ADVERTISEMENT

അമേരിക്കന്‍ സൈന്യം പൂര്‍ണമായി പിന്‍മാറിയതോടെ, താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായി കൈപ്പിടിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ, രാജ്യത്തു നിന്ന് ഏതു വിധേനയും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള തിക്കും തിരക്കും തുടരുന്നു. ആയിരങ്ങളാണ് കാബൂളിലെ വിമാനത്താവളത്തില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താലിബാന്റെ കണ്ണു വെട്ടിച്ചാണ് പലപ്പോഴും ഇവരുടെ യാത്ര. പിടിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാലും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും എന്ന വിശ്വാസം പിടിവള്ളിയാക്കിയാണ് പലരും യാത്ര ചെയ്യുന്നതും വിമാനത്താവളത്തില്‍ എത്തുന്നതും. 

സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന് താലിബാന്‍ വിലക്കുണ്ട്. ഇത് മറികടക്കാന്‍ പുതിയൊരു തന്ത്രം കണ്ടെത്തിയിരിക്കുകയാണ് സ്ത്രീകള്‍. വിമാനത്താവളത്തിനു പുറത്തുവച്ചു പോലും പല സ്ത്രീകളും വിവിഹിതരാകുന്നു. വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. അഭയാര്‍ഥി ക്യാംപുകളില്‍ വച്ചും പലരും വിവാഹിതരാകുന്നുണ്ട്. അതോടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണ് എന്ന രീതിയില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനാണ് സ്ത്രീകളുടെ പദ്ധതി. 

എന്നാല്‍, ഇതു മനുഷ്യക്കടത്താണെന്നും ഇതിനെതിരെ ലോക രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിനോടകം,. നൂറു കണക്കിനു സ്ത്രീകളാണ് തങ്ങള്‍ വിവാഹിതരാണെന്നും ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയാണ് എന്ന രീതിയിൽ രാജ്യം വിട്ടത്. നൂറു കണക്കിനു പേര്‍ ഈ തന്ത്രം വിജയകരമായി പ്രയോഗിക്കാന്‍ തയാറായികൊണ്ടുമിരിക്കുന്നു. ഇതോടെ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ യജ്ഞത്തില്‍ തങ്ങള്‍ക്കും ഇടം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

യുഎഇയില്‍ ഇപ്പോഴുള്ള പല അഭയാര്‍ഥി ക്യാംപുകളിലും താല്‍ക്കാലികമായി വിവാഹത്തില്‍ ഏര്‍പ്പെട്ട പല സ്ത്രീകളും ദുരിത ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തങ്ങളെ വിവാഹം കഴിക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കു പണം കൊടുക്കുന്ന പ്രവണത പോലുമുണ്ട്. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാല്‍ എങ്ങനെയങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലില്‍ സ്ത്രീകള്‍ ധാര്‍മിക പ്രശ്നങ്ങളോ വിദേശ രാജ്യങ്ങളില്‍ എത്തിപ്പെട്ടതിനു ശേഷമുള്ള പ്രശ്നങ്ങളോ ഒന്നും പരിഗണിക്കുന്നില്ല. എങ്ങനെയങ്കിലും വിവാഹിതരാകുക എന്നതു മാത്രമാണ് പലരുടെയും ലക്ഷ്യം. 

സ്ത്രീകള്‍ക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന താലിബാന്റെ നിയമം  വന്നതോടെയാണ് സ്ത്രീകള്‍ കൂടുതലായി രാജ്യം വിടാന്‍ തിരക്കു കൂട്ടുന്നത്. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പുതിയ ഭരണകൂടം തയാറാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ടെലിവിഷനില്‍ പോലും സ്ത്രീകളുടെ ശബ്ദം ഉയരരുത് എന്ന നിലയിലുള്ള പ്രചാരണങ്ങളും നടക്കുന്നു. 

ഇതോടെ, യഥാര്‍ഥത്തില്‍ വിവാഹിതരായവരെയും രാജ്യത്തു നിന്നു രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടവരെയും കണ്ടുപിടിക്കുക എന്ന ദൗത്യവും വിദേശ രാജ്യങ്ങളുടെ ചുമലില്‍ ആയിരിക്കുന്നു. അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഇത്തരക്കാരെ കണ്ടുപിടിക്കുക പലപ്പോഴും ദുഷ്കരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

English Summary: Afghan women forced to marry outside Kabul airport to help them evacuate, claim reports

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com