ADVERTISEMENT

അച്ഛനെയും അമ്മയെയും നഷ്ടമായ ആ കുഞ്ഞുങ്ങളെ കുറിച്ചോർക്കുമ്പോൾ മനഃസാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെടും. അവരുടെ കൺമുന്നിൽ വച്ചാണ് മാതാപിതാക്കൾ വെന്തെരിഞ്ഞത്. ഈ ജന്മം മുഴുവൻ ആ കാഴ്ച അവരുടെ ഉറക്കം കെടുത്തും. സമൂഹമനഃസാക്ഷിയെ നടുക്കുന്നതായിരുന്നു നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും ആത്മഹത്യ. ‘നിങ്ങൾ കാരണമാണ് എന്റെ അച്ഛൻ മരിച്ചത്. ഇനി അടക്കാനും സമ്മതിക്കില്ലേ’ എന്ന രാജന്റെ മകന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ തലതാഴ്ത്തി നിൽക്കുകയാണ് നമ്മള്‍. മാതാപിതാക്കളെ നഷ്ടമായ ആ കുഞ്ഞുങ്ങൾക്ക് വേറിട്ടരീതിയിൽ ഒരു സഹായാഭ്യർഥനയുമായി എത്തുകയാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്. 

നെയ്യാറ്റിൻകരയിലെ കുഞ്ഞുങ്ങള്‍ക്കായി തന്റെ കയ്യിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ‘അനന്തവിജയം’ എന്ന മോതിരം വിൽക്കാനൊരുങ്ങുകയാണ് ലക്ഷ്മി. ഈ മോതിരം വിറ്റ് ലഭിക്കുന്ന പണം നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പേരിൽ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. നാനോ ശിൽപിയായ ഗണേഷ് സുബ്രഹ്മണ്യം നിർമിച്ചതാണ് ഒട്ടേറെ സവിശേഷതകളുള്ള ഈ മോതിരം. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഈ മോതിരം തനിക്ക് ലഭിച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ: ‘ വളരെ പാവപ്പെട്ട ഒരു ശിൽപിയാണ് ഗണേഷ്. ശ്രീപദ്മനാഭന്റെ നാനോരൂപം ആലേഖനം ചെയ്ത ഇത്തരത്തിലുള്ള രണ്ട് മോതിരം മാത്രമാണ് ഗണേഷ് നിർമിച്ചിരുന്നത്. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വര്‍മയും മോഹൻലാലും മാത്രമാണ് രണ്ട് മോതിരങ്ങൾ വാങ്ങിയിരുന്നത്. ഇത്തരത്തിൽ നാനോക്രാഫ്റ്റിലുടെ മോതിരം നിർമിക്കുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി ഗണേഷ് ആയിരിക്കും. ഗണേഷിനെ കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോൾ എനിക്ക് വളരെ കൗതുകം തോന്നി ഞാൻ അദ്ദേഹത്തോട് മോതിരം നിർമിക്കാൻ  ആവശ്യപ്പെട്ടു. ഇതിലൂടെ ഗണേഷ് രക്ഷപ്പെടുമെന്നും അന്ന് പറഞ്ഞു.

അങ്ങനെ ഗണേഷ് വീണ്ടും മോതിരം നിർമിക്കുകയും പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അത് പൂജിച്ചു വാങ്ങി ഗണേഷിന്റെ കയ്യിൽ ഞാനത് ഏൽപിക്കുകയും ചെയ്തു. അന്ന് തന്നെ ആ മോതിരം വിറ്റുപോയി. പിന്നീട് പലതരത്തിലുള്ള നാനോരൂപങ്ങൾ കൊത്തിയ മോതിരങ്ങൾ ഗണേഷ് നിർമിച്ചു. പാല്‍ കുടിക്കുന്ന ഉണ്ണിയേശും അടക്കമുള്ളവ അതിൽ ചിലതാണ്. മൂന്നു വർഷം മുൻപ് എന്നെങ്കിലും പൈസയുണ്ടാകുമ്പോൾ ഇതുപോലെ ഒരെണ്ണം പണിയിക്കുമെന്ന് 

ganesh-ring
‘അനന്ത വിജയം’ മോതിരത്തിന്റെ ശിൽപി ഗണേഷ് സുബ്രഹ്മണ്യം

ഞാൻ ഗണേഷിനോട് പറഞ്ഞിരിക്കുന്നു. പിറ്റേമാസം ഒന്നാം തിയതി ഗണേഷ് ഒരു മോതിരവുമായി വന്നു. എന്നിട്ട് പറഞ്ഞു. ‘ഇത് ചേച്ചിക്കാണ്.’ അത് വേണ്ട എന്നു പറയാൻ എനിക്ക് തോന്നിയില്ല. ഇത് തത്കാലം ഞാൻ സൂക്ഷിക്കാം. ഗണേഷിന് എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമായി വരുമ്പോൾ ഇത് വന്ന് തിരികെയെടുക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. പിന്നെ ചില വിശേഷാവസരങ്ങളിലും മറ്റും ഞാൻ അതെടുത്ത് ഉപയോഗിക്കും. ചിലപ്പോൾ തുറന്നു നോക്കുകയും ചെയ്യും.

പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് നെയ്യാറ്റിൻകരയില ദമ്പതികളുടെ ആത്മഹത്യയും അനാഥരാക്കപ്പെട്ട ആ കുഞ്ഞുങ്ങളുടെ അവസ്ഥയും അറിയുന്നത്. മതിലകം രേഖകളിൽ തടിയിൽ തീർത്ത പദ്മനാഭ വിഗ്രഹം തീപിടിത്തത്തിൽ നശിച്ചതിനെ സംബന്ധിച്ച് ‘തിരുവുടൽ വെന്തുപോയി’ എന്ന് പറയുന്നുണ്ട്. അത് വായിച്ച് എനിക്ക് ഭയങ്കര സങ്കടം തോന്നി. അച്ഛനമ്മമാർ കണ്‍മുന്നിൽ വെന്തെരിയുന്നത് കാണേണ്ടി വന്ന ആ കുഞ്ഞുങ്ങളുടെ മുഖം പെട്ടന്ന് എന്റെ മനസ്സിലേക്ക് വന്നു. ഞാൻ ആദ്യം ഓർത്തത് ഒരുമാസത്തെ ശമ്പളം അവർക്ക് നൽകാനായിരുന്നു. എന്നാൽ അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച് കാര്യമുണ്ടാകില്ലെന്ന് എനിക്ക് തോന്നി. ഈ കുട്ടികൾ ഭക്ഷണം കഴിക്കാതെ തളർന്നു വീഴുന്ന കാഴ്ച നമ്മൾ കണ്ടു. സഹതാപ തരംഗം നിറച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടെങ്കിലും അവർ ഭക്ഷണം കഴിച്ചോ എന്ന് ആരും ചോദിച്ചില്ല. 18 വയസ്സാകുന്നതു വരെ അവരുടെ ഭക്ഷണ ചിലവിനായി ഈ മോതിരം വിറ്റു കിട്ടുന്ന തുക ബാങ്കിലിട്ടു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. ’– ലക്ഷ്മി പറയുന്നു.

അഞ്ച് ലക്ഷം രുപയാണ് ‘അനന്തവിജയം’ എന്ന ഈ അമൂല്യ മോതിരത്തിന്റെ വില. മോതിരത്തിനുള്ളിൽ ലെന്‍സിനുള്ളിലൂടെ നോക്കിയാൽ മാത്രം കാണാവുന്ന രീതിയിൽ ലോകത്തിലെ എറ്റവും ചെറിയ പദ്മനാഭസ്വാമിയെ ആലേഖനം ചെയ്തിരിക്കുന്നു. തനിക്ക് വളരെ ഐശ്വര്യമുള്ളതായി തോന്നിയിരുന്നതാണ് ഈ മോതിരമെന്നും ഇത് കൈവശമുള്ള ഏക വനിത ചിലപ്പോൾ താനായിരിക്കുമെന്നും ലക്ഷ്മി പറയുന്നു. മോതിരം ഇപ്പോൾ ഗണേഷിന് വിൽപനയ്ക്കായി തിരിച്ചു നല്‍കി.  മകൾക്ക് കൊടുക്കാം എന്നാണ് കരുതിയിരുന്നത് . അത് അതീവ സന്തോഷത്തോടെ ഈ കുട്ടികൾക്ക് നൽകാൻ ഒരുക്കമാണ്. ധാരാളം പണം കൈവശമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ മോതിരത്തിന്റെ ശിൽപിയായ ഗണേഷിനെ ഈ മോതിരത്തിനായി സമീപിക്കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്ത് പിടിച്ച്  പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ലക്ഷംവീട് കോളനിയിലെ പുറംപോക്ക് ഭൂമിയിലാണ് രാജനും കുടുംബവും കഴിഞ്ഞിരുന്നത്. കോടതി ഉത്തരവിനെ തുടർന്ന് കുടിയൊഴിപ്പിക്കലിനായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ ചേർത്തു പിടിച്ച് രാജൻ ലൈറ്റര്‍ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മെഡിക്കൽ കോളജിൽ വച്ച് മരണത്തിനു കീഴടങ്ങി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com