ADVERTISEMENT

ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബ്ലോക്ക് ഡെവലപ്മെൻറ് കൗൺസിലിലേക്ക് സീറ്റ് നേടിയ വിവരം സ്ഥാനാർത്ഥി അറിഞ്ഞത് സ്വന്തം വിവാഹ സമയത്ത്. ഇതോടെ വിവാഹ വസ്ത്രത്തിൽ നവവധു കൗണ്ടിങ് സെന്ററിലേക്ക് ഓടിയെത്തി. പൂനം ശർമ എന്ന 28 കാരിയായ യുവതിയാണ് ചടങ്ങുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു   സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി കൗണ്ടിങ്ങ് സെന്ററിൽ എത്തിയത്. പൂനത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്ന മെയ് രണ്ടിന് തന്നെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. വരന് പൂമാല ചാർത്തുന്നതിന് തൊട്ടുമുമ്പായാണ് പൂനം ഈ സന്തോഷ വാർത്ത അറിഞ്ഞത്. അതോടെ മറ്റെല്ലാം മറന്ന് ഇരുപത് കിലോമീറ്റർ അകലെയുള്ള കൗണ്ടിങ് സെന്ററിലേക്ക്  പായുകയായിരുന്നു.

വിവാഹ വസ്ത്രങ്ങളണിഞ്ഞ് കൗണ്ടിങ് സെന്ററിലേക്ക്  പൂനം എത്തിയതോടെ ഉദ്യോഗസ്ഥരും അമ്പരന്നു. നവവധുവിന്റെ വേഷത്തിൽ പൂനം സർട്ടിഫിക്കറ്റ് വാങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട വിവാഹ സമ്മാനമാണ് ഇത് എന്ന് പൂനം പറയുന്നു. പ്രധാന ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നതിനാൽ വരന്റെ കുടുംബവും  കൗണ്ടിങ് സെന്ററിലേക്ക്  പോകാൻ പൂനത്തിന് അനുമതി നൽകുകയായിരുന്നു. സർട്ടിഫിക്കറ്റുമായി വധു മടങ്ങിയെത്തിയശേഷം ബാക്കിയുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു.

601 വോട്ട് നേടിയാണ് പൂനം ബ്ലോക്ക് ഡെവലപ്മെൻറ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛന്റെ പ്രോത്സാഹനമായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രചോദനം . മാതാപിതാക്കളുടെയും  ഭർതൃവീട്ടുകാരുടെയും  പൂർണപിന്തുണയുള്ളതിനാൽ കുടുംബജീവിതവും ഔദ്യോഗിക ജീവിതവും സുഗമമായി കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൂനം ശർമ.

English Summary: Up Bride Leaves Wedding Ceremony Mid Way To Get Her Victory Certificate After Winning BDC Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com