എന്റെ വീട്ടിലിരുന്ന് അവർ എന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു: ജീവിതത്തിൽ നേരിട്ട വെല്ലുവിളിയെ കുറിച്ച് പറഞ്ഞ് ശ്രുതി ചതുർവേദി

shruti-father
ശ്രുതി ചതുര്‍വേദിയും പിതാവ് ഹരീഷ് ചതുര്‍വേദിയും. ചിത്രം∙ ട്വിറ്റർ
SHARE

പലവിധത്തിലുള്ള ഭീഷണികൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്. ഇന്റർനെറ്റിന്റെ ഈ കാലഘട്ടത്തിൽ മോർഫിങ് പെൺകുട്ടികൾക്കുണ്ടാക്കുന്ന ഭീഷണികൾ ചെറുതല്ല. അത്തരത്തിൽ കുടുംബത്തില്‍ നിന്നു തന്നെ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് തുറന്നു പറയുകയാണ് 28കാരിയായ ശ്രുതി ചതുർവേദി. തനിക്ക് 18 വയസ്സുള്ളപ്പോൾ കസിനും ഭാര്യയും ചേർന്ന് തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ കുറിച്ചാണ് ശ്രുതി പറയുന്നത്. സാധാരണയായി ഇങ്ങനെയൊരവസ്ഥയുണ്ടായാൽ ആരായാലും തകർന്നു പോകും. എന്നാൽ ഈ അനുഭവം തനിക്ക് കൂടുതൽ കരുത്തു പകർന്നതായും അച്ഛനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയതായും ശ്രുതി വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് ശ്രുതി പറയുന്നത് ഇങ്ങനെ: ‘എന്റെ പേര് ശ്രുതി ചതുർവേദി. മീഡിയ മാർക്കറ്റിങ് പ്രൊഫഷനലാണ്. ഇത് എന്റെ അച്ഛൻ ഹരീഷ് ചതുർവേദിയുടെ കഥയാണ്. മോർഫ് ചെയ്ത എന്റെ ചിത്രങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ബ്ലാക്ക് മെയിലിങ് അദ്ദേഹം നിരസിച്ചത് എന്നെ നിർഭയത്തോടെ കാര്യങ്ങളെ നേരിടാൻ പ്രാപ്തയാക്കി. 

മാതാപിതാക്കളിൽ നിന്ന് അകന്ന് ഒളിച്ചോടി വിവാഹം കഴിച്ച എന്റെ ഒരു കസിൻ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നു. എന്റെ അമ്മയുടെ ബന്ധുവാണ്. വീട്ടുകാരുമായുള്ള പ്രശ്നം തീരുന്നതു വരെ ഞങ്ങളുടെ വീട്ടിൽ അവന് അഭയം നൽകി. രണ്ട് മുറികളുള്ള ചെറിയ വീടായിരുന്നു ഞങ്ങളുടെത്. കസിനും ഭാര്യയും വരുന്നതിനു മുൻപു തന്നെ ഞങ്ങൾ ആറ് പേർ ആ വീട്ടിലുണ്ടായിരുന്നു. അവിടേക്കാണ് അയാളും ഭാര്യയും വന്നത്. മാസങ്ങളോളം അവർ ഞങ്ങൾക്കൊപ്പം താമസിച്ചു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വേറെ എവിടെയെങ്കിലും താമസസ്ഥലം നോക്കണമെന്നും എന്റെ അമ്മ അവരോട് ആവശ്യപ്പെട്ടു. വീട്ടിലെ പരിമിതികൾ കൊണ്ടായിരുന്നു അമ്മ അങ്ങനെ ഒരാവശ്യം ഉന്നയിച്ചത്. എന്നാൽ അവരുടെ ഭാഗത്തു നിന്ന് വിടുമാറാന്‍ യാതൊരു ശ്രമവും ഉണ്ടായില്ല

ഞാൻ പഠിക്കുന്ന കാലമായിരുന്നു അത്. എന്റെ വീട്ടിൽ ഒരു ലാപ്ടോപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കസിനും അയാളുടെ ഭാര്യയും ജോലിക്കു ശ്രമിക്കുന്നതിനാൽ മിക്കപ്പോഴും അവരാണ് ലാപ്ടോപ്പ് ഉപയോഗിച്ചിരുന്നത്. വീട്ടുകാർ മാത്രമാണ് ആ ലാപ്ടോപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ എന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ആ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിരുന്നു. കസിനും ഭാര്യയും ആ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമുള്ള എന്റെ ചിത്രങ്ങൾ അവർ മോർഫ് ചെയ്തു. 

