ADVERTISEMENT

പരിഷ്കൃത സമൂഹം എന്ന് നമ്മൾ അഭിമാനിക്കുമ്പോഴും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ക്രൂരപീഡനങ്ങൾക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല. ഭർതൃവീടുകളില്‍ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ  പീഡനങ്ങൾക്ക് ഇരയാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. പലരുടെയും ജീവനു തന്നെ ഭീഷണിയായി സ്ത്രീധനം മാറുന്നത് സമീപകാലത്തു പോലും നമ്മൾ വാർത്തകളിൽ കാണുന്നുണ്ട്. പുറംലോകം ഇത്തരം കാര്യങ്ങൾ അറിയുന്നത് വളരെ ദുർലഭമായി മാത്രമാണ്. നമ്മൾ അറിയാതെ പോകുന്ന സംഭവങ്ങളും നിരവധിയാണ്.  അത്തരത്തിൽ സ്ത്രീധനത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തോട് തുറന്നു പറയുകയാണ്  ഒരു യുവതി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും ക്രൂരപീഡനങ്ങൾക്ക് ഇരയാക്കിയ അനുഭവം സമൂഹമാധ്യമത്തിലൂടെയാണ് യുവതി പങ്കുവച്ചത്. 

യുവതിയുടെ വാക്കുകൾ ഇങ്ങനെ: ‘ വിവാഹിതയാകുമ്പോൾ 19 വയസ്സായിരുന്നു എന്റെ പ്രായം. ആറുമാസത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം,. എന്റെ വീട്ടുകാര്‍ക്ക് ആദ്യം വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എന്റെ ഇഷ്ടത്തിന് വഴങ്ങി അവർ വിവാഗം ഗംഭീരമായി നടത്തി. ആദ്യമൊക്കെ വളരെ സന്തോഷത്തോടെയാണ് എന്റെ ദാമ്പത്യ ജീവിതം മുന്നോട്ടു പോയത്. ഏതാനും മാസത്തിനു ശേഷം എന്റെ ഭർതൃമാതാവ് ഞാനുമായി വഴക്കിടാൻ തുടങ്ങി.സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു അവർ വഴക്കിട്ടിരുന്നത്. അവർ‍ക്കൊപ്പം ഭർത്താവുകൂടി ചേർന്നപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ആറുമാസം കഴിഞ്ഞതോടെ എന്റെ ഭർത്താവും എന്നെ മർദിക്കാന്‍ തുടങ്ങി. എന്റെ മാതാപിതാക്കളോട് ഇതേ കുറിച്ച് സംസാരിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. 

ഒരുമാസത്തിനു ശേഷം ഞാനൊരു അമ്മയാകാൻ പോകുകയാണെന്ന യാഥാർഥ്യം മനസ്സിലായി. എന്റെ മകൾ ദേവികയുടെ ജനനമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം. എന്റെ മകളെ ഭർത്താവ് അവഗണിച്ചത് എനിക്ക് മറക്കാനാകില്ല. അവളു‍ടെ കുഞ്ഞിക്കണ്ണുകളെയും ചിരിയും അയാൾ അവഗണിച്ചു. ആ സാഹചര്യത്തിൽ എന്റെ മകളുടെ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഞാൻ കരുതി. ഏറ്റവും മികച്ച കാര്യങ്ങൾ തന്നെ അവൾക്ക് നൽകാൻ ഞാന്‍ തീരുമാനിച്ചു. അവൾ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങി. മേക്കപ്പ് ആർട്ടിസ്റ്റായി ഫ്രീലാൻസ് ജോലികളാണ് ഞാൻ ചെയ്തിരുന്നത്. എല്ലാബുക്കിങ്ങുകളും ഏറ്റെടുക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. ഏതെങ്കിലും ഒരു ബുക്കിങ് പോലും നഷ്ടമായാൽ ഭർത്താവിന്റെ അധിക്ഷേപം കേൾക്കേണ്ടി വരും. എന്നിട്ടും പ്രതികരിച്ചില്ല. ഒരു പ്രണയ വിവാഹമായതിനാൽ സമൂഹം എന്ത് പറയുമെന്ന ചിന്ത എന്നെ ആശങ്കപ്പെടുത്തി. 

രണ്ടുവർഷം കടന്നു പോയി. ഒരിക്കൽ ഗ്യാസ് സ്റ്റൗ വാങ്ങാൻ 1500 രൂപ ഞാൻ ഭർത്താവിനോടു ചോദിച്ചു.  കടുത്ത മർദനായിരുന്നു മറുപടി മകളുടെ മുന്നിലിട്ട് ഒരു മൃഗത്തെ പോലെ അയാളെന്നെ പൊതിരെ തല്ലി. രാത്രി തിരിച്ചെത്തിയ ശേഷവും അയാൾ മർദനം തുടർന്നു. അടിയേറ്റ കർണപുടം തകർന്നു. മോണ വീങ്ങി. മുഖത്തിന്റെ രൂപം പോലും മാറി. സഹായത്തിനായി ഞാൻ അലറിവിളിച്ചു. പക്ഷേ, അയാളുടെ മാതാപിതാക്കള്‍ കേട്ടില്ലെന്നു നടിച്ചു. 

ആ രാത്രി ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്നാൽ മകളുടെ മുഖം മനസ്സിൽ തെളിഞ്ഞതോടെ ഞാൻ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ധൈര്യമായി വീട്ടിലേക്ക് വരാൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. അവിടെ നിന്ന് ഇറങ്ങിയ ഞാൻ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. വിവാഹമോചനവും നേടി. മൂന്നു വർഷത്തിനുളളിൽ മാനസീകമായും ശാരീരികമായും അയാളുടെ ക്രൂരപീഡനങ്ങൾക്ക് ഞാൻ ഇരയായിരുന്നു.തുടർന്ന് വിഷാദരോഗവും വന്നു. അതിൽ നിന്ന്് എന്നെ രക്ഷപ്പെടുത്തിയത് മൂന്നു വയസ്സുകാരി മകളായിരുന്നു. ഈ പ്രായത്തിൽ തന്നെ അവൾ എന്നെ മനസ്സിലാക്കുന്നു. ഞാൻ തകർന്നു പോകുന്നു എന്ന് തോന്നുമ്പോൾ അവളെന്നെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ നൽകുകയും ചെയ്യും. അങ്ങനെ വീണ്ടും ഞാൻ എന്റെ ജീവിതത്തിന്റെ ഒരു പങ്ക് ജോലിക്കായി മാറ്റിവച്ചു. മൂന്ന് വർഷത്തിനിപ്പുറം ഞാൻ ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു. മേക്കപ്പ് ജോലിയുടെ മേഖലയെ കുറിച്ച് എനിക്കിന്ന് നന്നായി അറിയാം. അടുത്ത മാസം ഞാൻ എന്റെ സ്വന്തം സല്യൂൺ തുടങ്ങുകയാണ്. 

ശബ്ദമുയർത്തി സംസാരിക്കാൻ ഭയക്കുന്ന അന്നത്തെ 19വയസ്സുള്ള നാട്ടിൻപുറത്തുകാരി പെൺകുട്ടിയല്ല ഇന്ന് ഞാൻ. മകളുള്ള 25കാരി സിംഗിൾ മദറാണ് ഞാൻ. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എനിക്കിന്ന് അറിയാം. അങ്ങനെ ഉറച്ച ശബ്ദമുള്ള ഒരു പെൺകുട്ടിയായി ഞാൻ അവളെ വളർത്തും.’– യുവതി പറയുന്നു. 

English Summary: Woman Viral Post About Dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com