ADVERTISEMENT

ഉപ സഹാറൻ ആഫ്രിക്കയിലെ രാജ്യങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് സ്വന്തം ശരീരത്തിലോ ആരോഗ്യകാര്യത്തിലോ  തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കുന്നില്ല എന്ന്  ഐക്യരാഷ്ട്ര സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി. ലൈംഗിക ബന്ധത്തിലോ ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കുന്നതിലോ വൈദ്യസഹായം  തേടുന്നതിലോ ഈ രാജ്യങ്ങളിലെ പകുതിയിലേറെ സ്ത്രീകൾക്കും  അവകാശമില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിനുമേൽ പൂർണ അധികാരം ഉണ്ടായിരിക്കുക എന്നത് സാർവത്രിക അവകാശമാണ് എന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ 2021 റിപ്പോർട്ടിൽ പറയുന്നു.

36 ഉപ സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ജീവിക്കുന്ന 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും  പെൺകുട്ടികളിലും കേവലം 48 ശതമാനത്തിന് മാത്രമാണ് സ്വന്തം ആരോഗ്യ കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം ഉള്ളത്. ലൈംഗിക ബന്ധത്തിലേർപ്പെടണോ വേണ്ടയോ എന്നതിലും ഗർഭം ധരിക്കണോ വേണ്ടയോ എന്നതിലും സ്ത്രീകൾക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അവസരം ഇല്ലാത്തത്  ക്രൂരതയാണ് എന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നതാലിയ കനേം അഭിപ്രായപ്പെടുന്നു. ഉപ സഹാറൻ മേഖലയിലെ ഏതാനും രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  സംഘടന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിലേയും സ്ഥിതി  വ്യത്യസ്തമല്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ മാലി, നൈഗർ, സെനഗൾ എന്നിവിടങ്ങളിൽ പത്ത് ശതമാനത്തിൽ താഴെ സ്ത്രീകൾക്ക് മാത്രമാണ് ആരോഗ്യത്തിലും പ്രത്യുത്പാദന കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാനുള്ള  അവകാശം ലഭിക്കുന്നത്. അതേസമയം കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ 53 ശതമാനം സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ  ഏർപ്പെടുന്നതിൽ  തീരുമാനമെടുക്കാനുള്ള അവകാശം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവിടെയും 94 ശതമാനത്തിനും ഗർഭനിരോധനത്തിന്റെ കാര്യത്തിൽ സ്വയം തീരുമാനം എടുക്കാൻ സാധിക്കുന്നില്ല.

 കിഴക്കൻ - തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്ക്  സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ടെന്നും  സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനം  സ്വന്തം ശരീരത്തിലും ആരോഗ്യകാര്യത്തിലും സ്വയംഭരണാധികാരം ഇല്ലാത്ത  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാകുന്നതിലേക്ക് നയിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് നടത്തുന്ന  പദ്ധതികളിൽ കൂടുതൽ  ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ്  സംഘടനയുടെ വിലയിരുത്തൽ. 22 ആഫ്രിക്കൻ രാജ്യങ്ങളിൽ ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസംഘടനയുടെ ലിംഗസമത്വവുമായി ബന്ധപ്പെട്ട സുസ്ഥിരവികസന ലക്ഷ്യ സൂചികകളിൽ മെച്ചപ്പെട്ട നിലവാരം കാഴ്ചവയ്ക്കുന്നത്. ലിംഗ അസമത്വവും ശൈശവവിവാഹം അടക്കമുള്ള സാമൂഹിക സാമ്പത്തിക ഘടകങ്ങളുമാണ്  സ്ത്രീകൾക്ക് സ്വന്തം ശരീരത്തിൽ പോലും   അധികാരം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നയിക്കുന്നത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com