sections
MORE

ടെലിവിഷന്‍ സ്ക്രീനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വീണ ജോർജ് നേതാവായപ്പോൾ...!

SHARE

‘ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന അവളുടെ കുടുംബത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് വരുത്തി തീർക്കുന്നത് കടുത്ത സ്ത്രീ വീരുദ്ധതയാണ്. 17 വർഷം മാധ്യമ പ്രവർത്തനം നടത്തിയത് ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയായല്ല.’ 2016ലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ആറന്മുള എംഎൽഎ വീണാ ജോർജിന്റെ മറുപടിയായിരുന്നു ഇത്. ഈ മറുപടിയിൽ തന്നെ വീണ ജോർജിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട് വ്യക്തം. എതിരാളികളുടെ അധിക്ഷേപങ്ങൾക്ക് വികാരാധീനയായി പ്രതികരിച്ചില്ല വീണ. പകരം വീണയുടെ പക്വതയുള്ള മറുപടി എതിരാളികളെ നിശബ്ദരാക്കി.  

മാധ്യമപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സാമൂഹനന്മയ്ക്കായിരിക്കണമെന്ന നിർബന്ധ ബുദ്ധി കരിയറിലും പൊതുജീവിതത്തിലും വീണയ്ക്കുണ്ടായിരുന്നു. വരട്ടാറിന്റെ പുനരുജ്ജീവനം അദ്ഭുതത്തോടെയാണ് കേരളം കണ്ടത്. പ്രകൃതി സംരക്ഷണത്തിന്റെ മികച്ച മാതൃകയായി 30 വർഷമായി മരിച്ചു പോയ ഒരു പുഴയുടെ പുനരുജ്ജീവനം. വീണ്ടെടുത്ത നദിയിൽ വള്ളംകളിയും നടത്തി. വീണയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് മണ്ഡലത്തിലെ ശ്രമകരമായ ഇത്തരം പ്രവർത്തനങ്ങള്‍ കൂടിയാണ്. 

ഉറച്ച നിലപപാടുകളും ആത്മസമർപ്പണവും കരിയറിൽ വീണയെ ഉയരങ്ങളിലെത്തിച്ചു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഒരു സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായി എത്തുന്ന ആദ്യ വനിത എന്ന വിശേഷണവും വീണയ്ക്ക് അർഹതപ്പെട്ടതാണ്. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വീണ ആറന്മുളയിൽ മത്സരത്തിനിറങ്ങുന്നത്. കോളജ് കാലം മുതൽ തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന വീണ പക്ഷേ, തന്റെ മാധ്യമപ്രവർത്തന ജീവിതത്തിലൊരിക്കലും  പക്ഷപാദിത്തം കാണിച്ചിട്ടില്ല. ആറൻമുളയില്‍ വീണജോർജ് എൽഡിഎഫ് സ്ഥാനാർഥിയാകുന്നു എന്ന വാർത്ത വരുമ്പോഴാണ് പലരും വീണയുടെ രാഷ്ട്രീയം മനസ്സിലാക്കിയത്. എംഎല‍്‍എയാകുന്നതു വരെ ടെലിവിഷൻ സ്ക്രീനിൽ നിറഞ്ഞു നിന്ന വീണ എംഎൽഎയായതോടെ ഒരു ചർച്ചയ്ക്കു പോലും ചാനലുകളിൽ എത്തുന്നത് വിരളം. ഇനി തന്റെ കർമമണ്ഡലം പൊതുജനങ്ങൾക്കിടയിലാണെന്ന വ്യക്തമായ ബോധ്യം അവർക്കുണ്ടായിരുന്നു. മുഴുവൻ സമയ മാധ്യമപ്രവര്‍ത്തകയിൽ നിന്നും മുഴുവൻ സമയ ജനപ്രിതിനിധിയായി അവർ മാറി. 

നിയമസഭയുടെ അകത്തളത്തിലും വീണയുടെ ശബ്ദം വേറിട്ടു നിന്നു. ഒരു തുടക്കക്കാരിയുടെ അമ്പരപ്പൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കൃത്യമായ ഗൃഹപാഠം നടത്തി ഓരോ വിഷയങ്ങളും പക്വതയോടെ അവതരിപ്പിക്കുന്ന വീണയുടെ ശൈലി രാഷ്ട്രീയ എതിരാളികൾ പോലും അഭിനന്ദിച്ചു. നിയമസഭയിൽ  പരസ്പരം നടത്തുന്ന കടന്നാക്രമണങ്ങളായിരുന്നില്ല അത്. പകരം കൃത്യമായ ചോദ്യങ്ങളും കൃത്യമായ മറുപടിയും നൽകുക  എന്നതാണ് അവരുടെ ശൈലി. 2011ൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംഎൽഎയുമായ കെ. ശിവദാസൻ നായരെ 7561 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ ജോർജ് നിയമസഭയിലെത്തിയത്. മണ്ഡലചരിത്രം പരിശോധിച്ചാൽ യുഡിഎഫിനെയും എൽഡിഎഫിനെയും തുണക്കുന്ന പ്രവണതയാണ് ആറന്മുളയ്ക്ക്. ഏറ്റവും പുതിയ കണക്കു പ്രകാരം 2,37,351 വോട്ടർമാരാണ് ആറന്മുളയിലുള്ളത്. 2019ലെ ലോക്സഭ ഇലക്ഷനിൽ വീണ ജോർജ് പത്തനംതിട്ടയെ പ്രതിനിധീകരിച്ചെങ്കിലും പരാജയപ്പെട്ടു. വികസന തുടർച്ചയ്ക്ക് വീണ എന്ന മുദ്രാവാക്യവുമായി എൽഡിഎഫിന്റെ പ്രചാരണം. ചരിത്രവും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയവും പരിശോധിച്ചാല്‍ വീണയുടെ വിജയം 2016ലേതു പോലെ എളുപ്പമാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA