sections
MORE

അന്ന് ചോരയൊലിച്ച ആ കാൽ മുറിച്ചുമാറ്റി; ആത്മവിശ്വാസത്തോടെ റാംപിൽ ചുവടുവയ്ക്കുന്ന പാത്തു

pathu
SHARE

ആത്മവിശ്വാസം കയ്യിലുണ്ടെങ്കിൽ ഏതു പ്രതിസന്ധിയാണു മുന്നിൽ വന്നു നിൽക്കുക. മുന്നിൽ ഹിമാലയമാണെങ്കിലും അതു കീഴടക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല. അതുതന്നെയാണു പാത്തു ഫാത്തിമ്മയും പറയുക. കൃത്രിമക്കാലിൽ റാമ്പിൽ തലയുയർത്തി നടക്കുമ്പോൾ അവളുടെ മുഖത്തെ തെളിച്ചമൊന്നു കാണണം. ഒരാൾക്കും കെടുത്താനാവാത്ത വെളിച്ചമാണത്. 

കൊല്ലം പള്ളിമുക്ക് വയലിൽ പുത്തൻവീട്ടിൽ  സജിനയുടെ രണ്ടാമത്തെ മകൾ എസ്.ഫാത്തിമയ്ക്കു ജന്മനാ വലതുകാലിനു സ്വാധീനമുണ്ടായിരുന്നില്ല. പക്ഷേ, അതൊരു കുറവാണെന്ന് മകൾക്കു തോന്നാത്തവിധമായിരുന്നു സജിന ചെറുപ്പത്തിലേ മകളെ വളർത്തിയത്. കൊല്ലം എസ്എൻ കോളജ് ഫിലോസഫി മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഫാത്തിമ ഇതുവരെയെത്തിയതും ഉമ്മ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയായിരുന്നു. 

ആറു വയസ്സുവരെ നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല ഫാത്തിമയ്ക്ക്. ഉമ്മ സജിനയും വല്യുമ്മ നൂർജഹാനും ഉമ്മയുടെ സഹോദരി ഷീബയും സ്കൂളിലേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു പതിവ്. ആറാം ക്ലാസിലെത്തിയപ്പോൾ വല്യുമ്മയാണ് പാത്തുവിന് കൃത്രിമകാൽ വയ്പ്പിക്കുന്നത്. കൃത്രിമകാലിലെ നടത്തം അവളെ സംബന്ധിച്ചിടത്തോളം ദുരിതമായിരുന്നു. സ്കൂളിൽ പോയി മടങ്ങിവരുമ്പോഴേക്കും മുറിവുണ്ടായി ചോരയൊലിക്കും. അസഹ്യമായ വേദനയിൽ നിന്നു രക്ഷനേടാൻ മരുന്നും കഴിക്കേണ്ടി വന്നു. പ്ലസ് ടു വരെ ഇങ്ങനെ ഏറെ പ്രയാസപ്പെട്ടാണ് സ്കൂളിൽ പോയിരുന്നത്. 

‘‘ഇനിയും ഇങ്ങനെ വേദനസംഹാരി ഉപയോഗിക്കുകയാണെങ്കിൽ കാലിന്റെ ശേഷി പൂർണമായും ഇല്ലാതാകും’’ എന്ന് ഡോക്ടർമാർ അറിയിച്ചതോടെ പാത്തു മനസ്സുകൊണ്ടുറപ്പിച്ചു– കാൽ മുറിച്ചുമാറ്റാൻ. ബന്ധുക്കളെല്ലാം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഉറച്ചുനിന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് കാൽ മുറിച്ചുമാറ്റി, ആധുനികരീതിയിലുള്ള കൃത്രിമകാൽ വച്ചു. 

ചെറുപ്പം മുതലേ പാത്തുവിന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുകയെന്ന്.  പക്ഷേ, ആ മോഹത്തിനു തടസ്സമിട്ടത് കാലിലെ പ്രശ്നമായിരുന്നു. കൃത്രിമക്കാൽ വച്ചതോടെ പഴയ ആഗ്രഹം വീണ്ടും മനസ്സിലേക്കെത്തി. എല്ലാ പ്രതിസന്ധിയിലും പാത്തുവിന് ആശ്വാസത്തിന്റെ തീരമായിരുന്നത് ചേച്ചി നിഷാനയായിരുന്നു. മസ്കത്തിൽ മോട്ടിവേറ്റിങ് ട്രെയിനറായി ജോലി ചെയ്യുന്ന നിഷാനയാണ് പാത്തുവിനോട് മോഡലിങ്ങിലേക്കു കടക്കാൻ പറഞ്ഞത്. ആദ്യമൊക്കെ നിരാശപ്പെടേണ്ടി വന്നെങ്കിലും ചേച്ചി പറഞ്ഞതുപോലെയായി കാര്യങ്ങൾ. ഗോവയിൽ നടന്ന ഏഷ്യാ ഫാഷൻ ഫെസ്റ്റിൽ ബെസ്റ്റ് ഇൻസ്പയറിങ് മോഡലായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആത്മവിശ്വാസം കൂടി. ഈ സമയത്താണ് എമിറേറ്റ്സിന്റെ മോഡലായി തിരഞ്ഞെടുക്കപ്പെട്ടത്. 

‘‘കുഞ്ഞുനാളിൽ എന്റെ മോഹം പറയുമ്പോൾ കളിയാക്കാൻ ഒത്തിരിപേരുണ്ടായിരുന്നു. നേരാംവണ്ണം നടക്കാൻ പോലുമാവാത്ത നിന്നെ ഷോക്കേസിൽ വയ്ക്കേണ്ടിവരുമെന്നു പറഞ്ഞ് തളർത്തിയവരുണ്ടായിരുന്നു. അന്നൊക്കെ ഞാൻ ശരിക്കും തളർന്നുപോയിട്ടുണ്ടായിരുന്നു. മറ്റു കുട്ടികളൊക്കെ ഓടി നടക്കുമ്പോൾ ക്ലാസ്മുറിയിൽ വിതുമ്പലോടെ നോക്കിയിരിക്കും. 

പക്ഷേ, ഇന്ന് എനിക്കു പറക്കാൻ ചിറകുകളുണ്ട്. കൃത്രിമക്കാലാണെന്നു തോന്നാറേയില്ല. എന്നെ ഞാനാക്കിയത് ഉമ്മയും നിഷാനയും രണ്ടാനുമ്മയായ ഷീബയുമാണ്. അവർ നൽകിയ ആത്മവിശ്വാസമാണ് റാമ്പുകളിൽ എന്നെ തലയുയർത്തി നടത്തുന്നത്. എന്റെ മോഹത്തിന്റെ അരികിലെത്താറായി എന്നെനിക്കു തോന്നാറുണ്ട്. സിനിമയിൽ ഞാൻ അഭിനയിക്കും. അതിനുള്ള ഒരുക്കത്തിലാണിപ്പോൾ’’– പാത്തു ഫാത്തിമ്മ എന്ന് ഫാഷൻ ലോകത്ത് അറിയപ്പെടുന്ന എസ്. ഫാത്തിമ പറഞ്ഞു.

English Summary: Pathu's Life Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA