ADVERTISEMENT

പദ്മഭൂഷൺ ബഹുമതി നേടിയ പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആദരമർപ്പിച്ച് വിക്രം സാരാഭായി സ്പേസ് സെന്‍റർ. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായാണ്  കെഎസ് ചിത്രയെ ആദരിച്ചത്. വിഎസ്എസ് സിയിലെ അന്താരാഷ്ട്ര വനിതാദിന ആഘോഷങ്ങളുടെ ചെയർപേഴ്സൺ എസ്. ഗീത ചടങ്ങിൽ സ്വാഗതം അർപ്പിച്ച് സംസാരിച്ചു. സ്പേസ് സെന്‍ററിന്റെ ഡയറക്ടറായ എസ്. സോമനാഥാണ് അധ്യക്ഷപദം അലങ്കരിച്ചത്. സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തേണ്ടതും  സ്ത്രീകളെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്  പിന്തുണയേകുന്നതും പുരുഷന്മാരുടെ കൂടി ഉത്തരവാദിത്വമാണ് എന്ന്  അധ്യക്ഷപ്രസംഗത്തിൽ സോമനാഥ് ഓർമിപ്പിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സമൂഹത്തിൽ ഒന്നാകെയും സ്ത്രീകൾ വഹിക്കുന്ന സമാനതകളില്ലാത്ത പങ്ക് അംഗീകരിക്കാനും ആദരിക്കാനുമുള്ള  ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാ ദിനവും എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വിഎസ്എസ് സിയിലെ പ്രോഗ്രാം ഡയറക്ടർ കൂടിയായ എസ്. ഗീത  കെ എസ് ചിത്രയെ പൊന്നാട അണിയിച്ചു.  ആദരം അർപ്പിച്ചു കൊണ്ടുള്ള ഫലകവും '50 ഇയേഴ്സ്  ഓഫ് സ്പെയ്സ്: എ ഗ്ലോബൽ പേഴ്‌സ്‌ക്ടീവ്' എന്ന പുസ്തകവും ചിത്രയ്ക്ക് കൈമാറി. വിഎസ്എസ് സിയുടെ ആദരം ഏറ്റുവാങ്ങാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ കെ എസ് ചിത്ര പറഞ്ഞു .കൊറോണക്കാലത്തെ പ്രതിരോധത്തിന് പല മേഖലകളിൽ മുൻനിരയിൽ പ്രവർത്തിച്ച വനിതകളെ ഓർക്കാനും കടപ്പാട് അറിയിക്കാനുമുള്ള അവസരമായി ഈ ദിനത്തെ കണക്കാക്കുന്നു എന്നും ചിത്ര  കൂട്ടിചേർത്തു. 

തിരുവനന്തപുരം കളക്ടർ ഡോക്ടർ നവജോത് ഖോസ ഐഎഎസ് പ്രത്യേക പ്രഭാഷണം നടത്തി. തനിക്കു ചുറ്റുമുള്ളവർക്കായി മുഴുവൻ സമയവും നീക്കിവയ്ക്കുന്ന സ്ത്രീകൾ  സ്വന്തം സന്തോഷത്തിനും താല്പര്യങ്ങൾക്കും വേണ്ടി അല്പം സമയം കണ്ടെത്താനും  മറന്നുപോകരുത് എന്ന് പ്രസംഗത്തിൽ  കളക്ടർ ഓർമിപ്പിച്ചു. ഐഐഎസ് യു ഡയറക്ടർ സാം ദയാല ദേവ്, വിഎസ്എസ് സി അസോസിയേറ്റ് ഡയറക്ടർമാരായ റോയ് എം. ചെറിയാൻ, ഡോക്ടർ ശരത് ചന്ദ്ര ശർമ്മ, ചീഫ് കൺട്രോളർ ഡോക്ടർ ബിജു ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ അതുല ദേവി തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com