ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് പുതിയ തലവേദന. നവരാത്രിക്കാലത്തിന്റെ പ്രത്യേകതയായി കമലയെ ദുര്‍ഗാ ദേവിയായി ചിത്രീകരിക്കുന്ന ട്വീറ്റ് പുറത്തുവിട്ടതിന്റെ പേരില്‍ കമലയുടെ ബന്ധു മാപ്പ് പറയണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ് യുഎസിലെ ഹിന്ദു സംഘടനകള്‍.

അഭിഭാഷകയും കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള 35 വയസ്സുകാരി മീന ഹാരിസിന്റെ ട്വീറ്റാണ് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഫിനോമിനല്‍ വിമന്‍ ആക്ഷന്‍ ക്യാംപെയ്ന്‍ എന്ന സംഘടനയുടെ സ്ഥാപക കൂടിയായ മീന വിവാദം മൂര്‍ച്ഛിച്ചതിനു പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ദുര്‍ഗാ ദേവിയുടെ ചിത്രത്തില്‍ മുഖത്തിന്റെ സ്ഥാനത്ത് കമലയുടെ ചിത്രം സൂപ്പര്‍ ഇംപോസ് ചെയ്താണ് മീന ട്വീറ്റ് പുറത്തുവിട്ടത്. ഇതാണ് വിവാദത്തിനു കാരണമായത്. 

ഹിന്ദു വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ് ട്വീറ്റെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അംഗം സുഹാങ് എ ശുക്ല അഭിപ്രായപ്പെട്ടു. മതപരമായ ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെതിരെ ഹിന്ദു അമേരിക്കന്‍ സംഘടനകള്‍ക്കുവേണ്ടി ഹാഫ് എന്ന സംഘടനയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിവാദ ട്വീറ്റിലെ കമലയെ ദുര്‍ഗാ ദേവിയായി ചിത്രീകരിക്കുന്ന ചിത്രം മീന സൃഷ്ടിച്ചിതല്ലെന്ന വാദവും ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചിത്രം പ്രചരിച്ചിരുന്നുവെന്നും തൊട്ടുപിന്നാലെ മീനയുടെ മറ്റൊരു ട്വീറ്റ് വന്നതോടെ ഇതും മീനയുടേതായി തെറ്റിധരിക്കുകയായിരുന്നുമെന്നുമാണ് ചിലര്‍ വാദിക്കുന്നത്. കമലയ്ക്കുവേണ്ടി മീന ഇങ്ങനെയൊരു ചിത്രം കൃത്രിമമായി നിര്‍മിച്ചിട്ടില്ലെന്ന് കമലയ്ക്കൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബൈഡന്റെ ക്യാംപില്‍ നിന്നും അറിയിച്ചിട്ടുമുണ്ട്. 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ ദേവിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന കമല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ കൊല്ലുന്ന രംഗമാണുള്ളത്. ചിത്രത്തിലെ സിംഹത്തിന്റെ മുഖത്ത് ബൈഡനും. ചിത്രം മീന നിര്‍മിച്ചതല്ലെങ്കില്‍പ്പോലും സംഭവത്തിന്റെ പേരില്‍ മീന മാപ്പു പറയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ ദേവതകളെ മോശമായി ചിത്രീകരിച്ച് വോട്ട് പിടിക്കാമെന്നതു വ്യാമോഹമാണെന്ന് മറ്റു ചിലരും പ്രസ്താവനയിറക്കിയിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്റെ തുടക്കത്തില്‍ തന്നെ ബൈഡനും കമലയും തിന്‍മയെ കീഴടക്കി വിജയിക്കുന്ന നന്‍മയുടെ പേരില്‍ അമേരിക്കന്‍ ജനതയ്ക്ക് ആശംസ നേര്‍ന്നിരുന്നു.

English Summary: Hindu groups seek apology from Kamala Harris’ niece for sharing image depicting aunt as Durga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com