വിലങ്ങുവച്ച് ബലാത്സംഗം; സാറയുടെ ശരീരം കഷ്ണങ്ങളായി ചിതറിക്കിടന്നു; ഒടുവിൽ ശിക്ഷ

sarah-everard
SHARE

ബ്രിട്ടനിൽ കോളിളക്കമുണ്ടാക്കിയ ബലാത്സംഗ– കൊലപാതകക്കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും ഇടപെടുകയും പൊലീസ് വകുപ്പ് തന്നെ സംശയ നിഴലിലാകുകയും ചെയ്ത ക്രൂരമായ കേസിലാണ് മുൻ പൊലീസ് ഓഫിസർക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. പ്രതിക്ക് ന്യായമായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ വിമോചന പ്രവർത്തകർ പലതവണ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഒരൂ രാജ്യത്തെ സ്ത്രീകളെയാകെ അരക്ഷിതത്വത്തിലേക്ക് തള്ളിയിട്ടതാണു സംഭവമെന്നും ഇങ്ങനെയൊന്ന് ഇനിയും ആവർത്തിക്കരുതെന്നുമായിരുന്നു അവരുടെ ആവശ്യം. എന്തായാലും പ്രതിക്ക് ശിക്ഷ വിധിച്ചതോടെ ആശ്വാസത്തിലാണ് സ്ത്രീ സംഘടനകൾ. സ്ത്രീകളെ പീഡനങ്ങൾക്ക് ഇരയാക്കുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെ എന്നും അവർ ആഗ്രഹിക്കുന്നു. സൗത്ത് ലണ്ടനിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് ആയിരുന്ന 33 വയസ്സുകാരി സാറ എവറെഡ് എന്ന യുവതിയാണു കൊല്ലപ്പെട്ടത്. ശിക്ഷ ലഭിച്ചിരിക്കുന്നത് 48 വയസ്സുകാരനായ മുൻ പൊലീസ് ഓഫിസർ വെയ്ൻ കുസൻസിനും. 

സാറയെ കാണാതാകുകയും പ്രതിയെ പിടി കിട്ടാതിരിക്കുകയും ചെയ്ത കാലത്ത് ബ്രിട്ടനിൽ ദിവസങ്ങളോളം പ്രതിഷേധം അലയടിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. പല സാധാരണക്കാരായ സ്ത്രീകളും തെരുവിലും പൊതുസ്ഥലങ്ങളിലും പോലും തങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ വിവരിച്ചു രംഗത്തുവന്നിരുന്നു. തുറിച്ചു നോക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത അനുഭവങ്ങൾ പലരും പങ്കുവച്ചിരുന്നു. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ യുവതിക്ക് നീതി കിട്ടാൻവേണ്ടി തനിക്കു കഴിയാവുന്നതൊക്കെ ചെയ്യുമെന്നും വാഗ്ദാനം ചെയ്തിരുന്നു. 

മാർച്ച് മാസത്തിലെ ഒരു ദിവസമാണ് സാറയെ കാണാതാകുന്നത്. അന്നവർ വീട്ടിൽ നിന്ന് 50 മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തിലുള്ള ഒരു സുഹൃത്തിനെ സന്ദർശിക്കാൻ പോയിരുന്നു. തിരിച്ചുവരുന്ന വഴിയാണ് സാറയെ കാണാതായത്. 

രാത്രി 9ന് സാറ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. വലിയ ഒരു മൈതാനം കടന്നുവേണമായിരുന്നു വീട്ടിലെത്താൻ. നടക്കുന്നതിനിടെ അവർ തന്റെ ആൺ സുഹൃത്തുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. 14 മിനിറ്റ് സംസാരം ദീർഘിച്ചിരുന്നു. 2.28 ന് സാറ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. 

പിറ്റേന്ന് സാറയെ കാണാനില്ല എന്ന വാർത്തയുമായി ആൺസുഹൃത്ത് പൊലീസിനെ സമീപിച്ചു. സാറയുടെ ചിത്രം പ്രസിദ്ധീകരിച്ച അധികാരികൾ യുവതിയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായവും തേടി. 

സാറ വീട്ടിലേക്കു നടക്കുന്നതിനിടെ, കുസൻസ് എന്ന പൊലീസ് ഓഫിസർ തന്റെ പദവി ഉപയോഗിച്ച് തടയുകയായിരുന്നു. കൈവിലങ്ങണിയിച്ച് 80 മൈൽ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലാൽസംഗം നടത്തിയശേഷം ശ്വാസം മുട്ടിച്ചു കൊന്നു. സാറയെ കാണാതായി ആറാം ദിവസമാണ് കുസൻസ് അറസ്റ്റിലാകുന്നത്. സാറയെ തടയുമ്പോൾ അയാൾ ഡ്യൂട്ടിയിൽ അല്ലായിരുന്നു എന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. കുസൻസ് നിൽകിയ സൂചനകളന്വേഷിച്ച പൊലീസ് പിന്നീട് സാറയുടെ ശരീര ഭാഗങ്ങൾ  കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അവർ തന്നെയാണെന്നും തെളിയിച്ചു. 

സ്ത്രീകളെ തട്ടിയെടുത്ത് തന്റെ ഇഷ്ടത്തിന് വിധേയമാക്കാൻ കുസൻസ് മാസങ്ങളോളം ശ്രമിച്ചിരുന്നെന്നും അയാൾ ഒരു രീതിയിലും ജീവിതം അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഒട്ടേറെ സ്ത്രീ സംഘടനകൾ ശിക്ഷാ വാർത്തയെ സ്വാഗതം ചെയ്തിട്ടുണ്ട്. 

English Summary: Explained: Who was Sarah Everard, how her rapist-killer was brought to book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS