sections
MORE

ഷോർട്സ് ധരിച്ചെത്തി; പ്രവേശന പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടിയെ വിലക്കി; വിവാദം

girl
SHARE

എൻട്രൻസ് പരീക്ഷയ്ക്ക് ഇറക്കം കുറഞ്ഞ ഷോർട്സ് ധരിച്ചുകൊണ്ടു ഹാജരായ പെൺകുട്ടിക്ക് അസമിൽ ഉണ്ടായത് ദുരനുഭവം. അധികൃതരുടെ നിർദേശത്തെത്തുടർന്ന് ഒടുവിൽ കർട്ടൻ കൊണ്ട് ദേഹം മറച്ചാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. തേസ്പുർ പട്ടണത്തിൽ കാർഷിക യൂണിവേഴ്സിറ്റിയുടെ പ്രവശന പരീക്ഷയ്ക്കെത്തിയ ജൂബിലി തമുലി എന്ന 19 വയസ്സുകാരിക്കാണ് ഞെട്ടിക്കുന്ന അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നത്. ബുധനാഴ്ച ആയിരുന്നു സംഭവം. 

70 കിലോമീറ്റർ ദൂരെയുള്ള ബിസ്‍വനാഥ് എന്ന സ്ഥലത്തുനിന്ന് നിന്ന് അതിരാവിലെ പിതാവിനൊപ്പമാണ് പെൺകുട്ടി പരീക്ഷയ്ക്ക് പുറപ്പെട്ടത്. ഗിരിജാനാഥ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു പരീക്ഷ. പ്രവേശന കവാടത്തിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ലെന്ന് ജൂബിലി പറയുന്നു. പരീക്ഷാ ഹാളിൽ എത്തിയപ്പോഴാണു പ്രശ്നങ്ങളും തുടങ്ങിയത്. 

പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്ന ഇൻവിജിലേറ്റർ ആണ് ആദ്യം പ്രശ്നത്തിൽ ഇടപെട്ടത്. ഷോർട്സ് ധരിച്ചുകൊണ്ട് പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് ഇൻവിജിലേറ്റർ തീർത്തുപറഞ്ഞു. എന്നാൽ അഡ്മിറ്റ് കാർഡിലോ ഹാൾ ടിക്കറ്റിലോ വസ്ത്രധാരണത്തെക്കുറിച്ച് നിബന്ധനകൾ വ്യക്തമാക്കിയിട്ടില്ലെന്ന് ജൂബിലി പറയുന്നു. ഏതാനും ദിവസം മുമ്പ് ഇതേ വേഷം ധരിച്ച് താൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയെന്നും ആരും തന്നെ തടഞ്ഞില്ലെന്നും ജൂബിലി ചൂണ്ടിക്കാട്ടുന്നു.  

എന്നാൽ തടസ്സവാദങ്ങൾ ചെവിക്കൊള്ളാൻ പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കാനെത്തിയ അധ്യാപകൻ തയാറായില്ല. അദ്ദേഹം വാദത്തിൽ ഉറച്ചുനിന്നു. അതോടെ, ജൂബിലി പുറത്തുനിൽക്കുന്ന പിതാവിന്റെ അടുത്തേത്ത് കരഞ്ഞുകൊണ്ട് എത്തി. എന്നാൽ പരീക്ഷ എഴുതാൻ സമ്മിക്കാമെന്നും വേഗം എവിടെനിന്നെങ്കിലും ഒരു ജോഡി പാന്റ്സ് സംഘടിപ്പിക്കാനും പരീക്ഷാ കൺട്രോളർ നിർദേശിച്ചു. വിവാദം പരീക്ഷയ്ക്കുള്ള തന്റെ തയാറെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലായി ജൂബിലി. വിലപ്പെട്ട സമയം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അതിനിടെ, പിതാവ് 8 കിലോമീറ്റർ അകലെയുള്ള മാർക്കറ്റിൽ പോയി ട്രൗസർ സംഘടിപ്പിച്ചുകൊണ്ടുവന്നു. എന്നാൽ അപ്പോഴേക്കും കർട്ടൻ പുതച്ചുകൊണ്ട് ജൂബിലി പരീക്ഷ എഴുതിത്തുടങ്ങിയിരുന്നു. 

വസ്ത്രധാരണത്തെക്കുറിച്ച് സമാന്യ ബോധം പോലുമില്ലാത്ത ഒരാൾ എങ്ങനെ പരീക്ഷ ജയിക്കുമെന്ന് തന്നോട് അധികൃതർ ചോദിച്ചതായും ജൂബിലി പറയുന്നു. കോവിഡ് മാനദണ്ഡം അനുസരിച്ച് മാസ്ക് ഉണ്ടോ എന്നു പരിശോധിക്കുന്നതിൽ തെറ്റില്ല. താപനില പരിശോധിക്കുന്നതും മനസ്സിലാക്കാം. എന്നാൽ ഷോർട്സിൽ മാത്രമാണ് അവരുടെ നോട്ടം എത്തിയതെന്നും ഇത് തിക‍ഞ്ഞ അനീതിയാണെന്നും ജൂബിലി ചൂണ്ടിക്കാട്ടുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അനുഭവത്തിലൂടെയാണു കടന്നുപോയതെന്നും സംഭവത്തെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുമെന്നും പെൺകുട്ടി പറയുന്നു. 

ഓരോരുത്തർക്കും ഇഷ്ടപ്പെട്ടതും സൗകര്യപ്രദവുമായ വസ്ത്രം ഓരോന്നാണ്. ഒരാൺകുട്ടി നിക്കർ ധരിച്ചാൽ ആരും ഒരു ആക്ഷേപവും പറയില്ല. മേൽവസ്ത്രമില്ലാതെ എത്രയോ പുരുഷൻമാർ പുറത്തിറങ്ങി നടക്കുന്നു. ആർക്കും ഒരു പരാതിയും ഇല്ല. എന്നാൽ ഒരു പെൺകുട്ടി ഷോർട്സ് ധരിച്ചാൽ എല്ലാവരും ബഹളം ഉണ്ടാക്കുന്നു–ജൂബിലി പറയുന്നു. പരീക്ഷ എഴുതിപ്പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും സംഭവം ഭീകരമായിരുന്നെന്നും ഓർമിക്കുന്നു. ഇടയ്ക്കിടെ ഊർന്നുപോകുന്ന കർട്ടൻ പിടിച്ചു നേരേ ഇടേണ്ടിവന്നു. അതും കഷ്ടപ്പാടായിരുന്നു. 

സംഭവം നടക്കുമ്പോൾ താൻ കോളജിൽ ഇല്ലായിരുന്നെന്ന് കോളജ് പ്രിൻസിപ്പൽ പറയുന്നു. തങ്ങളുടെ കോളജ് പരീക്ഷാ സെന്റർ ആയി തിരഞ്ഞെടുത്തതാണെന്നും ഇൻവിജിലേറ്റർ പുറത്തുനിന്നു വന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തെക്കുറിച്ച് കോളജിൽ പ്രത്യേക നിബന്ധനയൊന്നും ഇല്ല. എന്നാൽ മാന്യമായ വേഷം ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ കൂടി കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

English Summary: 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA