ADVERTISEMENT

പുരുഷന്റെ  സഹായമില്ലാതെ തനിച്ചു കുട്ടികളെ വളർത്തുന്ന അമ്മമാരെ സമൂഹം  നോക്കിക്കാണുന്ന രീതിയെക്കുറിച്ച് നിർണായക നിരീക്ഷണവുമായി കേരള ഹൈക്കോടതി. ഒരു കേസിന്റെ വിധി പറയുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അമ്മമാർക്കുവേണ്ടി ഭരണകൂടം പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ദേവിമാരെ ആരാധിക്കുകയും സ്ത്രീത്വത്തെ കുറിച്ച്  ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഒറ്റയ്ക്ക് കഴിയുന്ന അമ്മമാരോട്  സമൂഹത്തിനുള്ള മനോഭാവം ഏറെ നിന്ദ്യമാണ്.  നൂറു ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് പോലും അത്തരക്കാർക്ക്  സാമ്പത്തികമായോ സാമൂഹികപരമായോ ഉള്ള പിന്തുണ ലഭിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

അവിവാഹിതരായ അമ്മമാർ വൈകാരികമായ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നും തെറ്റ് ചെയ്തതിന്റെ ഫലമെന്നോണം  എക്കാലവും ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടവളാണ് എന്ന് സമൂഹം അവരെ വിശ്വസിപ്പിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന വ്യവസ്ഥിതികളിൽ നിന്നും ഒരു പിന്തുണയും  ഇവർക്ക് ലഭിക്കുന്നില്ല എന്നും കോടതി കൂട്ടിച്ചേർത്തു. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവർ ബന്ധം പിരിഞ്ഞതോടെ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും സമിതി കുഞ്ഞിനെ ദത്തു നൽകുകയും എന്നാൽ പിന്നീട് രക്ഷിതാക്കൾ ഒന്നുചേർന്ന് കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കേസിന്മേലാണ് കോടതിയുടെ വിധി.

കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തേണ്ട സാഹചര്യത്തിൽ സമൂഹത്തിൽ തന്റെ നിലയും  കുഞ്ഞിൻറെ ഭാവിയും എന്താകുമെന്നുള്ള ആശങ്കയാണ് കുഞ്ഞിനെ  ശിശുക്ഷേമസമിതിയെ ഏൽപ്പിക്കുന്നതിലേക്ക് നയിച്ചത്  എന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ ഒപ്പം കൂട്ടാൻ മനസ്സുകൊണ്ട് അമ്മ തയ്യാറായിരുന്നുവെന്നും എന്നാൽ സമൂഹത്തിലെ സാഹചര്യങ്ങളാണ് അതിൽ നിന്നും അവരെ പിന്തിരിപ്പിച്ചത് എന്നും കോടതി കൂട്ടിച്ചേർത്തു. ഒരു പുരുഷന്റെ പിന്തുണ ഒപ്പം ഇല്ലെങ്കിൽ താൻ ഒന്നുമല്ല എന്ന് ഒരു സ്ത്രീക്ക് തോന്നുന്നത് നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ  പരാജയമാണ് എന്നും  ഡിവിഷൻബെഞ്ച് വിധി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

English Summary: "If A Woman Feels She Is Nothing Without The Support Of The Man That Is The Failure Of The System": Kerala High Court-Read Judgment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com