ADVERTISEMENT

എല്ലാ മേഖലകളിലും സ്ത്രീപുരുഷസമത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി പോപ്പ് ഫ്രാൻസിസിന്റെ പുതിയ നീക്കം. വത്തിക്കാനിലെ  പ്രധാനപ്പെട്ട രണ്ട് പോസ്റ്റുകളിലേക്ക് വനിതകളെ നിയമിച്ചു. മുൻപ് പുരുഷന്മാർ മാത്രം അധികാരമേറ്റിരുന്ന  സ്ഥാനങ്ങളിലേക്കാണ് ഇപ്പോൾ രണ്ട് വനിതകൾ നിയമിതരായിരിക്കുന്നത്.

സേവിയർ മിഷനറി കന്യാസ്ത്രീ സമൂഹത്തിലെ  ഫ്രാൻസിൽ നിന്നുള്ള അംഗമായ നതാലി ബകാർട്ട് , ഇറ്റാലിയൻ മജിസ്ട്രേറ്റായ കാതിയ സമ്മരിയ എന്നിവരെയാണ് ഉന്നത പദവികളിലേക്ക്  പോപ്പ് ഫ്രാൻസിസ് തിരഞ്ഞെടുത്തിരിക്കുന്നത്.ബിഷപ്പ് സിനഡിന്റെ സഹ അണ്ടർ സെക്രട്ടറിയായാണ് സിസ്റ്റർ നതാലിയുടെ നിയമനം. വത്തിക്കാൻ അപ്പീൽ കോടതിയുടെ ആദ്യ വനിതാ പ്രമോട്ടർ ഓഫ് ജസ്റ്റിസായിയാണ് കാതിയ നിയമിതയായിരിക്കുന്നത്.

സഹ അണ്ടർ സെക്രട്ടറിയായി നിയമിതയായതോടെ സിസ്റ്റർ നതാലിക്ക് ഇനി ബിഷപ്പുമാരുടെ സമ്മേളനങ്ങളിൽ വോട്ട് രേഖപ്പെടുത്താനാകും. സിനഡുകളിൽ നിരീക്ഷകരായും ഉപദേശകരായും മുൻപ് വനിതകൾ പങ്കെടുത്തിട്ടുണ്ടെങ്കിലും ബിഷപ്പുമാർക്കും തിരഞ്ഞെടുക്കപ്പെട്ട പുരുഷ പ്രതിനിധികൾക്കും മാത്രമായിരുന്നു ഇതുവരെ പോപ്പിന് അയയ്ക്കുന്ന  രേഖകളിൽ വോട്ട് രേഖപ്പെടുത്താനുള്ള അധികാരം ഉണ്ടായിരുന്നത്. 

പോപ്പ് ഫ്രാൻസിസിന്റെ തീരുമാനത്തിലൂടെ ഒരു പുതിയ വാതിൽ തുറന്നിരിക്കുകയാണ് എന്നും ഭാവി കാലങ്ങളിൽ സമാനമായ എന്തൊക്കെ നടപടികൾ സ്വീകരിക്കപ്പെടുമെന്ന്  കാണാൻ കാത്തിരിക്കുകയാണ് എന്നും സിനഡിന്റെ സെക്രട്ടറി ജനറലായ കാർഡിനൽ മാരിയോ ഗ്രക്ക് പറയുന്നു. വനിതകളെ പുരോഹിത സ്ഥാനത്തേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠനം നടത്താനുള്ള  കമ്മീഷന് രൂപം നൽകിയത് അടക്കം സഭയിൽ വനിതാശാക്തീകരണം ഉറപ്പു വരുത്താനായി നിരവധി നടപടികൾ പോപ്പ് ഫ്രാൻസിസ് ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്. വത്തിക്കാന്റെ സാമ്പത്തിക കാര്യ മേഖലയിലും വിദേശകാര്യ മേഖലയിലും  മ്യൂസിയത്തിലും പ്രസ്സ് ഓഫീസിലും ഒക്കെയായി കഴിഞ്ഞ വർഷങ്ങളിൽ വനിതകളെ നിയമിച്ചിരുന്നു.

English Summary: The Pope appoints two women to Vatican posts previously only ever held by men in Francis's latest show of support for equality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com