ADVERTISEMENT

വീട്ടമ്മമാർക്ക് ശമ്പളം നൽകുന്ന പദ്ധതിക്ക് ഏരീസ് ഗ്രൂപ്പിൽ തുടക്കം. തങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന പ്രഖ്യാപിത പദ്ധതിയ്ക്കാണ് കഴിഞ്ഞദിവസം തുടക്കമായത്. ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. പ്രഭിരാജ് നടരാജന്റെ സഹധർമ്മിണി ശ്രീമതി ദീപാ പ്രഭിരാജാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്.

ഏരീസ്  ഗ്രൂപ്പിന്റെ ഇരുപത്തിമൂന്നാം വാർഷികദിനത്തിന്റേയും സ്ഥാപക ചെയർമാനും സിഇഒ യുമായ ഡോ. സോഹൻ റോയിയുടെ ജന്മദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. ഈ സ്കീം പ്രകാരം, വിവാഹത്തിന് ശേഷം മൂന്നു വർഷത്തിലധികമായി സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക്,  ജീവനക്കാരന്റെ വരുമാനത്തിന്റെ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന തുക ശമ്പളമായി ലഭിക്കും. ജീവനക്കാരന് നേരത്തെ ലഭിച്ചുവരുന്ന ശമ്പളത്തിന് പുറമേ ആയിരിക്കുമിത്. ഇതോടെ വീട്ടുജോലിയുടെ പവിത്രതയ്ക്കും  പ്രാധാന്യത്തിനും അംഗീകാരം നൽകുന്ന ആദ്യ സ്ഥാപനമായി ഏരീസ് ഗ്രൂപ്പ് മാറി.

നിലവിൽ  ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്‌. ഇതിനു പുറമേയാണ് ഭാര്യമാർക്ക് കൂടി ശമ്പളം നൽകാനുള്ള തീരുമാനം. കഴിഞ്ഞവർഷം സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള  പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു.

കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങൾക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാർക്ക് പതിവ് ശമ്പള വർദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങൾ കൂടി നൽകാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സോഹൻ റോയ് പറഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിർണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, 'എഫിസം 'എന്ന ഒരു സോഫ്റ്റ്‌വെയർ സിസ്റ്റം രൂപകൽപന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്പനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാൻ സ്ഥാപനത്തിന് സാധിച്ചു. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്.  ആരെയും പിരിച്ചു വിടുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ലെന്നും  ഡോ. സോഹൻ റോയ് വ്യക്തമാക്കുന്നു

ജീവനക്കാർക്കായി മറ്റ് നിരവധി ക്ഷേമ പദ്ധതികളും ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കൾക്ക് വർഷങ്ങളായി പെൻഷൻ കൂടാതെ ജീവനക്കാരുടെ കുട്ടികൾക്ക് എല്ലാ വർഷവും പഠന സ്കോളർഷിപ്പുകളും നൽകിവരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com