കസിന്റെ ഭാര്യ കംപ്യൂട്ടർ എൻജിനീയറായതിനാൽ അവർക്ക് ഇക്കാര്യം വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു. ഈ ഡാർക്ക് വെബ് നെറ്റ്‌വർക്കിന്റെ സൂത്രധാരൻ യഥാർഥത്തിൽ കസിന്റെ ഭാര്യയാണ്.  ചിത്രങ്ങൾ കണ്ട ഞാൻ ഞെട്ടി. പക്ഷേ, ആ ചിത്രങ്ങൾ യഥാർഥമല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ എനിക്ക് സാധിക്കില്ല. പ്രത്യേകിച്ച് ഫോട്ടോഷോപ്പിനെ കുറിച്ച് അറിയാത്തവരോട് ഒരിക്കലും ചിത്രങ്ങൾ യഥാർഥമല്ലെന്നു ബോധ്യപ്പെടുത്താൻ സാധിക്കില്ല. പത്തു വർഷം മുൻപാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതെന്നോർക്കണം. 

ആ നിമിഷം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. ഒരുദിവസം ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുകയായിരുന്നു. അപ്പോഴാണ് ഒരുകെട്ട് ഫോട്ടോകളുമായി എന്റെ കസിൻ അവിടേക്കു വന്നത്. എന്നെ കുറിച്ച് വലിയ ആശങ്കയുണ്ടെന്ന രീതിയിലാണ് തുടക്കത്തിൽ അവർ സംസാരിച്ചത്. എന്നാൽ എന്റെ മാതാപിതാക്കൾ ഇക്കാര്യം അത്ര ഗൗരവത്തിൽ എടുത്തില്ല. അവർ ഉദ്ദേശിച്ചതു പോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നു ബോധ്യമായപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വീടു മാറാൻ ആവശ്യപ്പെട്ടാൽ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞു. മാത്രമല്ല, അവർ പണവും ആവശ്യപ്പെട്ടു

ഈ ചിത്രങ്ങൾ എന്റെ അമ്മയെ അസ്വസ്ഥയാക്കി. ചിത്രങ്ങൾ യഥാർഥമാണെന്ന് എന്റെ അമ്മയും വിശ്വസിച്ചു. ഈ ചിത്രങ്ങൾ എന്റെ മകളുടേതാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? എന്നായിരുന്നു അച്ഛന്റെ അവരോടുള്ള ചോദ്യം.  അങ്ങനെയൊരു പ്രതികരണം അച്ഛനിൽ നിന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിൽ ഈ ചിത്രങ്ങൾ പലയിടത്തും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ നാണം കെടുത്തുമെന്നുമായിരുന്നു കസിന്റെ ഭീഷണി. ഈ ഭീഷണിയൊന്നും അച്ഛന്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം കസിന്റെയും അയാളുടെ ഭാര്യയുടെയും പെട്ടികൾ എടുത്ത് പുറത്തെറിഞ്ഞു. വീടു വിട്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. 

ഞാൻ കണ്ട ഏറ്റവും നല്ല ഫെമിനിസ്റ്റ് അന്നും ഇന്നും എന്റെ അച്ഛനാണെന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും. വളരെ സാധാരണക്കാരായ ഇടുങ്ങിയ ചിന്താഗതിയുള്ള ഉത്തർപ്രദേശിലെ കുടുംബമാണ് ഞങ്ങളുടെത്. ഞാൻ ജനിച്ചപ്പോൾ പെൺകുട്ടിയായതിന്റെ പേരിൽ നിരവധി ഉപദേശങ്ങൾ അച്ഛന് കേൾക്കേണ്ടി വന്നു. കുടുംബത്തിൽ നിന്ന് ഒരു ആൺകുഞ്ഞിനു വേണ്ടിയുള്ള സമ്മർദം എന്റെ മാതാപിതാക്കൾക്ക് എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ അവരുടെ കുട്ടിയായി ഞാൻ മാത്രം മതിയെന്ന തീരുമാനം അച്ഛൻ എടുത്തു. എന്റെ തീരുമാനങ്ങളിലെല്ലാം പൂർണ പിന്തുണ നൽകി കൂടെ നിന്നു. 

ഞങ്ങളെ കണ്ടു മുട്ടുന്ന എല്ലവർക്കും അസൂയ തോന്നുംവിധമാണ് അച്ഛനും ഞാനും തമ്മിലുള്ള ബന്ധം. സൂര്യനു കീഴിലുള്ള എന്തുകാര്യത്തെ കുറിച്ചും എനിക്ക് അച്ഛനോട് ചർച്ച ചെയ്യാം. ഒരിക്കലും മടുപ്പു തോന്നില്ല. 12വയസ്സു മുതൽ അച്ഛൻ എന്നെ സാമ്പത്തിക കാര്യങ്ങള്‍ പഠിപ്പിച്ചു. വീട്ടിലെ വരവു ചിലവു കണക്കുകൾ എന്നോട് പറഞ്ഞു. അങ്ങനെ എല്ലാകാര്യങ്ങളും ചർച്ച ചെയ്തു. ജോലിയിലും ജീവിതത്തിലും എന്റെ ഉയർച്ചകളുടെ  പിന്നിൽ അച്ഛനാണ്. ’– ശ്രുതി വ്യക്തമാക്കി. 

English Summary: Shruti Chathurvedi About Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA