ADVERTISEMENT

രണ്ടു യാത്രകളാണ് ജാൻ മോറിസിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായത്. ഒന്ന്: എവറസ്റ്റിലേക്ക് ഹിലരിയേയും ടെൻസിങ്ങിനെയും അനുഗമിച്ച യാത്ര. അപ്രശസ്തനായി പർവതാരോഹക സംഘത്തിനൊപ്പം പോയ ആ 27 കാരൻ തിരിച്ചെത്തിയത് ലോകത്തെ ഏറ്റവും പ്രശസ്തരായ ജേണലിസ്റ്റുകളിലൊരാളായാണ്; എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യന്റെ പാദം പതിഞ്ഞ വാർത്ത ലോകത്തെ അറിയിച്ചുകൊണ്ട്.

രണ്ട്: 46 –ാം വയസ്സിൽ മൊറോക്കോയിലേക്കു നടത്തിയ യാത്ര. ജയിംസ് മോറിസ് എന്ന പുരുഷനായി മൊറോക്കോയിലേക്കു പോയി ജാൻ മോറിസ് എന്ന സ്ത്രീയായി മടങ്ങിയെത്തിയത്. ലോകത്തെ എണ്ണം പറഞ്ഞ യാത്രയെഴുത്തുകാരിലൊരാളായാണ് ജാൻ മോറിസ് വിലയിരുത്തപ്പെടുന്നത്. ഒപ്പം, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പ്രശസ്തരിൽ ആദ്യത്തെ പേരുകളിലൊന്നും. കഴിഞ്ഞയാഴ്ച, 94 –ാം വയസ്സിൽ ജീവിതത്തിൽനിന്നു വിടപറഞ്ഞ ജാൻ സുധീരമായ ജീവിതവും തുറന്ന നിലപാടുകളും കൊണ്ട് ട്രാൻസ്ജെൻഡർ സമൂഹത്തിനു തന്നെ വഴികാട്ടിയാണ്.

ലോകം വിസ്മയത്തോടെയാണ് മോറിസിന്റെ ജീവിതത്തെ നോക്കിക്കണ്ടത്. മാധ്യമ പ്രവർത്തക, ട്രാവൽ റൈറ്റർ, ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടായിരുന്നു ജാൻ മോറിസിന്. പലപ്പോഴും കെട്ടുകഥകളേക്കാൾ വിചിത്രമായ യാഥാർഥ്യങ്ങളാണ് അവർക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നത്. നാലാം വയസ്സു മുതൽ തന്റെ സ്വത്വത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ജയിംസ് മോറിസിൽനിന്ന് ഇരുപതു വർഷത്തെ സമയമെടുത്താണ് ജാൻ മോറിസ് എന്ന സ്ത്രീജീവിതത്തിലേക്ക് അവർ എത്തിയത്. 1964 ൽ ആയിരുന്നു അത്.

അമ്മയുടെ പിയാനോയുടെ താഴെയിരിക്കുമ്പോഴാണ് കൊച്ചു മോറിസിന് ആ വെളിപാടുണ്ടാകുന്നത്: തെറ്റായ ശരീരത്തിലാണ് തന്റെ ജനനം. താൻ ശരിക്കുമൊരു പെൺകുട്ടിയാണ്. പക്ഷേ മനസ്സിലുള്ളത് തുറന്നു പറയാൻ പറ്റാതെ ജയിംസ് ഹംഫ്രി മോറിസ് എന്ന ആൺകുട്ടിയായി, പുരുഷനായി ജീവിക്കേണ്ടിവന്നു അവന്. 1945 ൽ, 19 ാം വയസ്സിൽ അവൻ ബ്രിട്ടിഷ് സൈന്യത്തിൽ അംഗമായി. 49 ലാണ് മോറിസ് എലിസബത്ത് ടക്നിസ്സിനെ കണ്ടുമുട്ടിയത്. ഒരു തേയിലത്തോട്ടമുടമയുടെ മകളായ എലിസബത്തിനെ ജയിംസ് വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതിമാർക്ക് അഞ്ചുമക്കളുമുണ്ടായി. ജയിംസ് സൈന്യത്തിൽനിന്നു വിരമിച്ച് പത്രപ്രവർത്തകനായി, ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളെഴുതി ലോകപ്രശസ്തനായി. അപ്പോഴെല്ലാം അയാളുടെ മനസ്സിലുണ്ടായിരുന്നു – ‘ഞാൻ ജീവിക്കുന്നത് തെറ്റായ ശരീരത്തിലാണ്.’ 

