനിമയുടെ പിതാവായി ഇരിക്കാൻ ജെ സി ഡാനിയേൽ എത്രമാത്രം അർഹനാണോ, അത്രയും അർഹത ഓർമിക്കപ്പെടാൻ റോസിക്കുമുണ്ട്. അത് കുറഞ്ഞത് നമ്മുടെ നടിമാർ എങ്കിലും ഓർക്കുകയും വേണം. കാരണം അതിൽ നിന്നാണ് അവർക്ക് ഊർജ്ജം ഉൾക്കൊള്ളേണ്ടതും മുന്നോട്ട് പോകേണ്ടതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com