ഹരിയാനയിലെ ജിൻഡ് ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ഇപ്പോൾ ട്രാക്ടർ പരിശീലനത്തിന്റെ തിരക്കാണ്. നേരത്തേ പുരുഷൻമാരാണു ട്രാക്ടർ ഓടിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകൾ ട്രാക്ടർ ഓടിക്കുന്ന കാഴ്ചയാണു കാണുന്നത്. കൃഷി ജോലികളുമായി ബന്ധപ്പെട്ടല്ല ഈ ട്രാക്ടർ പരിശീലനം. പകരം ഈ മാസം ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിന്റെ ഭാഗമായി പദ്ധതിയിട്ടിരിക്കുന്ന കിസാൻ പരേഡിൽ പങ്കെടുക്കാൻ വേണ്ടിയാണ്.
കിസാൻ പരേഡിൽ പങ്കെടുക്കാനുള്ള ട്രാക്ടറുകളുടെ നിയന്ത്രണം ഭാരതീയ കിസാൻ യൂണിയൻ സ്ത്രീകളെയാണ് ഏൽപിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗ്രാമങ്ങളിലെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മിക്ക പുരുഷൻമാരും ഇപ്പോൾ ഡൽഹി അതിർത്തിയിൽ നടന്നുവരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുകയാണ്. അതുകൊണ്ടാണ്കിസാൻ പരേഡ് എന്നു പേരിട്ടിരിക്കുന്ന റിപ്പബ്ലിക് ദിനത്തൽ ട്രാക്ടർ ഓടിക്കാനുള്ള ചുമതല സ്ത്രീകളെ ഏൽപിച്ചിരിക്കുന്നത്. ഇതിനോടകം അഞ്ഞൂറോളം സ്ത്രീകൾക്ക്
ഭാരതീയ കിസാൻ യൂണിയൻ പരിശീലനം നൽകിക്കഴിഞ്ഞു. നാളെ കുണ്ട് ലി- മനേസർ- പൽവൽ എക്സ്പ്രസ് വേയിൽ സ്ത്രീകൾ ട്രാക്ടറിൽ പ്രക്ഷോഭം നടത്തും. ജിൻഡ് ഗ്രാമത്തിൽ നിന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങളിൽ സ്ത്രീകൾ ട്രാക്ടർ ഓടിക്കുന്നതു വ്യാപകമായി കാണാം. ട്രാക്ടറിൽ ഇരിക്കുന്ന മറ്റു സ്ത്രീകൾ മുദ്രാവാക്യംവിളിക്കുന്നതും കാണാം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ ട്രെയ്‌ലർ മാത്രമാണെന്നും യഥാർഥ പ്രക്ഷോഭത്തിന്റെ കരുത്ത് നാളെ റോഡിൽ കാണാമെന്നുമാണ് ഒരു കർഷക നേതാവ് പറഞ്ഞത്.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരും കർഷകരും തമ്മിൽ നടന്ന ഏഴാം വട്ട ചർച്ച തീരുമാനമാകാതെ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നിശ്ചയിച്ചിരിക്കുന്നത്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ വ്യാപകമായ സമരം നടത്തുമെന്നാണ് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനുവരി 26 ന് കർഷക സമരം തുടങ്ങിയിട്ട് രണ്ടു മാസമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
English Summary: Women Take The Wheel In Haryana To Lead Tractor Rally Against Farm Laws