ADVERTISEMENT

സെലിബ്രിറ്റിയല്ലേ, അവര്‍ക്ക് അതൊക്കെ നേരിടാന്‍ പല മാര്‍ഗങ്ങളുണ്ടായിരിക്കും. തനിക്ക് കോവിഡ് വന്നപ്പോള്‍ പലരും ചിന്തിച്ചത് ഇങ്ങനെയായിരിക്കും എന്നു പറയുന്നു പ്രശസ്ത നടി മലൈക അറോറ. എന്നാല്‍, അനുഭവം അങ്ങനെയായിരുന്നില്ലെന്നും വളരെ കഷ്ടപ്പെട്ടാണു താന്‍ കോവിഡില്‍ നിന്നു മുക്തയായി ആരോഗ്യം തിരിച്ചുപിടിച്ചതെന്നും നടി വ്യക്തമാക്കുന്നു.

47 വയസ്സുള്ള നടി ഫിറ്റ്നസില്‍ നന്നായി ശ്രദ്ധിക്കുന്നയാളാണ്. ഫിറ്റ്നസ് പരിശീലനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പതിവായി സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോവിഡിനെയും എളുപ്പത്തില്‍ തുരത്താന്‍ നടിക്കു കഴിയുമെന്നാണു പലരും വിചാരിച്ചത്. 

എളുപ്പം. അങ്ങനെയായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് ഞാന്‍ പോസിറ്റീവായത്. ശരിക്കും ഞാന്‍ ബുദ്ധിമുട്ടി. കോവിഡില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നവര്‍ രണ്ടു തരക്കാരായിരിക്കും. പ്രതിരോധ ശക്തിയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍. അല്ലെങ്കില്‍ കോവിഡ് അനന്തര സങ്കീര്‍ണതതകളെക്കുറിച്ച് അറിവില്ലാത്തവര്‍. എന്തായാലും എന്റെ കാര്യത്തില്‍ ഒട്ടും എളുപ്പമായിരുന്നില്ല തിരിച്ചുവരവ്. ശരീരികമായി കോവിഡ് എന്നെ തളര്‍ത്തുക തന്നെ ചെയ്തു. രണ്ടു ചുവട് നടക്കുന്നതുപോലും വലിയൊരു മല കയറുന്നതുപോലെയാണു തോന്നിയിരുന്നത്. കിടക്കയില്‍ എഴുന്നേറ്റിരിക്കുന്നത്, കസേരയില്‍ ഇരിക്കുന്നത്, ജനാലയുടെ അടുത്തു പോയി നില്‍ക്കുന്നത്.... ഇങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ക്കു പോലും ഞാന്‍ ബുദ്ധിമുട്ടി- മലൈക പറയുന്നു. കോവിഡ് ബാധിച്ചു മൂന്നാഴ്ചയ്ക്കകം നെഗറ്റീവ് ആയെങ്കിലും പതിവു ദിനചര്യയിലേക്കു മടങ്ങിപ്പോകാന്‍ നടി വളരെയേറെ ബുദ്ധിമുട്ടി. ഫിറ്റനസ് പരിശീലനം വീണ്ടും തുടങ്ങാന്‍ കഠിനമായി അധ്വാനിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നുമില്ല.

മനസ്സ് ആഗ്രഹിക്കുന്ന ഒരു കാര്യവും ശരീരം കൊണ്ടു ചെയ്യാനാകാതെ വന്നതോടെ ഞാന്‍ നിരാശയിലായി. പഴയ ആരോഗ്യം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല എന്നുപോലും ഞാന്‍ ഭയപ്പെട്ടു. 24 മണിക്കൂര്‍ പണിപ്പെട്ടാല്‍പ്പോലൂം ഒരു കാര്യം പോലും ചെയ്യാന്‍ എനിക്കു കഴിയുമായിരുന്നില്ല. കോവിഡിനു ശേഷം വീണ്ടും ശരീരികാധ്വാനത്തിന് ഇറങ്ങിയ ദിവസം ക്രൂരമായിരുന്നു. ഒന്നും ശരിയായി ചെയ്യാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ തളര്‍ന്നു പോയി. തകര്‍ന്നു എന്നുതന്നെ പറയാം. എന്നാല്‍ രണ്ടാം ദിവസം ഞാന്‍ എന്നോടു പറഞ്ഞു. എന്നെ രക്ഷപ്പെടുത്താന്‍ എനിക്കു മാത്രമേ കഴിയൂ എന്ന്. അടുത്ത ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. ക്രമേണ ഞാന്‍ ദിനചര്യകളിലേക്ക് മടങ്ങിവന്നു - നടി പറയുന്നു.

ഇപ്പോള്‍ 8 മാസമായി നടിക്കു കോവിഡ് ബാധിച്ചിട്ട്. ഇപ്പോഴാണ് കുറച്ചെങ്കിലും പഴയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. 32 ആഴ്ചകള്‍ക്കു ശേഷം ഞാന്‍ ഏകദേശം പഴയ രൂപത്തിലേക്കും ആരോഗ്യത്തിലേക്കും മടങ്ങിവന്നിരിക്കുന്നു. പോസിറ്റീവ് ആകുന്നതിനു മുന്‍പ് വര്‍ക്കൗട്ട് ചെയ്ത അതേ രീതിയില്‍ ഇപ്പോള്‍ എനിക്കു കഴിയുന്നു. നന്നായി ശ്വസിക്കാനും കഴിയുന്നു- മാനസികമായും താന്‍ കരുത്തയായതായി നടി വ്യക്തമാക്കുന്നു.

കാമുകന്‍ അര്‍ജുന്‍ കപൂര്‍ പോസിറ്റീവായതിനൊപ്പമാണ് മലൈകയും കഴിഞ്ഞ സെപ്റ്റംബറില്‍ കോവിഡ് ബാധിതയായത്. ഏപ്രിലില്‍ നടി വാക്സീനും സ്വീകരിച്ചിരുന്നു.

English Summary: Malaika Arora, who had contracted COVID-19 last year, opened up about her recovery experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com