ADVERTISEMENT

ആന്റൺ ചെക്കോവിനെയും മാർക്ക് ട്വിയിനിനെയുമൊക്കെ നെഞ്ചിൽ കിടത്തി പെൺകുഞ്ഞുങ്ങൾക്കു കഥയായി പറഞ്ഞു കൊടുക്കുന്ന അച്ഛന്മാരുടെ നാട്ടിലാണ് "വെൽക്കം ഹോം" എന്ന സിനിമയുണ്ടായത്. എന്തൊരു വിരോധാഭാസമാണ് ലോകം ഓരോ മനുഷ്യരോടും കാണിക്കുക എന്നത് അതിശയത്തോടെയാണ് ശ്രദ്ധിക്കേണ്ടത്.

പണ്ട് അമ്മയും അച്ഛനും ജോലിക്ക് പോയാൽ വീടിന്റെ വാതിൽ തുറക്കാനും പുറത്തിറങ്ങാനും ഭയമുള്ള ഒരു പെൺകുട്ടിയെ ഓർമയുണ്ട്, എന്തെങ്കിലുമാവശ്യത്തിനു വാതിൽ തുറന്നു പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടവൾ. ഒരിക്കൽ അങ്ങനെ സംഭവിച്ചതിനു ശേഷം അവൾക്കെന്നും ആൺകുട്ടികളെ പേടിയുമാണ്. അച്ഛനും അമ്മാവനും അയൽക്കാരും, പുരുഷന്മാരായി ജനിച്ചവരെല്ലാം മറ്റേതോ ലോകത്തിൽ നിന്നും പെൺകുട്ടികളെ ഉപദ്രവിക്കാൻ വന്നരാവാകുമെന്ന ആശങ്ക വാളയാറിൽ ഒൻപതും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ആത്മഹത്യ(?) ചെയ്യപ്പെടേണ്ടി വന്നത് കൊണ്ട് മാനസികമായ ട്രോമാ അവരെ ബാധിക്കാതെ പോയി. അവരുടെ മരണം രാഷ്ട്രീയമായി വരെ കൊണ്ടാടുമ്പോൾ, ആത്മഹത്യയല്ല അത് കൊലപാതകമാണ് എന്നുറക്കെ പറയാൻ പോലും ധൈര്യമില്ലാതെയും ഇവിടെ മനുഷ്യരുണ്ട്. ഇതൊക്കെ ചർച്ച ചയ്യുന്ന ഒരിടത്തേയ്ക്കാണ് കഴിഞ്ഞ ദിവസം റിലീസായ വെൽക്കം ഹോം കാണാനുള്ള അവസരമൊരുങ്ങുന്നത്.

അധ്യാപികമാരായ രണ്ടു പെൺകുട്ടികൾ. അവർ സെൻസസ് എടുക്കുന്നതിന്റെ ഭാഗമായി സ്‌കൂട്ടറിൽ പല സ്ഥലങ്ങളും സഞ്ചരിക്കുകയാണ്.ഒടുവിൽ തീർത്തും ഒറ്റപ്പെട്ട ഒരു വീട്ടിലെത്തുമ്പോൾ വാതിൽ പാതി മാത്രം തുറന്നു വിളർത്ത മുഖമുള്ള ഒരു പെൺകുട്ടി നിസംഗതയോടെ അവരെ നോക്കുന്നു. വീട്ടിലുള്ളവരുടെ എണ്ണമെടുക്കാൻ ശ്രമിക്കുമ്പോൾ അവൾക്കു പോലുമറിയാത്ത ആ മനുഷ്യരെ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അവർ അപരിചിതരെന്ന പോലെ ആ പേരുകൾ അവൾ ഓർക്കാൻ ശ്രമിക്കുന്നു. പൂർണ ഗർഭിണിയായ അവളുടെ വീർത്ത വയറിലേക്ക് നോക്കി കുട്ടിയെക്കുറിച്ച് ചോദിക്കുമ്പോൾ അതും ജനിച്ചയുടനെ മരിക്കാൻ ഉള്ളതാണെന്നും അവൾ ഓർമ്മിക്കുന്നു. ഇതുപോലെ എത്ര പ്രസവങ്ങൾ, എത്ര മരണങ്ങൾ, അതിനിടയിലും അവളുടെ പാതി ചത്ത മുഖത്ത് നിഷ്കളങ്കമായി വിടരുന്ന ഒരു ചിരിയുണ്ട്, ഒരു പൂവ് പോലെ നിർമ്മലമായ ഒന്നാണത്. മഴയിൽ പുറത്തേക്കിറങ്ങാനാകാതെ പാതി തുറന്ന വാതിൽ മുഴുവനായി തുറന്നു ആ പെൺകുട്ടികൾ അകത്തേയ്ക്ക് കയറി ഓരോരുത്തരെയും പരിചയപ്പെടുമ്പോൾ സ്ത്രീ സഹജമായ ഒരു ഉൾപ്പേടി അവരെ ചുറ്റി വരിഞ്ഞു തുടങ്ങുന്നുണ്ട്, അവിടം മുതലാണ് ആ കഥ ആരംഭിക്കുന്നത്.

മഴ തോർന്ന ശേഷം അവിടെ നിന്ന് പുറപ്പെട്ടെങ്കിലും സ്‌കൂളിലെത്തിയിട്ടും നിസംഗമായ ആ പെൺചിരി അവരെങ്ങനെ മറക്കാനാണ്! അവരവിടെ എന്തൊക്കെയോ അനുഭവിക്കുന്നുണ്ടെന്ന ആധിയിൽ ആ രണ്ടു പെൺകുട്ടികൾ വീണ്ടും ഓടി വന്നതാണ്. യാഥാർഥ്യങ്ങൾ പലപ്പോഴും നമ്മളെ നിസംഗരാക്കിക്കളയും. മാനസികമായി ദുർബലപ്പെട്ട ഒരു കുടുംബം, അതിന്റെ നെടും തൂണായ മുത്തശ്ശിയുടെ സമ്മതത്തോടെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്ന അച്ഛൻ. വിളർത്ത മുഖമുള്ള പെൺകുട്ടി വെറുമൊരു സ്ത്രീയല്ല, അച്ഛനാൽ ഉപദ്രവിക്കപ്പെടുന്ന മകളാണ് എന്ന് തിരിച്ചറിയുമ്പോൾ ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരുന്നു പോകും. അയാൾ പിന്നിലൂടെ വന്നാക്രമിക്കുമ്പോൾ ഈ ലോകത്ത് ഒരു സ്ത്രീയ്ക്കും താങ്ങാൻ കഴിയാത്ത അത്ര നിസ്സഹായതയോടെ അവൾ ഭാരം ചുമക്കുന്ന ഉറുമ്പുകളുടെ ലോകത്തേയ്ക്ക് നടന്നു പോകും. ആ സിനിമ പറയാൻ ഉദ്ദേശിക്കുന്ന വിഷയവും അത് തന്നെയാണ് വീടിനുള്ളിൽ ആക്രമിക്കപ്പെടുന്ന പെണ്കുട്ടികളെക്കുറിച്ച്. ആദ്യമായല്ല ഇത്തരത്തിലൊരു സിനിമ വരുന്നതെങ്കിലും ഇത്ര ശക്തമായി ആ വിഷയം ഒരുപക്ഷെ ഭീകരമായും അവതരിപ്പിക്കപ്പെടുന്നത് ഒരുപക്ഷെ ആദ്യമായി തന്നെയാണ് എന്ന് പറയേണ്ടി വരും. സിനിമയല്ല ചർച്ച ചെയ്യേണ്ടത് അവർ പറയുന്ന വിഷയമാണല്ലോ, അതുകൊണ്ട് ഒരു കഥ കൂടി പറയാം,

ഡോക്ടർ മനോജ് വെള്ളനാട് പറയുന്നത് അദ്ദേഹത്തിന്റെ ഒരു അനുഭവമാണ്, "'കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു വർഷമായി. പക്ഷെ ഇതുവരെയും ശരിക്കുള്ള entry പോലും നടന്നിട്ടില്ല എന്നതാണ് അവസ്ഥ. അവൾക്ക് സെക്സിനോടെന്തോ വലിയ പേടിയാണ്.' സുഹൃത്ത് മെസേജിൽ പറഞ്ഞു.രണ്ടു വർഷമായിട്ടും ഇതുവരെയും ഇക്കാര്യം സീരിയസായിട്ടെടുക്കാത്തതിൽ എനിക്കതിശയം തോന്നി. അതിനുത്തരമായി സുഹൃത്ത് തുടർന്നു,

'കാര്യത്തോടടുക്കുമ്പൊ ഭയങ്കര വേദനയെന്നാണ് പറയുന്നത്.. Foreplay ഒക്കെ ചെയ്യുണ്ട്. പക്ഷെ, പിന്നെ സമ്മതിക്കില്ല. പതിയെ ശരിയാവുമെന്ന് കരുതി. ചില ജെല്ലൊക്കെ യൂസ് ചെയ്ത് നോക്കി. എന്നിട്ടും നോ രക്ഷ..'കേട്ടപ്പോൾ വജൈനിസ്മസ് (ബന്ധപ്പെടുമ്പോൾ വജൈന വേദനയോടെ ചുരുങ്ങുന്ന അവസ്ഥ) ആയിരിക്കാം പ്രശ്നമെന്നെനിക്ക് തോന്നി. സെക്സെന്നാൽ വേദനാജനകമായ ഒരു സംഗതിയാണെന്ന്, കൂട്ടുകാരിൽ നിന്നവൾ കല്യാണത്തിന് മുമ്പ് മനസിലാക്കി വച്ചിരുന്നുവത്രേ. അതും ഒരു ഘടകമാകാമെന്ന് കരുതി. എന്തായാലും ഇതിന് ചികിത്സ വേണം. അറിയാവുന്ന ഒരു ഗൈനക്കോളജിസ്റ്റിൻ്റെ അടുത്തേക്ക് അവരെ അയച്ചു. ഗൈനക് ഡോക്ടർ കണ്ടിട്ട്, മറ്റാരെയെങ്കിലും കാണേണ്ടതുണ്ടെങ്കിൽ പറയുമെന്നും പറഞ്ഞു.കൺസൾട്ടേഷൻ കഴിഞ്ഞപ്പോൾ ഇരുവരും വളരെ ഹാപ്പിയായിരുന്നു. ഡോക്ടറോട് വളരെ കംഫർട്ടബിളായി സംസാരിക്കാൻ പറ്റിയെന്നൊക്കെ പറഞ്ഞു. ഒരു ജെൽ തന്നു, കുറച്ചു ദിവസം നോക്കിയിട്ടും പറ്റിയില്ലേൽ ചെറിയൊരു പ്രൊസീജർ ചെയ്യാമെന്ന് പറഞ്ഞു എന്നും.

പക്ഷെ, ആ ഡോക്ടർ പറഞ്ഞ മാർഗങ്ങളും ജെല്ലും ഒന്നും ഫലം ചെയ്തില്ല. ഒരു വ്യത്യാസവുമില്ല. രണ്ടാളും ഹെവിലി ഫ്രസ്ട്രേറ്റഡായി. ഇനിയിത് ഒരിക്കലും ശരിയാവില്ലേയെന്ന് സംശയിച്ച് അവനവനോടും പരസ്പരവും ദേഷ്യം തോന്നിത്തുടങ്ങി. ദേഷ്യവും സങ്കടവും നിറഞ്ഞുനിന്ന ഒരു ദിവസം അവൾ പറഞ്ഞു,

'I was sexually abused by someone..'

അവൻ ഞെട്ടി. 'ആര്?! എപ്പൊ?!' അവൻ ചോദിച്ചു.

അവളാ കാര്യങ്ങൾ ആദ്യമായി ഒരാളോട് പറയുകയാണ്..

വളരെ കുഞ്ഞായിരുന്നപ്പോഴാണ്. ഞാൻ നഴ്സറി സ്കൂളിൽ പഠിക്കുമ്പോ. വീട്ടിലെന്തോ പണിക്ക് വന്ന ഒരാൾ അവിടെ പിടിച്ചു. രണ്ടുവട്ടം.. ഭയങ്കര വേദനയായിരുന്നു. ഞാൻ എതിർത്തുനോക്കി. ഞാൻ കുറേ കരഞ്ഞു.. അമ്മയോട് പറയാനും പേടിയായിരുന്നു. അമ്മ എപ്പോഴും വഴക്കു പറയും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിക്കും. ഇത് പറഞ്ഞാലും അടി എനിക്കായിരിക്കും കിട്ടുന്നത്.. അതോണ്ട് ആരോടും പറഞ്ഞില്ല. ആ സംഭവം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പൊ എൻ്റെ വലിയച്ഛൻ്റെ മോനും.. അന്ന് ഞാൻ എൽ പി സ്കൂളിലായിരുന്നു. അയാൾ പിന്നെ പലപ്രാവശ്യം.. ഒരിക്കൽ പെറ്റിക്കോട്ടിൽ രക്തമായി. അതിനുശേഷം രക്തം കണ്ടാൽ തന്നെ പേടിയായിരുന്നു. പിറകിലെപ്പോഴും ആരോ ഫോളോ ചെയ്യുമ്പോലെയൊക്കെ തോന്നും. ആ പേടിയൊക്കെ കല്യാണത്തിന് കുറെ നാൾ മുമ്പ് വരെയും ഉണ്ടായിരുന്നു. അതു മാറിയപ്പൊ ഇതൊക്കെ മറന്നുവെന്നാണ് വിചാരിച്ചത്.. ഇങ്ങനെയൊക്കെ ആവുമെന്ന് ഞാൻ കരുതീല്ല.. ഭർത്താവിനോട് പറഞ്ഞാലെങ്ങനെ എടുക്കുമെന്ന് പേടിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത്..

സുഹൃത്ത് രാത്രിയിലെനിക്ക് മെസേജയച്ചു, സംഗതി കുറച്ച് സീരിയസാണെന്ന് പറഞ്ഞു. കാര്യങ്ങളെല്ലാം പറഞ്ഞു. ഈ അവസ്ഥയിൽ അവർക്കൊരു സൈക്യാട്രിസ്റ്റിൻ്റെ സഹായമാണത്യാവശ്യമെന്ന് തോന്നി. പിറ്റേന്ന് തന്നെ ഗൈനക് ഡോക്റ്ററെയും കണ്ടു, സൈക്യാട്രിസ്റ്റിൻ്റെ അപ്പോയ്മെൻറും എടുത്തു. കഴിഞ്ഞ കുറച്ചു ദിവസമായിട്ടവർ സൈക്യാട്രിസ്റ്റിൻ്റെ നിർദ്ദേശപ്രകാരമുള്ള ചികിത്സയിലാണ്.

ഭർത്താവിനോട് തുറന്നു പറഞ്ഞപ്പോഴുണ്ടായ ആത്മവിശ്വാസത്തിലോ ആശ്വാസത്തിലോ ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ അനിയത്തിയോടും അവൾ പറഞ്ഞു. അപ്പോഴാണ് ഞെട്ടിക്കുന്ന പലതും വീണ്ടും പുറത്ത് വരുന്നത്. ഇതേ വലിയച്ഛൻ്റെ മകൻ അനിയത്തിയെയും അബ്യൂസ് ചെയ്തിട്ടുണ്ടെന്ന്.. ഓറൽ സെക്സ് വരെ ചെയ്യിച്ചിട്ടുണ്ട് എന്ന്..!!

