sections
MORE

രണ്ടു പെൺമക്കളെ ഭർത്താവ് വിറ്റു; അവർ എന്നെ കൊല്ലും; ബാക്കി മക്കളുമായി രാജ്യം വിട്ട് അഫ്ഗാൻ യുവതി

afghan-fariba
അഫ്ഗാൻ വനിതകൾ. ചിത്രം∙ റോയ്റ്റേഴ്സ്
SHARE

ഡല്‍ഹിയിലെ തെരുവിലൂടെ നടക്കുമ്പോഴും ഫരിബ അകേമിയുടെ കണ്ണുകളില്‍ ഭയമുണ്ട്. ഇടയ്ക്കിടെ അവര്‍ പിന്നിലേക്കു നോക്കുന്നു. പേടിയോടെ ചുറ്റിനും നോക്കുന്നു. ഏതു നിമിഷവും താന്‍ കൊല്ലപ്പെടാമെന്നും ഇന്ത്യയ്ക്കു മാത്രമേ തന്നെ രക്ഷിക്കാനാവൂ എന്നും ആവര്‍ത്തിക്കുന്നു. 

ഫരിബ അകേമി അഫ്ഗാനിസ്ഥാനിലാണു ജനിച്ചുവളര്‍ന്നത്. രണ്ടു വര്‍ഷം മുന്‍പാണു രണ്ടു പെണ്‍മക്കളുമായി അവര്‍ രാജ്യം വിട്ട് ഇന്ത്യയില്‍ എത്തിയത്. താലിബന്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണ് രാജ്യം വിടേണ്ടിവന്നത്. ഭര്‍ത്താവ് നേരത്തേതന്നെ താലിബാനില്‍ ചേര്‍ന്നിരുന്നു. കടം വീട്ടാന്‍ വേണ്ടി മൂത്ത രണ്ടു പെണ്‍മക്കളെയും അയാള്‍ ഭീകരര്‍ക്കു വിറ്റു. താലിബാനെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ ഫരിബ ഭീഷണി നേരിടുകയായിരുന്നു. അതിനിടെ, കിട്ടിയ സന്ദര്‍ഭത്തില്‍ ഇളയ രണ്ടു പെണ്‍മക്കളുമായി അവര്‍ രാജ്യം വിട്ട് ഡല്‍ഹിയിയിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി സമാധാനത്തോടെയാണു ജീവിക്കുന്നത്. എന്നാല്‍, താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചതോടെ ഉറക്കമില്ലാത്ത രാത്രികളാണ് ഫരീബയ്ക്ക്. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും തന്നെ ആക്രമിക്കുമോ എന്നാണവരുടെ പേടി. തന്റെ രണ്ടു പെണ്‍മക്കളെ തട്ടിക്കൊണ്ടുപോകുമോ എന്നും പേടിയുണ്ട്. ഇന്ത്യയില്‍ ഇതുവരെ അവര്‍ക്ക് അഭയാര്‍ഥികര്‍ക്കുള്ള കാര്‍ഡ് ലഭിച്ചിട്ടില്ല. കോവിഡിനു മുന്‍പു വരെ വ്യായാമ പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ മഹാമാരി വ്യാപിച്ചതോടെ സ്ഥാപനം അടച്ചു. അന്നു മുതല്‍ ദുരിതത്തിലാണ്. അതിനിടെയാണ് മാതൃരാജ്യമായ അഫ്ഗാനില്‍ നിന്ന് അസ്വസ്ഥതപ്പെടുത്തുന്ന വര്‍ത്തകള്‍ എത്തിത്തുടങ്ങിയത്. അപ്പോഴും അവയൊന്നും സത്യമാകരുതേ എന്നായിരുന്നു പ്രാര്‍ഥന. എന്നാല്‍, ആശങ്കകളെ ശരിവച്ചു കൊണ്ട് ഈ മാസം 15 ന് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. യുഎസ് സൈന്യം വിട്ടുപോകുന്നതോടെ അവര്‍ രാജ്യം മുഴവന്‍ നിയന്ത്രണത്തിലാക്കും. അതോടെ, തന്റെ ഭാവി ഇരുളടയും എന്നാണ് ഫരിബ പേടിക്കുന്നത്. തനിക്കു താലാബാന്‍ നല്‍കിയ മരണ വാറണ്ട് കുറച്ചു കാലത്തേക്കു മാത്രമുള്ളതല്ലെന്നും എന്നെന്നേക്കുമുള്ളതാണെന്നും അവര്‍ പറയുന്നു. ഏതു നിമിഷവും കൊല്ലപ്പെടാം എന്നാണതിനര്‍ഥം. 

ആകെ ഞാന്‍ ചോദിക്കുന്നത് സുരക്ഷ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാന്‍ ഒരിടം. അല്ലെങ്കില്‍ എന്റെ രണ്ടു പെണ്‍മക്കള്‍ക്കും മൂത്തവരുടെ അതേ ഗതി തന്നെയാണുണ്ടാകുക- കരഞ്ഞുകൊണ്ട് ഫരിബ പറയുന്നു. 14-ാം വയസ്സിലായിരുന്നു ഫരിബയുടെ വിവാഹം. അച്ഛനമ്മമാര്‍ വലിയ പരിചയം ഒന്നുമില്ലാത്ത യുവാവിന് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു. ഹെറാത് പ്രവിശ്യയിലാണ് അവര്‍ താമസിച്ചിരുന്നത്. അവിടെ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്‍മാരുടെ പ്രായമൊന്നും ആരും നോക്കിയിരുന്നില്ല. ഫരിബയെ വിവാഹം കഴിച്ചത് അവളേക്കാള്‍ 20 വയസ്സ് മുതിര്‍ന്ന ഒരാളാണ്. സാമ്പത്തിക പ്രയാസത്തില്‍ നിന്നു കരകയറാന്‍ വേണ്ടിയാണ് നേരത്തെതന്നെ കുടുംബം വിവാഹത്തിനു സമ്മതിച്ചതത്രേ. 

വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവ് ഫരിബയെ മര്‍ദിക്കാനും അസഭ്യം പറയാനും തുടങ്ങി. ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളോളം അയാള്‍ വീട്ടിൽ വരാറേ ഉണ്ടായിരുന്നില്ല. ഫരിബയെ സ്കൂളില്‍ പോകാനും അയാള്‍ അനുവദിച്ചിരുന്നില്ല. എന്നാലും സ്വന്തം വധി അതാണെന്നു പൊരുത്തപ്പെട്ട് അവര്‍ ജീവിച്ചു. നാലു മക്കളും ജനിച്ചു. മൂത്ത മകള്‍ക്ക് 14 വയസ്സ് ആയപ്പോള്‍ കടം വീട്ടാന്‍ വേണ്ടി ഭര്‍ത്താവ് കുട്ടിയെ വിറ്റു. അയാള്‍ക്ക് ലഹരിമരുന്നിന്റെ ബിസിനസും ഉണ്ടായിരുന്നത്രേ. കുട്ടിയെ വിറ്റ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ മറ്റു മക്കളെയും വില്‍ക്കും എന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. അടുത്ത കുട്ടിയെ 12 വയസ്സായപ്പോള്‍ തന്നെ ഭര്‍ത്താവ് വിറ്റു. അതോടെ ഫരിബ അധികൃരുടെ അടുത്ത് പരാതിയുമായി എത്തി. ആ വാര്‍ത്ത അറിഞ്ഞതോടെ ഭര്‍ത്താവ് വീണ്ടും മര്‍ദനം തുടങ്ങി. തന്റെ ശരീരത്തില്‍ ഇപ്പോഴും മുറിവുകളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

പിന്നീട് ഭര്‍ത്താവിനെ കാണാനേ ഇല്ലായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവരാണ് ഭര്‍ത്താവ് താലിബാനില്‍ ചേര്‍ന്നെന്ന് അറിയിച്ചത്. പിന്നീട് താലിബാനില്‍ നിന്ന് വിളിയെത്തി. മറ്റു മക്കളെയും അവര്‍ക്കു കൊടുക്കണമെന്നായിരുന്നു ആവശ്യം. കാലം മാറിയപ്പോള്‍ തങ്ങളും മാറിയെന്ന താലിബാന്റെ അവകാശവാദം തെറ്റാണെന്നും അധികാരം ലഭിക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ് അവയെന്നും ഫരിബ പറയുന്നു. 

താന്‍ ഡല്‍ഹിയിലുണ്ടെന്ന് ഭര്‍ത്താവിന് അറിയാം എന്നും ഫരിബ പറയുന്നു. അതുകൊണ്ടാണ് ഏതു നിമിഷവും ജീവനു നേര്‍ക്ക് ആക്രമണം അവര്‍ പേടിക്കുന്നത്. സംസാരിക്കുമ്പോഴും അവര്‍ ചുറ്റിനും നോക്കുന്നു. ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് വീണ്ടും വീണ്ടും പിന്നിലേക്കും വശങ്ങളിലേക്കും നോക്കുന്നു. ഉറക്കമില്ല ഫരിബയ്ക്ക്. സമാധാനവുമില്ല. ഈ യാതനയ്ക്ക് എന്നാണൊരു പരിഹാരം എന്നവര്‍ കര‍ഞ്ഞുകൊണ്ട് ചോദിക്കുന്നു. 

English Summary: They will kill me: Afghan woman who fled to India with daughters seeks refugee card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA