ADVERTISEMENT

"ചില വേഷങ്ങളിൽ കാണുമ്പൊൾ ചിലർ പറയാറുണ്ട്, എന്ത് രസാണ് കാണാൻ ? എന്ത് ഐശ്വര്യമാണ്‌ കാണാൻ, പക്ഷെ വളരെ നാച്ചുറൽ ആയി ഉള്ള ഒരു ചിത്രം എടുത്താൽ ചിലർ പറയുന്നത് , അയ്യേ ഇതെന്താണ് മോശമായി ഇരിക്കുന്നത്, കാണാൻ ട്രാൻസ്ജെൻഡറെപ്പോലെ ഉണ്ടല്ലോ, ഭിക്ഷക്കാരിയെപ്പോലെ ഉണ്ടല്ലോ, അല്ലെങ്കിൽ ബംഗാളിയെപ്പോലെ ഉണ്ടല്ലോ. ആരാണ് നിങ്ങളോടു പറഞ്ഞത് ബംഗാളിയും ട്രാന്സ്ജെന്ഡറും ഭിക്ഷക്കാരുമൊക്കെ മോശമാണെന്നു?"

ഗായിക സിത്താര കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയയിലെ വീഡിയോയിലെ ചില വാചകങ്ങളാണിത്. അത് ഏറെ വൈറലാവുകയും ചെയ്തിരിക്കുന്നു. അതിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ആദ്യമായും അവസാനമായും അനുഭവിക്കുന്ന ഒരാളല്ല സിതാര, പക്ഷെ വളരെ ധൈര്യത്തോടെ തന്റെ യഥാർത്ഥ മുഖം അതും ഒട്ടും മേക്കപ്പ് ഇല്ലാത്ത മുഖം ഫെയ്‌സ്ബുക്കിൽ പങ്കു വച്ചുകൊണ്ടാണ് സിതാര ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

"എന്തിനാണ് ഇങ്ങനെ ആർത്തി പിടിച്ച് വലിച്ചു വാരി തിന്നുന്നത്? കണ്ടില്ലേ എന്ത് വൃത്തികേടാണ് തടി? കുറച്ചു കഴിച്ചൂടെ?" "എന്റെ ശരീരം , എന്റെ വിശപ്പ്, എന്റെ ജീവിതം, അതിൽ ഉപദേശം തരാൻ നിങ്ങൾ ആരാണ്?"

ഇത്തരത്തിൽ ചോദ്യങ്ങൾ ഇപ്പോഴും ആവശ്യത്തിലധികം വരുന്നുണ്ടെങ്കിലും മറുപടി പറയാനറിയുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്. ഒരാളുടെ ഭക്ഷണ ശീലം , ശരീര ഘടന എന്നിവ അയാൾ സ്വയം ഉണ്ടാക്കുന്നതാണെങ്കിലോ ജനിതകമായി കിട്ടുന്നതാണെങ്കിലോ, എന്താണെങ്കിൽപ്പോലും അതിൽ ഉപദേശിക്കാനായി മറ്റുള്ളവർ ആരാണെന്ന അരാഷ്ട്രീയ ചോദ്യം ഉയരുന്നുണ്ട്. എങ്കിലും അത്തരം ചോദ്യങ്ങൾ ആരും നിർത്തുന്നില്ല എന്നതാണ് സത്യം. അത്തരം ഒരുപാട് ചോദ്യങ്ങൾക്കൂടി സിത്താരയുടെ ഉത്തരങ്ങൾക്കൊപ്പം ചേർത്ത് വയ്‌ക്കേണ്ടതുണ്ടെന്നു തോന്നുന്നു.

ഒരു പരിപാടി കഴിഞ്ഞു വന്ന മേക്കപ്പോടെ ആണ് സിതാര വീഡിയോ തുടങ്ങുന്നത്. തന്റെ സ്വകാര്യമായ പല ചിത്രങ്ങളുടെയും ചുവട്ടിൽ ഫേക്ക് അല്ലാത്ത നന്നായി അറിയുന്ന വ്യക്തികൾ വരെ ബോഡി ഷെയിമിങ് നടത്താറുണ്ടെന്നു സിതാര വീഡിയോയിൽ പറയുന്നുണ്ട്. താരതമ്യം ചെയ്യുന്നത് ട്രാൻസ്ജൻഡറുകളോടോ ഭിക്ഷക്കാരോടോ ബംഗാളികളോടോ ഒക്കെയാണ്.  ഈ പറഞ്ഞ വിഭാഗക്കാർക്ക് എന്ത് മോശമാണുള്ളത്? അവരുടേതായ ലോകത്തിൽ അവരുടെ സ്വകാര്യ ജീവിതം ജീവിച്ചു കൊണ്ട് നിൽക്കുന്ന ഈ മനുഷ്യരെ അപമാനിക്കാനും ബോഡി ഷെയിമിങ് നടത്താനും മറ്റുള്ളവർക്ക് എന്ത് അധികാരമാണുള്ളത്? 

എല്ലായ്പ്പോഴും മനുഷ്യൻ അവനവന്റെ ശവപ്പെട്ടിയിൽ നിന്നും ഉയർന്നു അന്യൻ കിടക്കുന്ന പെട്ടിയിലേയ്ക്കൊരു പാളി നോട്ടമുണ്ട്. തന്നെക്കാൾ എന്താണ് അവനു കൂടുതലുള്ളത്? വിലകൂടിയ പട്ടു വസ്ത്രങ്ങളോ , മനോഹരമായ ചന്ദന തടി കൊണ്ടുള്ള പെട്ടിയോ? മരണത്തിൽപ്പോലും ഇത്തരം ആശങ്കകൾ പേറുന്നവനാണ് സാധാരണ മനുഷ്യൻ. മോശമായി നിൽക്കുന്ന ഒരുവനെ കുറ്റപ്പെടുത്താനും പരിഹസിക്കാനും എളുപ്പവുമാണ്. അത്തരത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക്, "ഒരു ബംഗാളി ലുക്ക് ഉണ്ടല്ലോ" എന്ന് പറയുന്നത് തന്നെയാവും. പ്രത്യേകിച്ച് കഴിഞ്ഞ പത്തുവർഷങ്ങളായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കടന്നു വരവിനു ശേഷം, അവരുടെ കേരളത്തിലെ തൊഴിൽ മേഖലയിലെ ആധിപത്യത്തിന് ശേഷം ഇത്തരം താരതമ്യങ്ങൾ കൂടി വന്നിട്ടുമുണ്ട്. അൽപം മോശമായ വസ്ത്രത്തോടെ, മുഖ ഭാവത്തോടെ നിൽക്കുന്ന ഒരാളോട് "എന്താ ബംഗാളിയെപ്പോലെ തോന്നുന്നല്ലോ" എന്ന് പറയുന്ന എത്ര പേരുണ്ട്! രാവിലെ ജോലിക്കായി വരുന്ന ബംഗാളികളെ നിങ്ങൾ കണ്ടിട്ടുണ്ടോ? വൃത്തിയോടെ , നല്ല വസ്ത്രവും ധരിച്ച്, തന്നെയാണ് അവർ ജോലിക്കായി എത്തുന്നത്. വൈകുന്നെരം ജോലി കഴിഞ്ഞാലും വസ്ത്രം മാറ്റി കാലും മുഖവും വൃത്തിയാക്കി മുടിയൊക്കെ ചീകി രാവിലെ എങ്ങനെ വന്നോ അത് പോലെ തന്നെയാണ് അവർ മടങ്ങുന്നതും. എന്നിട്ടും എന്തുകൊണ്ടാവും ഈ വൃത്തിഹീനത നാം അവരുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നത്? ഒരുപക്ഷെ കൂടുതലും സ്ത്രീകൾ തന്നെയാണ് അത് സഹിക്കേണ്ടി വരുന്നതും. പുരുഷൻ വീട്ടിൽ ഏതു വേഷത്തിൽ നിന്നാലും അത് സാരമില്ല എന്നൊരു രീതിയുണ്ട്, എന്നാൽ സ്ത്രീകൾ, ഭാഗ്യയായ ഒരുങ്ങി, വൃത്തിയുള്ള വസ്ത്രം ധരിച്ച് മാത്രമേ നിൽക്കാവൂ എന്നൊരു ഉപദേശം കാലാ കാലങ്ങളായി അവർ കേൾക്കുന്നതാണ്. ഏറ്റവും സ്വകാര്യമായി നിൽക്കുമ്പോൾ എങ്ങനെയാണു അവൾക്ക് കൃത്രിമത്വം ശരീരത്തിൽ കാണിച്ച് നിൽക്കാൻ പറ്റുക. 

മലയാളം സീരിയലുകൾ ഇക്കാര്യത്തിൽ വലിയൊരു അളവിൽ പങ്കു വഹിക്കുന്നുണ്ടാവണം, വീട്ടിൽ നിൽക്കുമ്പോൾ വരെ ഏറ്റവും വിലകൂടിയ വസ്ത്രം ധരിക്കുകയും ആഭരണങ്ങൾ അണിയുകയും  മേക്കപ്പ് ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകൾ അതിൽ മാത്രമാണ് ഉണ്ടാവുക. അല്ലാത്തപ്പോൾ അവൾക്ക് ഏറ്റവും സുരക്ഷിതവും സ്വസ്ഥതയും തോന്നുന്ന വേഷത്തിൽ, ശാരീരിക അവസ്ഥയിൽ നിൽക്കാനാണ് പുരുഷനെപ്പോലെ സ്ത്രീയും ആഗ്രഹിക്കുന്നത്. അത് യാത്രയിൽ ആണെങ്കിലും വീടുകളിൽ നിൽക്കുമ്പോൾ ആണെങ്കിലും. ചിലപ്പോൾ ആഗ്രഹം പോലെ അവൾ ഭക്ഷണം കഴിക്കും, ചിലപ്പോൾ തീരെ മെലിഞ്ഞിട്ടാവും അവളുണ്ടാവുക, പ്രായം കഴിഞ്ഞാലും വിവാഹം കഴിക്കാൻ പല കാരണങ്ങൾ കൊണ്ടും പറ്റിയിട്ടുണ്ടാവില്ല. അതൊന്നും വലിഞ്ഞു കയറി നോക്കി അഭിപ്രായം പറയേണ്ട ബാധ്യത മറ്റൊരാൾക്ക് ഉണ്ടെന്നു തോന്നുന്നില്ല. കുടുംബസ്ഥ ആണെങ്കിലും അവൾക്കും അവളുടേതായ വ്യക്തിത്വം ഉണ്ടാവണമല്ലോ.

സിത്താര പറഞ്ഞു വച്ച കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ പറയാറുള്ളതാണ്. അതുകൊണ്ടു തന്നെയാണ് അത് വൈറലാക്കപ്പെട്ടതും. പക്ഷെ പറയുക, ഉപേക്ഷിക്കുക എന്ന രീതിയിൽ നിന്നും അതിനെ സ്വീകരിച്ച് മനസിലാക്കുക എന്ന രീതി കൂടി വന്നിരുന്നെങ്കിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com