ഇതൊക്കെ കേട്ടിട്ട് എനിക്കു തന്നെ വല്ലാണ്ടായി. ആ വലിയച്ഛൻ്റെ മകൻ അടുത്ത് തന്നെയാണത്രേ താമസം. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇപ്പോഴും ആ വീട്ടുകാരോടും ഈ കുട്ടികളോടും ഇടപഴകുന്നുണ്ട്. ഉള്ളിൽ അറപ്പും വച്ച്, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇവരോടൊക്കെ പെരുമാറേണ്ട ഗതികേടാണീ കുട്ടികൾക്ക് ഇപ്പോഴും..

അറിവില്ലാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളോട് ഇതുപോലുള്ള പീഡോഫീലിക് നരാധമൻമാർ കാട്ടിക്കൂട്ടുന്ന രതിവൈകൃതങ്ങൾ എത്രത്തോളം കുട്ടികളുടെ 'മനസിനെ' മുറിപ്പെടുത്തുമെന്നതിന് ഒരുദാഹരണം മാത്രമാണീ അനുഭവം. കല്യാണം കഴിഞ്ഞ് 2 വർഷത്തിലധികമായിട്ടും സെക്സിനെ ഇത്ര ഭയക്കണമെങ്കിൽ, ഉപബോധമനസിൽ അന്നതെത്ര വലിയ ട്രോമയാണുണ്ടാക്കിയിരിക്കുകയെന്ന് ഊഹിക്കാൻ തന്നെ പ്രയാസം.

ഇവിടെ ശരിക്കും ആരാണ് കുറ്റക്കാർ..? ആ പണിക്കാരനും വലിയച്ഛൻ്റെ മകനും? അമ്മയും അച്ഛനും? കുഞ്ഞുങ്ങൾക്ക് സ്വയം സുരക്ഷയ്ക്കുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കാത്ത അധ്യാപകർ? ഒട്ടും സൗഹാർദ്ദപരമല്ലാത്ത കുടുംബാന്തരീക്ഷം? ഞാനൊരു വിധികർത്താവൊന്നുമാകുന്നില്ല. പക്ഷെ ആ കുറ്റവാളികൾക്ക് മാത്രമല്ല ബാക്കിയുള്ളവർക്കും ഇതിൽ പങ്കുണ്ടെന്ന് വിചാരിക്കുകയും ചെയ്യുന്നു."

വളരെ ക്രൂരമായ സത്യങ്ങൾ താനെ ആണെങ്കിലും പലപ്പോഴും കഥകളായി മാത്രമാണ് നമ്മൾ സത്യങ്ങളെപ്പോലും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക. ലോകത്തിൽ മുഴുവനായി തന്നെ വീടുകൾക്കുള്ളിൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത് പോലെ കൂടുതലാണ്. ഡോക്ടർ മനോജ് വെള്ളനാട് അതിനൊരു പ്രതിവിധി കൂടി നിർദ്ദേശിക്കുന്നുണ്ട്,

"ഏതെങ്കിലുമൊരു പകർച്ച വ്യാധിയുണ്ടാകുന്നതിനേക്കാൾ അധികം കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല, അതേ അളവിൽ തന്നെ ആൺകുട്ടികളും പീഡനങ്ങൾക്കിരയാവുന്നുണ്ട്. അതോ, കുഞ്ഞുങ്ങൾക്ക് വളരെ അടുത്തറിയാവുന്ന, ചിലപ്പോൾ ആ വീട്ടിലെ വളരെ വേണ്ടപ്പെട്ട വ്യക്തിയിൽ നിന്നാവും കൂടുതൽ കുട്ടികളും പീഡനത്തിനിരയാവുന്നതെന്ന്.. അങ്ങനെയുള്ള 90% സംഭവങ്ങളും ആരുമറിയുന്നില്ല. ആരുമറിയാത്ത ആ 90%-ലെ രണ്ടിരകളെയാണ് മുകളിൽ നമ്മൾ കണ്ടത്.

