ADVERTISEMENT

ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്ര നേട്ടം കുറിച്ചയാളാണ് രശ്മി സാമന്ത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതിയുണ്ടായിരുന്ന വ്യക്തിയാണ് രശ്മി. എന്നാൽ, ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം തന്നെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരിക്കുകയാണ്് അവർ. സമൂഹമാധ്യമങ്ങളിൽ വംശീയാധിക്ഷേപം നടത്തുന്ന രീതിയിലുള്ള അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടർന്നാണ് രാജി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപായിരുന്നു രശ്മിയുടെ അഭിപ്രായ പ്രകടനം. മുൻപ് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ വിവാദമായതാണ് രാജിക്കു കാരണം. വിദ്യാർഥികൾക്ക് ദീർഘമായ കത്തെഴുതിയാണ് രശ്മിയുടെ രാജി.

‘ഓക്സ്ഫഡിലെ മുഴുവൻ വിദ്യാർഥികളോടും പൊതുസമൂഹത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. സമീപകാലത്തെ ചിലസംഭവങ്ങൾ കാരണം എന്റെ ക്ഷമാപണം ചിലപ്പോൾ നിങ്ങൾ പൂർണമായി മുഖവിലയ്ക്കെടുക്കില്ല. എന്നിലും എന്റെ പ്രകടന പത്രികയയിലും നിങ്ങൾ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. ഇന്ന് നിങ്ങളുടെ നേതാവാകാൻ യോഗ്യതയില്ലാത്ത ആളായി ഞാൻ മാറിയിരിക്കുന്നു. എന്റെ വാക്കും പ്രവർത്തിയും നിങ്ങളെ വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. വിശ്വാസം വീണ്ടെടുക്കാൻ എനിക്ക് ഒരു അവസരം കൂടി നൽകണം.

പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ കുറ്റങ്ങളും കുറവുകളും ഞാൻ മനസ്സിലാക്കുന്നു. ഭാവിയിൽ ഞാൻ കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കും. ഇതിന് എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരുപാട് ധാരണകൾ തിരുത്താനുണ്ട്. അന്ന് വിദ്യാർഥി സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രസിഡന്റാകും ഞാൻ. തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയാണ് ഞാൻ. ഈ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊള്ളാൻ എനിക്ക് അവസരം നൽകണം. വ്യക്തിപരമായ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടിൽ പോയതിനാലാണ് മറുപടി നൽകാൻ വൈകിയത്. തെറ്റുകൾ തിരുത്താൻ കഴിയുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നു തന്നെയാണ് എന്റെ വിശ്വാസം. ’– രശ്മി പറയുന്നു. 

ബെർലിൻ ഹോളോകോസ്്റ്റ് സന്ദർശിച്ച ശേഷമിട്ട പോസ്റ്റും മലേഷ്യൻ സന്ദർശനത്തിനിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പുമാണ് വിവാദമായത്. രശ്മിയുടെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ റേഷ്യൽ അവയർനെസ് ആന്റ് ഇക്വാളിറ്റി എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രശ്മിക്ക് രാജി വയ്ക്കേണ്ടി വന്നത്. 

English Summary: Rashmi Samant resigns as Oxford student union president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com