ADVERTISEMENT

കോവിഡ് ബാധിച്ച് അവശ നിലയില്‍ ആശുപത്രിയെ അഭയം പ്രാപിച്ചവരോടുള്ള ക്രൂരത ഒറ്റപ്പെട്ട നിലയിലെങ്കിലും തുടരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവതിയെ മെയ്ല്‍ നഴ്സ് പീഡിപ്പിച്ച ഒരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപ്പാലിലാണു ക്രൂരമായ പ്രവൃത്തി അരങ്ങേറിയത്. എന്നാല്‍, തനിക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരത ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയ യുവതി 24 മണിക്കൂറിനകം അന്ത്യശ്വാസം വലിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച സെന്ററിലാണു വിവാദ സംഭവം നടന്നത്. ഇവിടെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന 43 വയസ്സുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. അതിനുശേഷം തന്നെ പരിചരിക്കാനെത്തിയ ഡോക്ടറോട് വിവരം പറഞ്ഞതിനുശേഷം യുവതിയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ മെയ്ല്‍ നഴ്സായ സന്തോഷ് അഹിര്‍വാറിനെതിരെ നിഷാത്പുര പൊലീസ് കേസ് എടുത്തു. 

തന്റെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കരുതെന്ന് യുവതി ഡോക്ടറിനോടും പിന്നീ്ട് പൊലീസിനോടും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണു സംഭവം പൊലീസിനെ മാത്രം അറിയിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 24 വയസ്സുണ്ട് പ്രതി സന്തോഷിന്. നേരത്തെ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

1984 ല്‍ ഭോപ്പാലില്‍ നടന്ന വിഷവാതക ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന ഇര കൂടിയാണ് പീഡിപ്പിക്കപ്പെട്ട യുവതി. സംഭവം പുറത്തുവന്നതോടെ, വാതക ദുരന്തത്തിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അസോസിയേഷനും പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളിലെ 

ശോചനീയ സ്ഥിതി ചൂണ്ടിക്കാണിച്ചും രംഗത്തുവന്നിട്ടുണ്ട്. തന്റെ പേരും മറ്റു വിവരങ്ങളും രഹസ്യമാക്കിവയ്ക്കണമെന്ന് യുവതി അപേക്ഷിച്ചതുകൊണ്ടാണ് സംഭവം കുടുംബത്തെപ്പോലും അറിയിക്കാതിരുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാലും ആശുപത്രി അധികൃതര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സുരക്ഷിതമെന്നു കരുതപ്പെടുന്ന ആശുപത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതാകുന്നു എന്നതാണു ഗൗരവമേറിയ വസ്തുത. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതു ഗുണത്തേക്കാള്‍ ദോഷമാണു ചെയ്യുന്നത്. പ്രതികള്‍ രക്ഷപ്പെടാനോ, അല്ലെങ്കില്‍ അവര്‍ക്ക് ലഘുവായ ശിക്ഷകള്‍ മാത്രം ലഭിക്കുകയോ ചെയ്യുന്നതോടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. സ്ഥാപനങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് അധികൃതര്‍ ഇത്തരം സംഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നത്. എന്നാല്‍, ഇത് ആത്യന്തികമായി പ്രതികള്‍ക്കു ഗുണകരവും ഇരകള്‍ക്കു ദോഷകരവുമാണ്.

English Summary: Covid 19 patient raped by male nurse at MP govt hospital breathes last within 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com