നമ്മൾ മനസുവച്ചാൽ ഒരു പരിധി വരെ ഇതൊക്കെ തടയാൻ കഴിയും. അതിന് രണ്ടുകാര്യങ്ങൾ പ്രധാനമായും വേണം,

1. സെക്സ് എഡ്യൂക്കേഷൻ 2. കുട്ടികളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രക്ഷകർത്താക്കൾ.

ങേ.. പൊടിക്കുഞ്ഞുങ്ങൾക്കും സെക്സ് എഡ്യൂക്കേഷനോ! എന്നോർത്ത് ഞെട്ടണ്ടാ. ഒരു 3 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ചിലകാര്യങ്ങൾ നമ്മൾ പറഞ്ഞു കൊടുക്കണം.

1.നിങ്ങളുടെ കുഞ്ഞിൻ്റെ ചുണ്ട്, നെഞ്ച്, മൂത്രമൊഴിക്കുന്ന ഭാഗങ്ങൾ, പിറകുവശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക.

അമ്മയോ അച്ഛനോ അല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്ന് തന്നെ പറയുക. 'ആരെയും' എന്നത് കുട്ടികൾക്ക് മനസിലാവുന്ന ഭാഷയിൽ തന്നെ പറഞ്ഞു കൊടുക്കണം. ഉദാ: നമ്മുടെ വലിയച്ഛൻ്റെ മോൻ ഉണ്ണിക്കുട്ടനായാലും മോൾക്കന്ന് മുട്ടായി കൊണ്ടു തന്ന ബുള്ളറ്റ് ചേട്ടനായാലും… ഇങ്ങനെയിങ്ങനെ.

(ഒരു ഡോക്ടർക്ക് പോലും പരിശോധനയുടെ ഭാഗമായി ആ ഭാഗങ്ങളിൽ തൊടാൻ അമ്മയുടേയോ, അച്ഛന്റെയോ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ മാത്രമേ പറ്റൂ)

2. സ്വകാര്യഭാഗങ്ങളിൽ തൊട്ടുള്ള കളികൾ കളിക്കുവാൻ ആരെങ്കിലും നിർബന്ധിച്ചാൽ അത് നല്ല കളിയല്ലെന്നും, ആ കളി കളിക്കുന്നവരോട് കൂട്ടു പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ അതുവന്നു അന്നു തന്നെ വീട്ടിൽ പറയണമെന്നും കുട്ടികളെ പഠിപ്പിക്കണം.

3. ഇനി മറ്റാരെങ്കിലും ഈ ഭാഗങ്ങളിൽ സ്പർശിച്ചാൽ ഉറക്കെ തന്നെ 'തൊടരുത്' 'ഓടിവരണേ' 'രക്ഷിക്കണേ' എന്നൊക്കെ നിലവിളിക്കാൻ പറയുക. അവിടുന്ന് എത്രയും വേഗം അച്ഛനമ്മമാരുടെയോ അടുത്തറിയാവുന്ന മറ്റാരുടെയെങ്കിലും അടുത്തെത്താൻ പറയണം.

4. കൂടാതെ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുവാൻ കുട്ടികളെ ആരെങ്കിലും നിർബന്ധിച്ചാൽ അങ്ങനെ ചെയ്യരുതെന്നും അതും വീട്ടിൽ വന്നു അച്ഛനോടോ അമ്മയോടൊ പറയണമെന്നും പറഞ്ഞു കൊടുക്കണം.

5. ഒരു വസ്തുവും ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളിൽ തൊടുവാൻ, അത് കളിയുടെ രൂപത്തിലാണെങ്കിലും, ആരു നിർബന്ധിച്ചാലും ചെയ്യരുതെന്ന് പറഞ്ഞു കൊടുക്കണം.

6. പരിചയമില്ലാത്തവർ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പറയണം. മിട്ടായി, ഐസ് ക്രീം കളിപ്പാട്ടങ്ങൾ അങ്ങനെ എന്താണേലും.

ഇനിയെന്തെങ്കിലും സംഭവിച്ചാലും, കുട്ടികൾക്ക് അവരുടെ ലെവലിൽ നിന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന രക്ഷകർത്താക്കൾ ഇല്ലെങ്കിലും മേൽപ്പറഞ്ഞ അനുഭവം പോലെ, ഒക്കെ ആവർത്തിക്കപ്പെടും. അച്ഛനുമമ്മയും അധ്യാപകരും എല്ലാം രക്ഷകർത്താക്കളാണ്. അവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മാത്രം പോരാ,

1. കുട്ടികളുടെ സ്വഭാവത്തിലോ, പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങൾ തിരിച്ചറിയണം. ശ്രദ്ധക്കുറവോ ഇടപഴകുന്നതിലോ പഠനത്തിലോ എന്തെങ്കിലും വ്യത്യാസമോ ഒക്കെ കണ്ടാൽ ഉടനെ തന്നെ കാര്യങ്ങൾ ചോദിച്ചു അറിയാൻ ശ്രമിക്കണം.

2.'അമ്മ/ അച്ഛൻ മോളെ/മോനെ വഴക്കു പറയില്ല. എന്ത് തന്നെ ആയാലും മോൾ/മോൻ പറഞ്ഞോ" 'അമ്മ/ അച്ഛൻ മോളെ/ മോനെ അടിക്കില്ല." എന്നൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു കാര്യം അറിയുവാൻ ശ്രമിക്കുക.

3. എന്നിട്ടും അവർ തുറന്നു പറയുന്നില്ലെങ്കിൽ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ സഹായം വേണ്ടി വരും. അധ്യാപകരാണ് തിരിച്ചറിയുന്നതെങ്കിൽ മാതാപിതാക്കളെ ഇക്കാര്യം ആദ്യം ധരിപ്പിച്ചതിന് ശേഷം സൈക്കോളജിസ്റ്റിനെ കാണുക.

4. അങ്ങനെ ഒരു മോശം അനുഭവം ആരിൽ നിന്നെങ്കിലുമുണ്ടായിട്ടുണ്ടെന്ന് മനസിലായാൽ കുട്ടികളെ ഒരു കാരണവശാലും കുറ്റപ്പെടുത്തരുത്. അവരോട് എംപതിയോടെ മാത്രം പെരുമാറണം. പക്ഷെ സംഭവം ഉടനെ പോലീസിൽ അറിയിക്കണം.

വാളയാറിലെ കുഞ്ഞുങ്ങൾ ഇപ്പോഴും നമ്മുടെ നെഞ്ചിലെ ഒരു നോവാണ്. അതുപോലെ, അല്ലെങ്കിൽ ഇതുപോലെ എത്രയെത്ര കുഞ്ഞുങ്ങൾ നമ്മുടെ അയൽപ്പക്കങ്ങളിൽ, നമ്മുടെ തന്നെ വീടുകളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടാവും?

ഈ പീഡോഫീലിക് പെർവർട്ടുകളെ (ഇത് ചെയ്യുന്ന എല്ലാവരും പീഡോഫൈലുകൾ അല്ലാ.. Heterosexuals തന്നെയാണ് ഈ ക്രൈം ചെയ്യുന്നവരിൽ അധികവും) വെറുതെ വിടാൻ പാടില്ലാ. മുകളിൽ പറഞ്ഞ ആ 'വലിയച്ഛൻ്റെ മകനെ'യും വെറുതെ വിടരുതെന്നാണ് ഞാനവരോട് പറഞ്ഞത്. പക്ഷെ ഇത്ര വർഷങ്ങൾക്കു ശേഷം ഇനിയെന്തു വേണമെന്ന് അവർ തീരുമാനിക്കട്ടെ. എന്തിനും എല്ലാ പിന്തുണയും നമുക്ക് കൊടുക്കാം"

English Summary: Doctor's Statement About Child Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com