ADVERTISEMENT

വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുക, രുചിയുള്ള ഭക്ഷണം വീട്ടിലെത്തിക്കുക, പാചകച്ചെലവു കുറയ്ക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ആരംഭിച്ച പൂജപ്പുരയിലെയും പൊന്നാനിയിലെയും കോമൺ കിച്ചനുകൾ ഹിറ്റാണ്. വീട്ടിലെ അതേ രുചിയിൽ കഴിക്കാം. എത്ര ചെറിയ ഓർഡർ ആണെങ്കിലും സ്വീകരിക്കും. ഈ ആശയം കേരളത്തിലെ പല നഗരങ്ങളിലും നടപ്പാക്കിത്തുടങ്ങി.

ഒരു ദിവസം, ഒരു ജീവിതം,പല വേഷം

സാധാരണ പെൺകുട്ടികൾക്കു വിവാഹം വരെയെങ്കിലും സ്വസ്ഥമായ ജീവിതം കിട്ടുന്നുണ്ടെങ്കിൽ അതുപോലും നിഷേധിക്കപ്പെടുന്ന എത്രയോ പേരുണ്ട്. ഹൈറേഞ്ചിലെ പല പെൺകുട്ടികളുടെയും പൊള്ളുന്ന ജീവിതം ഇതിനുദാഹരണമാണ്. മലമുകളിൽനിന്നു പശുക്കൾക്കു പുല്ലുചെത്തിക്കൊണ്ടുവന്നും പറമ്പിലെ പണിക്കാർക്കു ഭക്ഷണമൊരുക്കിയും വിറകു ശേഖരിച്ചും വെള്ളം ചുമന്നും അയൽവീടുകളിലും സൊസൈറ്റിയിലും പാലെത്തിച്ചും വീട്ടുകാർക്കു തുണയാകുന്നവർ. കിലോമീറ്ററുകൾ നടന്നും ബസിലുമായാണു സ്കൂളിലേക്കും കോളജിലേക്കുമുള്ള യാത്ര. വൈകിട്ടു വീട്ടിൽ തിരിച്ചെത്തിയാലും ഉണ്ടാവും ഒരുപാടു പണികൾ. വിവാഹം കഴിയുന്നതോടെ ഈ ജോലികൾ പലമടങ്ങു കൂടുമെന്ന വ്യത്യാസം മാത്രം. സ്ത്രീകൾക്കു കഠിന ജോലികൾ ചെയ്യാൻ കഴിയുമോയെന്ന് ചിലരെങ്കിലും ആശ്ചര്യപ്പെടാറുണ്ട്. ജെയ്നമ്മയുടെ ജീവിതകഥ അറിയുമ്പോൾ ആ സംശയം മാറും.

ഇടുക്കി പെരിഞ്ചാംകുട്ടി കാരിത്തോട് ജെയ്നമ്മയും (44) ഭർത്താവ് പയസും ചേർന്നാണ് 2 ഏക്കർ സ്ഥലത്തെ കൃഷിപ്പണി മുഴുവൻ ചെയ്യുന്നത്. ഏലം, കുരുമുളക്, കാപ്പി ഉൾപ്പെടെ എല്ലാത്തരം വിളകളുമുണ്ട് . വെളുപ്പിനു മൂന്നിനു പയസ് റബർ വെട്ടാനിറങ്ങും. നാലിനു തിരിച്ചെത്തിയാൽ പശുവിനെ കുളിപ്പിക്കാനും കറവയ്ക്കുമായി ജെയ്നമ്മയും തൊഴുത്തിലിറങ്ങും. പന്നി, കോഴി, വാത്ത, മുയൽ തുടങ്ങിയവയ്ക്കു തീറ്റ കൊടുക്കും. ഇതിനിടെ കാപ്പിയും ചോറും കറികളും തയാറാക്കും. 9.30ന് പറമ്പിലിറങ്ങിയാൽ നാലു വരെ കൃഷിപ്പണികൾ. പശുക്കൾക്കു തീറ്റ, കറവ, കുളിപ്പിക്കൽ എന്നിവയെല്ലാം കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ രാത്രി 8. കുളിച്ച്, അത്താഴം കഴിച്ചു മക്കളുടെ പഠനത്തിനു കൂട്ടിരിക്കും.

സ്വന്തമായി വീടു വച്ചപ്പോൾ അതിന്റെ മേസ്തിരിപ്പണിയും ആശാരിപ്പണിയും ഒഴികെയുള്ള മുഴുവൻ പണികളും ചെയ്തതു ജെയ്നമ്മയും ഭർത്താവും ചേർന്നാണ്. മണ്ണുകുഴച്ച്, വെളുക്കുവോളം കട്ടപിടിപ്പിച്ച്, ഉണക്കി, ചൂളയിട്ട്, കല്ലു ചുമന്നും സിമന്റ് കുഴച്ചുമൊക്കെ ഉണ്ടാക്കിയെടുത്തതാണീ വീട്. മക്കൾ: വിദ്യാർഥികളായ അലീന, അനീറ്റ, കൊച്ചുറാണി. ഇതു ജെയ്നമ്മയുടെ മാത്രം ജീവിതമല്ല. നമ്മുടെ ഗ്രാമങ്ങളിലെ ഒട്ടേറെ സ്ത്രീകൾ ഇങ്ങനെയൊക്കെയാണ് ഒരോ ദിവസവും അതിജീവിക്കുന്നത്.

പൂജപ്പുര മോഡൽ

തിരുവനന്തപുരം പൂജപ്പുരയിൽ എസ്എംഎസ്എസ് ഹിന്ദുമഹിളാ മന്ദിരത്തിലെ കേറ്ററിങ് യൂണിറ്റാണ് കോമൺ കിച്ചൻ എന്ന ആശയം കൊണ്ടുവന്നത്. 1986ൽ അന്നത്തെ സെക്രട്ടറി ശ്രീകുമാരി ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരി രാധാലക്ഷ്മിയാണ്. അന്തരിച്ച സംവിധായകൻ പത്മരാജന്റെ ഭാര്യയാണ് രാധാലക്ഷ്മി. ഭക്ഷണം വേണ്ടവർ തലേന്നു തന്നെ അറിയിക്കുക. കുറഞ്ഞ നിരക്കിൽ വീട്ടിലെത്തിക്കും. പ്രഭാതഭക്ഷണം, വെജിറ്റേറിയൻ ഊണ്, രാത്രി ഭക്ഷണം എന്നിവയുണ്ട്.

പൊന്നാനി മോഡൽ

മലപ്പുറത്തെ പൊന്നാനി കിച്ചനിൽ 160 രൂപയ്ക്ക് 4 പേർക്കുള്ള പ്രഭാത ഭക്ഷണവും 2 നേരത്തേക്കുള്ള കറികളുമാണ് എത്തിച്ചു നൽകുന്നത്. ചോറു മാത്രം വീട്ടിൽ വച്ചാൽ മതി. പുട്ട്, ഇഡ്ഡലി തുടങ്ങി 7 തരം വിഭവങ്ങളിൽ ഏതെങ്കിലുമാകും പ്രഭാതഭക്ഷണം. 4 തരം കറികളുണ്ട് ഉച്ചയൂണിന്. ആഴ്ചയിൽ 2 ദിവസം മീനും ഒരു ദിവസം ഇറച്ചിയും കിട്ടും. ദിവസവും വാങ്ങിയാലും ഒരു കുടുംബത്തിന് ഒരു മാസം ചെലവാകുന്നത് 4800 രൂപ മാത്രം. പാചകവാതകവും ജോലിക്കാരിയുടെ ശമ്പളവുമുൾപ്പെടെ ചെലവും സമയവും ലാഭം.

സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീനും ബാങ്ക് ജീവനക്കാരനും സുഹൃത്തുമായ വി. രമേശനുമാണ് ഈ ആശയത്തിനു പിന്നിൽ. ഇവരുടെ സുഹൃത്ത് സുന്ദരനും ഭാര്യ പ്രിയയുമാണ് ഭക്ഷണം പാകം ചെയ്തു വീടുകളിൽ എത്തിക്കുന്നത്.

അമ്മ മനുഷ്യനാണ്,യന്ത്രമല്ല

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന അമ്മയും രാത്രി പത്തിനു കിടന്ന മകനും ഒരേ സമയം എണീറ്റു വന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ മകന്റെ കമന്റ് ഇങ്ങനെ: ‘അമ്മ അമ്മയല്ലേ. അപ്പോൾ നേരത്തേ എണീക്കണം’. അമ്മ നേരത്തേ എഴുന്നേൽക്കേണ്ടതിന്റെ‌യും അടുക്കളപ്പണി ചെയ്യേണ്ടതിന്റെയും ‘ആവശ്യകത’ അവൻ ചെറുപ്പത്തിലേ മനസ്സിലാക്കിയിട്ടുണ്ടെന്നു സാരം. ഈ സാമൂഹിക ചുറ്റുപാട് മാറാതെ സ്ത്രീകളുടെ ജോലിഭാരം കുറയാൻ പോകുന്നില്ല. അടുത്ത കാലത്തിറങ്ങിയ 2 സിനിമകളിൽ സ്ത്രീകൾ പുരുഷന്മാരോടു ചോദിക്കുന്ന ചില മറുചോദ്യങ്ങൾ ഈ മാറ്റത്തിന്റെ തുടക്കമായി കരുതാം. അതിങ്ങനെ: ‘ജോജി’ സിനിമയിൽ ‘ബിൻസീ ഒരു ഗ്ലാസ് തണുത്ത വെള്ളം’ എന്നു പറയുന്ന ജോജിയോട് ബിൻസി പറയുന്നു– ‘കൈ എത്തുന്ന ദൂരെ ഇതാ ഫ്രിജ് ഉണ്ട്. ഇതു തുറന്നാൽ മതി വെള്ളം കിട്ടും’.

ഭർതൃവീട്ടിൽ ജോലി ചെയ്തു തളർന്ന് ഇറങ്ങിപ്പോരുന്ന നായിക സ്വന്തം വീട്ടിലെത്തിയപ്പോൾ ‘ഡീ, ഒരു ഗ്ലാസ് വെള്ളമെടുത്തു താ’ എന്ന അനുജന്റെ സംസാരം കേട്ടപ്പോൾ ‘നിനക്കെന്താടാ തനിയെ വെള്ളമെടുത്തു കുടിച്ചാൽ’ എന്ന പൊട്ടിത്തെറിയിലാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ അവസാനിക്കുന്നത്. ആ ചോദ്യത്തിന്റെ സ്പാർക്ക് പകർന്ന് ഈ പരമ്പരയും അവസാനിപ്പിക്കാം. കിച്ചൻ എത്ര സ്മാർട്ടായിട്ടും കാര്യമില്ല. മാറേണ്ടത് സമൂഹത്തിന്റെ മനസ്സാണ്.

വിദേശത്ത് ഇങ്ങനെ: റീന സാബു പൂതക്കരിയിൽ നഴ്സ്, ലണ്ടൻ

ഭാര്യയും ഭർത്താവും ജോലിക്കു പോകുമ്പോൾ ഒരാൾക്കു നൈറ്റ് ഡ്യൂട്ടിയും മറ്റേയാൾക്കു ഡേ ഡ്യൂട്ടിയുമായിരിക്കും. അപ്പോൾ ദിവസവും പാചകമൊന്നും നടക്കില്ല. ശനി, ഞായർ ദിവസങ്ങളിലാണു പ്രധാന പാചകം. പ്രഭാത ഭക്ഷണമായി ഓട്സ്, കോൺഫ്ലേക്സ്, ബ്രഡ്, ബട്ടർ, മുട്ട, പാൽ, സോസേജ് തുടങ്ങി എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്കു പച്ചക്കറിയും ഇറച്ചിയും ചേർന്ന റോൾ. രാത്രിയാണു പ്രധാന ഭക്ഷണം. അതിലും ഉണ്ടാകും ഹാഫ് കുക്ക്ഡ് ചപ്പാത്തിയും പൊറോട്ടയും. കറികൾ മാത്രം ഉണ്ടാക്കിയാൽ മതി. ചോറും സാമ്പാറും അവിയലും സ്പെഷൽ വിഭവങ്ങളാണ്. കുട്ടികൾക്കു ചോറിനോടു തീരെ താൽപര്യമില്ല. ഭാര്യ തന്നെ പാചകം ചെയ്യണമെന്ന ‘നിയമമൊന്നും’ മറ്റു രാജ്യങ്ങളിലില്ല. ആരാണോ ഫ്രീ, അവർ ചെയ്യും. പിന്നെ നാലു നേരം വച്ചുവിളമ്പുന്ന രീതി ഇല്ലാത്തതുകൊണ്ട് പാത്രംകഴുകലും കുറയും.

വിശ്രമവേള ആനന്ദകരമാക്കാം

∙അതിരാവിലെ ഉണരുന്നതു മുതൽ രാത്രി കിടക്കുംവരെ തുടർച്ചയായി പണിയെടുക്കുന്നവരാണു സ്ത്രീകളിൽ പലരും. ഇതാണ് ആദ്യം നിർത്തേണ്ടത്. ഓരോ പണിക്കു ശേഷവും വിശ്രമിക്കുക. ഇടയ്ക്കു ഫോൺ വന്നാൽ ഇരുന്നോ കിടന്നോ സംസാരിക്കുക.

∙ഇഷ്ടമുള്ള പാട്ടു കേൾക്കുക. സിനിമ കാണുക. നല്ല പാത്രങ്ങളിൽ ആഹാരം കഴിക്കുക. കരിഞ്ഞതും ചീത്തയായതുമായവ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

∙പുസ്തകങ്ങൾ വായിക്കുക. സൗഹൃദക്കൂട്ടായ്മകളിൽ സമയം ചെലവിടുക.

∙വീട്ടിലായാലും പുറത്തായാലും നല്ല വസ്ത്രം ധരിക്കുക. പഴയ കാര്യങ്ങൾ ഓർത്തു ടെൻഷനടിക്കാതെ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com