ഉൾവിളി തടുക്കാനാകാതെ വന്നപ്പോൾ, ഇനി സ്ത്രീയായി ജീവിക്കാമെന്ന് ജയിംസ് മോറിസ് തീരുമാനിച്ചു; ജാൻ മോറിസായി. തന്റെ ഭർത്താവിനെ അലട്ടുന്ന സ്വത്വപ്രതിസന്ധിയെപ്പറ്റി എലിസബത്തിന് അറിയാമായിരുന്നു. പക്ഷേ അവർ മോറിസിനൊപ്പം നിന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയ ജാനിന് പക്ഷേ അതു സാധ്യമായില്ല. നിയമപരമായി എലിസബത്തുമായുള്ള വിവാഹം വേർപെടുത്താതെ ശസ്ത്രക്രിയ ചെയ്യാനാവില്ലെന്നായിരുന്നു ബ്രിട്ടനിലെ ഡോക്ടർമാരുടെ നിലപാട്. വിവാഹമോചനത്തിന് ജാനോ എലിസബത്തോ ഒരുക്കവുമായിരുന്നില്ല. അങ്ങനെയാണ് 1972 ൽ ജാൻ മൊറോക്കോയിലേക്കു പോയത്. ജയിംസ് മോറിസ് അന്നുവരെ നടത്തിയ അതിസാഹസികതകളെക്കാളെല്ലാം സാഹസികമായിരുന്നു ആ തീരുമാനം. അറുപതുകളുടെ തുടക്കത്തിൽത്തന്നെ മോറിസ് സ്ത്രീഹോർമോണുകൾ ശരീരത്തിലേക്കു സ്വീകരിച്ചുതുടങ്ങിയിരുന്നു. ലിംഗമാറ്റശ്രമം മോറിസിന്റെ വ്യക്തിത്വത്തെയും എഴുത്തിനെയും പോലും ബാധിക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞായിരുന്നു അത്. കാസാബ്ലാങ്കയിലെ ഒരു ആശുപത്രിയിൽവച്ച് ശസ്ത്രക്രിയയിലൂടെ മോറിസ് പൂർണമായും സ്ത്രീയായി. 1974 ൽ പുറത്തിറങ്ങിയ കനൻഡ്രം എന്ന പുസ്തകത്തിൽ പെൺജീവിതത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റി മോറിസ് വിശദമായി എഴുതിയിട്ടുണ്ട്. 

ബ്രിട്ടനിൽ തിരിച്ചെത്തിയ മോറിസ് കുറച്ചുകാലത്തിനു ശേഷം എലിസബത്തിൽനിന്നു വിവാഹമോചനം നേടി. പക്ഷേ തികച്ചും സാങ്കേതികം മാത്രമായിരുന്നു ആ വേർപിരിയൽ. അവർ ഒരു കുടുംബമായിത്തന്നെ ഒരുമിച്ചു ജീവിച്ചു. സ്വവർഗവിവാഹം അനുവദനീയമായതിനെ തുടർന്ന് 2008 ൽ വീണ്ടും വിവാഹിതരാകുകയും ചെയ്തു. അതിനെപ്പറ്റി പിന്നീട് എലിസബത്ത് പറഞ്ഞു: ‘ഞാനെടുത്ത വിവാഹപ്രതിജ്ഞ ഇപ്പോഴും പാലിക്കുന്നു. ജാനിന് ലിംഗമാറ്റം നടന്നപ്പോൾ ഞങ്ങൾക്കു വിവാഹമോചനം നടത്തേണ്ടിവന്നു. അതുകൊണ്ടു ഞങ്ങൾ പിരിഞ്ഞു. അതിനു പക്ഷേ എന്നിൽ ഒരു മാറ്റവുമുണ്ടാക്കാനായില്ല. ഞങ്ങൾക്കപ്പോഴും ഞങ്ങളുടെ കുടുംബമുണ്ടായിരുന്നു. ഞങ്ങൾ ഔദ്യോഗികമായി വീണ്ടും ഒരുമിച്ചു.’ ജാൻ മരിക്കുംവരെ അവർ ഒരുമിച്ച്, ഒരു കുടുംബമായിത്തന്നെയാണ് ജീവിച്ചതും. 

നവംബറിന്റെ നഷ്ടമായി ജാൻ മോറിസ് വിട പറയുമ്പോൾ,‌ എന്തൊരു ജീവിതം, എന്തൊരെഴുത്ത് എന്ന് ആദരവോടെ ഓർത്തുകൊണ്ടാണ് പ്രശസ്തരടക്കം സമൂഹമാധ്യമങ്ങളിലൂടെ ആ നഷ്ടത്തിന്റെ ദുഃഖം പങ്കുവച്ചത്.

English Summary: Jan morris incredible life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com