ADVERTISEMENT

മഹാമാരി ജീവനെടുക്കുന്നതിന്റെ ദുരന്ത പൂര്‍ണമായ വാര്‍ത്തകള്‍ക്കിടെ ജീവിതത്തില്‍ പ്രതീക്ഷ വളര്‍ത്തുന്ന, മനസ്സിന് ആശ്വാസവും സന്തോഷവുമേകുന്ന സംഭവങ്ങളും പുറത്തുവരുന്നു. മഹാരാഷ്ട്രയിലെ ബാരാമതി ജില്ലയിലെ മുധാളെ ഗ്രാമത്തില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. 76 വയസ്സുള്ള ഒരു സ്ത്രീ മരണത്തിന്റെ സമീപത്തുനിന്ന് ജീവിതത്തിലേക്കു തിരിച്ചുവന്നിരിക്കുന്നു. മരിച്ചെന്ന് ഉറപ്പിച്ച 76 വയസ്സുള്ള സ്ത്രീയാണ് ഈ അദ്ഭുത കഥയിലെ കഥാപാത്രം. 

ശകുന്തള ഗെയ്ക്‌വാദ് എന്നാണു സ്ത്രീയുടെ പേര്. ഇവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ഒരു മുറിയില്‍ അവര്‍ ഒറ്റയ്ക്കു ജീവിക്കുകയായിരുന്നു. എന്നാല്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ശകുന്തളയെ ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായി. സ്വകാര്യ വാഹനത്തില്‍ ബാരാമതിയിലെ ആശുപത്രിയില്‍ കോവിഡ് ബാധിതയെ പ്രവേശിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ കിടക്കകള്‍ ഒഴിവില്ലായിരുന്നു. ആശുപത്രിക്കു മുന്നില്‍ കാറില്‍ വിശ്രമിക്കുന്നതിനിടെ ശകുന്തള അബോധാവസ്ഥയിലായി. ബന്ധുക്കള്‍ വിളിച്ചുനോക്കിയിട്ടും ശരീരത്തില്‍ ഒരു ചലനവും ഉണ്ടായിരുന്നില്ല. അതോടെ സ്ത്രീ മരിച്ചെന്ന് എല്ലാവരും ഉറപ്പിച്ചു. ഉടന്‍തന്നെ ബന്ധുക്കളെയും വിവരമറിയിച്ചു.

സംസ്കാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കം തുടങ്ങി. ബന്ധുക്കള്‍ അലമുറയിടുന്നതിനിടെ, ശകുന്തളെ ചിതയിലേക്ക് എടുക്കാനുള്ള തട്ടില്‍ കിടത്തി. എന്നാല്‍ പെട്ടെന്നാണ് അവര്‍ കണ്ണുകള്‍ തുറന്നത്. ഉടന്‍ തന്നെ അവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പക്കാനായി ബന്ധുക്കളുടെ ശ്രമം. ഇത്തവണ, ബാരാമതിയിലെ സില്‍വല്‍ ജൂബിലി ആശുപത്രിയില്‍ കിടക്ക ലഭിച്ചു. മരിച്ചുവെന്ന് ബന്ധുക്കള്‍ ഉറപ്പിച്ച സ്ത്രീ ജീവനോടെയുണ്ടെന്നും അവര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി ഉടമ ഡോ. സദാനന്ദ കാലെയും അറിയിച്ചു. 

കോവിഡ് രണ്ടാം തരംഗത്തില്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മരണനിരക്ക് ഉയരുന്നതാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പല സംസ്ഥാനങ്ങളിലും പോസിറ്റീവ് കേസുകള്‍ കുറയുമ്പോഴും മരണം കൂടുകയാണ്. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 850, 695 എന്നിങ്ങനെയായിരുന്നു മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് മരണം.

Engish Summary: 76-year-old Covid positive woman wakes up minutes before cremation in Baramati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com