ADVERTISEMENT

നമ്മുടെ എന്തെങ്കിലും അപഹരിച്ചവരോട് ക്ഷമിക്കുക മാത്രമല്ല, അവരെ പ്രണയിച്ച് വിവാഹം കഴിക്കാനും സാധിക്കുമോ? അങ്ങനെ ഒരു കഥയാണ് ജഹനാര എന്ന യുവതിയുടെത്. അനുകമ്പയിലൂടെയും സ്നേഹത്തിലൂടെയും മോഷ്ടാവിന്റെ മനസു മാറ്റിയ ജഹനാര എന്ന പെൺകുട്ടിയാണ് കഥയിലെ നായിക. പ്രശസ്ത ഫൊട്ടോഗ്രാഫർ ജിഎംബി ആകാശാണ് ജഹനാരയുടെ വ്യത്യസ്തമായ ജീവിത കഥ പുറംലോകത്തെ അറിയിച്ചത്. ഒരിക്കൽ തന്റെ പണവുമായി കടന്നുകളഞ്ഞ ആളെ പ്രണയിക്കാനും വിവാഹം കഴിക്കാനുമുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ജഹനാര. മോഷ്ടാവിനു കുറ്റബോധം തോന്നി ജഹനാരയെ സഹായിക്കുകയും  മോഷണം നിർത്തി അധ്വാനിച്ച് ജീവിക്കുകയും  ചെയ്തു

സ്വന്തം ജീവിതത്തെ കുറിച്ച് ജഹനാര പറയുന്നത് ഇങ്ങനെ: ‘ഒരു മോഷ്ടാവിനെയാണ് ഞാൻ  വിവാഹം ചെയ്തത്. കേൾക്കുമ്പോൾ ചിരിവരും. പക്ഷേ, ഞാൻ തമാശ പറയുകയല്ല. ഒരു സിനിമ കഥ പോലെ തോന്നുകയാണ് ജീവിതം. എന്റെ അച്ഛന് മരുന്നു വാങ്ങാനായി മരുന്നുചീട്ടുമായി പോകുമ്പോഴാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്. 

അച്ഛനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീട്ടുജോലി കഴിഞ്ഞ് മരുന്നുചീട്ടും പണവുമടങ്ങിയ പഴ്സുമായി തിരികെ വരികയായിരുന്നു ഞാൻ. പെട്ടന്ന് ഒരാൾ എന്റെ മുന്നിലേക്ക് എത്തുകയായിരുന്നു. പഴ്സ് അപഹരിച്ച് അയാൾ പോയി. എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്. റോഡരികിലിരുന്ന് വളരെ ഉച്ചത്തിൽ കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. എനിക്ക് ചുറ്റിലും ആളുകൾ നിറഞ്ഞു. ആരും എന്നെ സഹായിച്ചില്ല. എത്രനേരം അങ്ങനെ കരഞ്ഞിരുന്നുവെന്ന് എനിക്കു തന്നെ ഓർമയില്ല.

ആ രാത്രി എനിക്ക് അച്ഛനെ കാണാൻ ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. വീട്ടിൽ തിരിച്ചെത്തി ആ രാത്രി മുഴുവൻ അടുത്ത ദിവസം അച്ഛനെ എങ്ങനെ അഭിമുഖീകരിക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു. രാവിലെ ശുചിമുറിയിൽ പോകാനായി പുറത്തേക്കിറങ്ങിയതായിരുന്നു ഞാൻ. അവിടെ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. ഒരു പാക്കറ്റ് മുഴുവൻ മരുന്നുകളും എന്റെ പണവും മരുന്നുചീട്ടും ഇരിക്കുന്നത് കണ്ടു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ വീടിന് സമീപത്തുള്ളവരോടെല്ലാം അതേക്കുറിച്ച് അന്വേഷിച്ചു. പക്ഷേ ആരും അങ്ങനെയൊരാളെ കണ്ടതായി പറഞ്ഞില്ല. 

പിറ്റേന്ന് രാവിലെയും വീടിനു പുറത്ത് ഒരു പൊതി നിറയെ പഴങ്ങൾ വച്ചിരിക്കുന്നത് കണ്ടു. പിന്നീടുള്ള പതിനഞ്ചു ദിവസവും എന്റെ അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങൾ മുറിക്കു പുറത്തു കണ്ടു. അതാരാണെന്ന് കണ്ടെത്താൻ ഉറങ്ങാതിരിക്കാൻ ഞാൻ‌ തീരുമാനിച്ചു. ഒരു രാത്രി അത്തരത്തിൽ ഉറക്കമിളച്ച് ഇരിക്കവേ അദ്ദേഹം വന്നു. ഞാൻ അദ്ദേഹത്തിന് പിറകിലായി നിന്നു. അപ്പോഴാണ് കഥയെല്ലാം പറയുന്നത്. എന്റെ പണം തട്ടിയെടുത്ത് ഓടിപ്പോയ ആളാണത്. അന്ന് ഉച്ചത്തിൽ കരയുന്നതിനിടെ ആൾക്കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. കുറ്റബോധം തോന്നിയ അദ്ദേഹം അതോടെ മോഷണം ഉപേക്ഷിക്കുകയായിരുന്നു. 

അച്ഛനെന്തെന്നോ കുടുംബമെന്തെന്നോ ജീവിതത്തിലൂടനീളം അദ്ദേഹത്തിന് അറിഞ്ഞിരുന്നില്ല. രോ​ഗിയായ അച്ഛനു വേണ്ടി കരയുന്ന എന്നെ കണ്ടപ്പോൾ സ്നേഹമെന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അടുത്തദിവസം തൊട്ട് അദ്ദേഹം തൊഴിലെടുത്ത് ജീവിക്കാൻ തുടങ്ങി. അച്ഛനു വേണ്ടി വാങ്ങിയ സാധനങ്ങളൊക്കെയും താൻ അധ്വാനിച്ച പണം കൊണ്ടു വാങ്ങിയതാണെന്ന് പറഞ്ഞു. എന്നോട് ക്ഷമ ചോദിച്ച ആ രീതിക്ക് മുന്നിൽ മാപ്പു നൽകുകയും ആ മോഷ്ടാവിനെ ഞാൻ സ്നേഹിക്കുകയും ചെയ്തു. 

കഴിഞ്ഞ അഞ്ചു വർഷക്കാലം ഞങ്ങൾ‌ സന്തുഷ്ട ദമ്പതിമാരായി ജീവിക്കുകയാണ്. തെരുവിൽ വളർന്ന കുട്ടി എന്ന നിലയ്ക്ക് അദ്ദേഹം സ്നേഹം എന്തെന്ന് അറിഞ്ഞിരുന്നില്ല. ഇന്ന് ഞങ്ങൾ പരസ്പരം ഏറെ സ്നേഹിക്കുന്നു. ഇന്ന് ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ദയയ്ക്കും സ്നേഹത്തിനും ഏതു മനുഷ്യ ഹൃദയത്തേയും മാറ്റാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.’– ജഹനാര പറയുന്നു. 

English Summary: Life Story Of Jahanara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com