sections
MORE

അവതാരകനു മുന്നിൽ വസ്ത്രം ഉയർത്തിക്കാട്ടിയ നടി; ഡ്രൂ പറയുന്നു: ‘ഞാനിവിടെ മരിക്കുമായിരുന്നു’

Drew-Barrymore-Main-Image
ഡ്രൂ ബാരിമോർ
SHARE

നരച്ച മഞ്ഞച്ചായമിട്ട ഭിത്തികൾ, മടുപ്പിക്കുന്ന ചാരനിറത്തിലുള്ള ജനാലകൾ, ചുറ്റും കമ്പിവേലി. അടുത്തു കണ്ടാലും ചിരിക്കാത്ത ചില മനുഷ്യരെപ്പോലെ തോന്നി‌ക്കുന്ന ഒരു കെട്ടിടം. ചുവപ്പിൽ നിറയെ വെള്ളപ്പൂക്കളുള്ള പൈജാമയും ടോപ്പുമിട്ട്, ആ കെട്ടിടത്തിന് ഒട്ടും ചേരാത്ത തരത്തിൽ ഉല്ലാസവതിയായിരുന്നു അവിടെയെത്തിയ അതിഥി–ഹോളിവുഡ് നടി ഡ്രൂ ബാരിമോർ. 

പുറത്തുള്ള ബെല്ലമർത്തിയെങ്കിലും ആരും തുറന്നില്ല. തുടർന്ന് തന്റെ കാറിന്റെ മുകളിൽ കയറിയിരുന്ന്, മതിലിനപ്പുറത്തുള്ള കെട്ടിടത്തിലേക്കു വിരൽ ചൂണ്ടി ഡ്രൂ ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ വാവിട്ടു കരഞ്ഞു, ‘ ഞാനിവിടെനിന്നു പുറത്തു കടക്കുമെന്നു കരുതിയില്ല. ഇവിടെത്തന്നെ മരിച്ചുപോകുമെന്നോർത്തു. പക്ഷേ, ഞാൻ ഇവിടെനിന്നാണു ജീവിതം തിരിച്ചു പിടിച്ചത്. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്, എനിക്കു ചുറ്റും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടമുണ്ട് – ദൈവമേ, ഞാനിപ്പോൾ സന്തോഷിക്കുന്നു, സന്തോഷിക്കുന്നു...’

drew-barrymore-in-et
ഡ്രൂ ബാരിമോർ ‘ഇ ടി’ എന്ന ചിത്രത്തിൽ ബാലതാരമായി.

കരഞ്ഞുകൊണ്ട് ചിരിച്ച ആ നിമിഷങ്ങൾ കഴിഞ്ഞദിവസം ഡ്രൂ ബാരിമോർ ഷോയിലൂടെ കണ്ട പലർക്കും അവളെയൊന്നു ചേർത്തുപിടിക്കാൻ തോന്നിയിട്ടുണ്ടാകണം. കാരണം, എല്ലാ സങ്കടങ്ങളെയും അതിജീവിച്ച് പുതിയ വ്യക്തിയായും ശക്തയായും മാറിയെങ്കിലും അവളുടെ ഉള്ളിൽ അമ്മയുടെ കെട്ടിപ്പിടിച്ചുള്ള ഉമ്മയും അച്ഛന്റെ തലോടലും ആഗ്രഹിക്കുന്ന ഒരു കുട്ടി ഇപ്പോഴുമുണ്ടോ എന്നു നമുക്കു തോന്നിപ്പോകും. മാനസിക രോഗികളെയും മദ്യ, ലഹരി അടിമകളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിനു മുന്നിലാണു ഡ്രൂ എത്തിയത്. അവിടെ ഒന്നരവർഷം ഒറ്റപ്പെട്ടു കഴിഞ്ഞ 13 വയസ്സുകാരിയിൽനിന്ന് 46ാം വയസ്സ് വരെ സഞ്ചരിച്ച വഴികളെക്കുറിച്ച് അവൾക്കു പറയാൻ പലതുണ്ട്, നമുക്ക് പഠിക്കാനും.

മദ്യത്തിനടിമയായ ഡാഡി, സ്കൂളിൽ വിടാത്ത മമ്മ

അഭിനയവും സിനിമയും ജീവിതമാക്കിയ ബാരിമോർ കുടുംബത്തിൽ നടൻ ജോൺ ബാരിമോറിന്റെ മകളാണു ഡ്രൂ. ജോണിന്റെ കുടുംബത്തെക്കുറിച്ചു പറയുമ്പോൾ അവരുടെ കുപ്രസിദ്ധമായ മദ്യപാനത്തെക്കുറിച്ചു പറയാതെ വയ്യ. കുടുംബാംഗങ്ങളെല്ലാം തികഞ്ഞ മദ്യപാനികളായിരുന്നു. ചിലർ ലഹരിക്കും അടിമപ്പെട്ടു. രണ്ടോ മൂന്നോ പ്രാവശ്യം വിവാഹിതനാകുകയും ബന്ധം പിരിയുകയും ചെയ്തതിനു ശേഷമാണു ജോൺ ജർമൻ സുന്ദരി ജെയ്ഡിനെ പ്രണയിക്കുന്നത്. കറുത്തു ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ജെയ്ഡ് ഹോളിവുഡ് നടിയാകാൻ സ്വപ്നം കണ്ട് അമേരിക്കയിലെത്തിയതാണ്. 

US-ENTERTAINMENT-HOLLYWOOD-STARS-WALKOFFAME

അച്ഛനും അമ്മയും നിരന്തരം വഴക്കടിക്കുകയും വേർപിരിയുകയും ചെയ്ത കുടുംബത്തിൽ മനസ്സു നിറയെ മുറിവുകളോടെയാണു ജെയ്ഡ് വളർന്നത്. സ്നേഹവും വാത്സല്യവും കിട്ടാത്ത ബാല്യം അവൾക്കു വല്ലാത്ത ഒരു മുരടൻ സ്വഭാവവും സമ്മാനിച്ചിരുന്നു. വിവാഹിതയാകാൻ തീരുമാനിച്ചപ്പോൾ ജെയ്ഡ് കണക്കുകൂട്ടിയതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, സിനിമയിൽ അവസരം കിട്ടാൻ ജോൺ സഹായിക്കും. രണ്ട്, അച്ഛനിലും അമ്മയിലുംനിന്നു കിട്ടാത്ത സ്നേഹം പ്രായത്തിൽ തന്നെക്കാൾ വളരെ മുതിർന്ന ജോണിൽ നിന്നു കിട്ടും. 

പക്ഷേ, ഒന്നും നടന്നില്ല. സിനിമകളിൽ ജോണിനുതന്നെ അവസരം കുറഞ്ഞു. കടുത്ത മദ്യപാനം കൂടിയായതോടെ വീട്ടിൽ എന്നും ബഹളമായി. ഏതോ ചില സിനിമകളിൽ തലകാട്ടിയതല്ലാതെ ജെയ്ഡിനും ഹോളിവുഡിൽ പച്ച തൊടാനായില്ല. അടുക്കും ചിട്ടയുമില്ലാതെ, നിരാശയും വെറുപ്പും കല്ലിച്ചു കിടന്ന ആ വീട്ടിലേക്കാണു ഡ്രൂ ബാരിമോർ പിറന്നു വീണത്. 

‘അതൊരു വീടേ ആയിരുന്നില്ല. എല്ലായ്പോഴും കുത്തുവാക്കുകൾ പൊട്ടിവീണു. ഏതു സംസാരവും അടിപിടിയിലേക്ക് എത്തുമായിരുന്നു. എല്ലായിടത്തും മദ്യത്തിന്റെ മണവും സിഗരറ്റ് കുറ്റികളും വലിച്ചുവാരിയിട്ട തുണികളും. ശാരീരിക ഉപദ്രവം സഹിക്കാനാകാതെ കേസ് കൊടുത്ത മമ്മ, ഇതിനിടെ പൊലീസിന്റെ സഹായത്തോടെ ഡാഡിയെ വീട്ടിൽനിന്നു പുറത്താക്കി. ഭാര്യയെക്കാളും മകളേക്കാളും കൂടുതൽ മദ്യത്തെയും ലഹരി മരുന്നുകളെയും സ്നേഹിക്കാൻ ഡാഡിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്കൊരിക്കലും മനസ്സിലായിരുന്നില്ല.

ഞങ്ങളോടുള്ള ഉത്തരവാദിത്തം പാടേ മറന്ന ഡാഡിയെ പുറത്തുള്ളവർക്കു വലിയ കാര്യമായിരുന്നു. കാരണം, അവർ ഡാഡിയുടെ പുറത്തെ സൗമ്യമുഖമേ കണ്ടിട്ടൂള്ളൂ. അവരാരും ഡാഡിയുടെ കൂടെ ജീവിക്കുന്നവരല്ലല്ലോ,' പല അഭിമുഖങ്ങളിലും തന്റെ പുസ്തകങ്ങളിലും അക്കാലത്തെക്കുറിച്ചു ഡ്രൂ പറയുന്നതിങ്ങനെ. 

US-NETFLIX'S-

ഇനി മമ്മിയുടെ കാര്യമോ – കെട്ടില്ലാത്ത പട്ടം പോലെയായിരുന്നു ജെയ്ഡ്. അഭിനയമോഹവും കുടുംബമെന്ന സ്വപ്നവും നശിച്ചെന്ന നിരാശയിൽ കുത്തഴിഞ്ഞുപോയ സ്ത്രീ. ഡ്രൂവിന്റെ നല്ല അമ്മയാകാനായി ശ്രമിക്കാനൊന്നും അവർ മെനക്കെട്ടില്ല. പകരം, കൊച്ചുഡ്രൂവിനെയും അവർ കെട്ടഴിച്ചു വിട്ടു – സ്നേഹത്തിന്റെയും പരിഗണനയുടെയും അരുതുകളുടെയും നല്ല കെട്ടുകളില്ലാതെ ഡ്രൂ അപ്പൂപ്പൻതാടിപോലെ പറന്നുനടന്നു.

പതിനൊന്നാം മാസത്തിൽ മമ്മി അവളെ പരസ്യത്തിൽ അഭിനയിപ്പിച്ചതോടെ ഗ്ലാമർ ലോകത്തിന്റെ കൂട്ടുമായി അവൾക്ക്. ദിവസവും രാത്രികളിൽ ക്ലബുകളിലെ പാർട്ടികൾക്ക് ഡ്രൂവിനെയും ജെയ്ഡ് ഒപ്പം കൂട്ടും. സ്കൂളിൽ ചേർത്തെങ്കിലും പലപ്പോഴും ക്ലാസിൽ വിടില്ല. വലിയ കുട്ടികൾ കളിയാക്കുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന സ്കൂളിൽ പോകണോ എന്റെ ഒപ്പം പാർട്ടിക്കു വരണോ– എന്നാണത്രേ മമ്മി ചോദിച്ചിരുന്നത്. ശരിയും തെറ്റും തിരിച്ചറിയാനാകാത്ത പ്രായത്തിൽ പാർട്ടി, പാർട്ടി എന്നാർത്തു വിളിച്ച് ഡ്രൂ അമ്മയ്ക്കൊപ്പം പോയ്ക്കൊണ്ടുമിരുന്നു. 

ഒൻപതാം വയസ്സിൽ മദ്യം, പത്താം പിറന്നാളിന് ലഹരി

പരസ്യങ്ങളിലും ചെറുസിനിമകളിലും ഓമനമുഖം ശ്രദ്ധിക്കപ്പെട്ടതോടെ ഡ്രൂ ചെറുപ്പത്തിലേ താരമായി. വിഖ്യാത നടി സോഫിയ ലോറനും അന്ന സ്ട്രാസ്ബെർഗുമായിരുന്നു ഡ്രൂവിന്റെ തലതൊട്ടമ്മമാർ (ഗോഡ്മദേഴ്സ്). സ്റ്റീവൻ സ്പിൽ ബർഗിന്റെ ‘ഇ ടി–ദി എക്സ്ട്ര ടെറസ്ട്രിയലിൽ’ ഏഴാം വയസ്സിൽ അഭിനയിച്ചതോടെ ഹോളിവുഡിൽ ഡ്രൂ വമ്പൻ ഹിറ്റായി. ടിവി ചാറ്റ് ഷോകൾ ഡ്രൂവിനെ കിട്ടാൻ മത്സരിച്ചു.  അവൾ തന്നെയാണു സ്പിൽബർഗിനോട് തന്റെ ഗോഡ്‌ഫാദർ ആകാമോ എന്നു ചോദിച്ചത്; അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തു. അച്ഛന്റെ സ്നേഹത്തിനു വേണ്ടി അന്നേ ഡ്രൂ ദാഹിക്കുകയായിരുന്നല്ലോ. 

ഉരുളയ്ക്കുപ്പേരി പോലെയുള്ള സംസാരവും സ്റ്റൈലൻ വേഷങ്ങളുമായി കൊച്ചു ഡ്രൂ പത്രത്താളുകളിലും ടിവിയിലും നിറഞ്ഞു. ജെയ്ഡിനൊപ്പം അവൾ കയറിയിറങ്ങാത്ത നൈറ്റ് ക്ലബുകളില്ല. കുടിച്ചു ഡാൻസ് ചെയ്യുന്ന മുതിർന്നവരുടെ ഇടയിൽ അവൾ മാത്രമായിരുന്നു ഒരേയൊരു കുട്ടി. ഇക്കാര്യം പലവട്ടം വാർത്തയായപ്പോൾ അങ്ങനെ ശ്രദ്ധിക്കപ്പെടുന്നതും ഡ്രൂവിന് ഇഷ്ടമായിത്തുടങ്ങി. ക്ലബിലെ മേശയിൽ കയറി ഡ്രം ബീറ്റിനൊപ്പം വന്യമായി ചുവടുവയ്ക്കുന്ന ഡ്രൂവിന്റെ ചിത്രം പത്രത്തിൽ വന്നതോടെ പലരും ജെയ്ഡിനോടു സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, വികലമായ സ്വഭാവ പ്രശ്നങ്ങളുള്ള ജെയ്ഡ് അതൊന്നും കേട്ടില്ല. ഹോളിവുഡിന്റെ എല്ലാ ഗ്ലാമറും സൗകര്യങ്ങളും ആസ്വദിച്ചു ജീവിക്കാനായിരുന്നു തിടുക്കം. 

US-8TH-ANNUAL-BREAKTHROUGH-PRIZE-CEREMONY-ARRIVALS

ഒൻപതാം വയസ്സിലാണു ഡ്രൂ ആദ്യമായി മദ്യപിക്കുന്നത്. പിന്നീട് മദ്യപാനം സ്ഥിരമായി. പോണിടെയ്ൽ കെട്ടിയ തലമുടിയും ഫ്രോക്കും കൊച്ചുഷൂസുമിട്ട് കിറുങ്ങിയ കണ്ണുകളോടെ ഡ്രൂ ബാരിമോർ മദ്യഗ്ലാസുമായി നിൽക്കുന്നതിന്റെ ഫോട്ടോകൾ പ്രചരിച്ചു. പകൽ മോഡലിങ്ങും സിനിമാ ഷൂട്ടിങ്ങും, രാത്രി ക്ലബ് ജീവിതവുമായിരുന്നു മമ്മിയുടെയും മകളുടെയും പതിവ്. ക്ലബിലെത്തിയാൽ മമ്മി കൂടെപ്പോലും ഉണ്ടാകില്ല, ഡ്രൂവിനെ ഇഷ്ടമുള്ളിടത്തേക്കു വിടും, അവർ അവർക്കിഷ്ടമുള്ളിടത്തേക്കും പോകും. പത്താം വയസ്സായപ്പോഴേക്കും ഡ്രൂ ലഹരി വസ്തുക്കളും ഉപയോഗിച്ചു തുടങ്ങി. മാരിജുവാനയ്ക്ക് അടിമപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. 

പതിമൂന്നാം വയസ്സിൽ ലഹരി വിമോചന കേന്ദ്രത്തിൽ 

പിതാവ് ജോൺ പോയതോടെ അൽപം സമാധാനം തിരിച്ചുപിടിച്ച ആ വീട് മുൻപത്തേക്കാൾ അടിപതറിയ അവസ്ഥയിലായി പിന്നീട്. അമ്മയും മകളും തമ്മിൽ എന്നും വഴക്കും അടിയും പതിവായി. ഇടയ്ക്കു ഡ്രൂ ആത്മഹത്യയ്ക്കും ശ്രമിച്ചു. പതിമൂന്നാം വയസ്സിൽ ഒരുദിവസം ലഹരിപ്പാർട്ടിയിൽനിന്നു മടങ്ങിയെത്തിയ അവൾ പതിവിലും കൂടുതൽ വയലന്റായി. സാധനങ്ങൾ വലിച്ചെറിയുകയും അക്രമം കാട്ടുകയും ചെയ്തതോടെ ജെയ്ഡ് തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ലഹരിവിമോചന കേന്ദ്രത്തിൽ ഡ്രൂവിനെ എത്തിക്കുകയായിരുന്നു.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും കെട്ടുവിട്ടപ്പോൾ അപരിചിതമായ സ്ഥലത്തു തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഭയവും നിസ്സഹായതയും മമ്മിയോടുള്ള വെറുപ്പും എല്ലാം കൂടിയായപ്പോൾ ഡ്രൂ വീണ്ടും അക്രമാസക്തയായി. അവിടെ നിന്നു പുറത്തുകടക്കാനായി പിന്നീടുള്ള ശ്രമം. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് അതിനു കഴിയില്ലെന്നു വന്നതോടെ നിസ്സഹകരണം തുടങ്ങി.

മരുന്ന് കഴിക്കില്ല, ഭക്ഷണം കഴിക്കില്ല, കുളിക്കില്ല. ദിവസങ്ങൾ പിന്നിട്ടപ്പോൾ പതുക്കെ ശാന്തയാകാൻ തുടങ്ങി. എങ്കിലും മദ്യവും ലഹരിയും കിട്ടാത്തതിന്റെ ശാരീരിക, മാനസിക പ്രശ്നങ്ങളും അക്രമവും ഇടവിട്ടു തുടർന്നു. അച്ഛനെപ്പോലെ അമ്മയും തന്നെ ഉപേക്ഷിച്ചെന്ന ചിന്ത ഉള്ളിൽ തീരാമുറിവായി. ‘ലിറ്റിൽ ഗേൾ ലോസ്റ്റ്’ എന്ന പതിനാറാം വയസ്സിൽ എഴുതിയ പുസ്തകത്തിൽ ഇതേക്കുറിച്ചെല്ലാം ഡ്രൂ വിശദമായി പറയുന്നുണ്ട്. 

US-BABY2BABY-HEARTS-NY-A-COVID-RELIEF-DIAPER-DISTRIBUTION-HOST

‘ആരാണു സുഹൃത്തുക്കളെന്ന് ഒരിക്കൽ ഡി–അഡിക്‌‌ഷൻ സെന്ററിലെ കൗൺസലർ ചോദിച്ചു. എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ടെന്നു ദേഷ്യത്തോടെ ഞാൻ മറുപടി പറഞ്ഞു. എനിക്കൊപ്പം മദ്യപിക്കുന്ന, സിഗരറ്റ് വലിക്കുന്ന, ലഹരി ഉപയോഗിക്കുന്ന കൂട്ടുകാർ. ഞാൻ എന്തു ചെയ്താലും കൂടെ നിൽക്കുന്നവർ. എന്നെ കുറ്റപ്പെടുത്താത്തവർ. എന്നെ വിമർശിക്കാത്തവർ. എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുന്നവർ. ഞാൻ പറയുന്നതെല്ലാം അനുസരിക്കുന്നവർ.

എല്ലാം കേട്ട കൗൺസലർ ചോദിച്ചു, ഇപ്പോൾ നിനക്കു ഞാൻ മദ്യം തന്നാൽ എന്നെ സുഹൃത്തായി കാണുമോ എന്ന്. തീർച്ചയായും. ഞാൻ തുള്ളിച്ചാടി. അന്ന് അദ്ദേഹം പറ‍ഞ്ഞു – നീ എത്ര ചോദിച്ചാലും മദ്യം തരാത്തയാളാണ് നിന്റെ യഥാർഥ സുഹൃത്ത് എന്നു നീ തിരിച്ചറിയുമ്പോൾ ഈ സ്ഥാപനത്തിന്റെ വാതിലുകൾ തുറന്നു നിനക്കു പുറത്തേക്കു പോകാം. എന്തു കുറ്റങ്ങൾക്കും കൂടെ നിൽക്കുന്നവരാണു സുഹൃത്തുക്കളെന്നു നിന്നെക്കൊണ്ടു തോന്നിക്കുന്നത് നിന്റെ സ്വഭാവ വൈകല്യമാണ്. നിന്റെ സ്വാർഥതയും നന്മ–തിന്മകളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ്’.

അന്ന് അദ്ദേഹത്തെ കുറെ ചീത്ത വിളിച്ച എനിക്ക് മാസങ്ങൾ കടന്നുപോയപ്പോൾ അതു മനസ്സിലായി. നമ്മളുടെ സുഹൃത്തുക്കൾ ആരാണെന്നു നോക്കിയാൽ നമ്മൾ ആരാണെന്നു മനസ്സിലാകും. ഞാൻ ഫ്രണ്ട്സ് എന്നു കരുതിയവർ ആ വാക്കിന് അർഹതയുള്ളവരേ ആയിരുന്നില്ല.mഎന്തു തോന്നിവാസത്തിനും കുടപിടിക്കുന്നവരല്ല യഥാർഥ കൂട്ടുകാരെന്ന് ഞാൻ തിരിച്ചറിഞ്ഞു,’ ഡ്രൂ പല അഭിമുഖങ്ങളിലും പിന്നീടു പറഞ്ഞു.

പതിനാലര വയസ്സിൽ അമ്മയിൽനിന്ന് ‘മോചനം’

ഒന്നരവർഷം ലഹരി വിമോചന–മാനസിക ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം പുറത്തേക്കു വിടും മുൻപ് സ്ഥാപന അധികൃതർ കോടതിയെ ഒരു കാര്യം അറിയിച്ചു. ‘ഇനി ഡ്രൂവിനെ അമ്മയ്ക്കൊപ്പം വിടരുത്. പ്രായപൂർത്തിയായില്ലെങ്കിലും അവൾ ഒറ്റയ്ക്കു കഴിയുന്നതാണ് ജെയ്ഡിനൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത്.’ അതെ, അവരുടെ ആവശ്യം ന്യായമായിരുന്നു.

പക്വമായ വഴികളിലേക്കു മാറാനോ സ്വഭാവ വൈകല്യങ്ങൾക്കു ശാസ്ത്രീയ പരിഹാരം നേടാനോ തയാറാകാത്ത ജെയ്ഡിനൊപ്പം ഡ്രൂവിനെ വിട്ടാൽ അവൾ വീണ്ടും പഴയ വഴിയിലേക്കു പോകുമെന്നുറപ്പായിരുന്നു. ജീവിതത്തിൽ ആദ്യമായി പഠിച്ച അച്ചടക്കം, ശരി തെറ്റുകളെക്കുറിച്ചുള്ള ബോധം, മുന്നോട്ടുള്ള ജീവിതം എങ്ങനെയാകണമെന്ന കണക്കുകൂട്ടൽ, നല്ല സൗഹൃദങ്ങളുടെ ആവശ്യം – ഇതെല്ലാം ഉള്ളിലുറപ്പിച്ചാണു ഡ്രൂ അവിടെ നിന്നു പുറത്തിറങ്ങിയത്.

US-IHEARTRADIO'S-Z100-JINGLE-BALL-2019-PRESENTED-BY-CAPITAL-ONE

അതുകൊണ്ടുതന്നെ അമ്മയുമൊത്ത് വീണ്ടും ജീവിച്ച് ഇരുണ്ടകാലത്തേക്കു മടങ്ങാൻ അവൾ ആഗ്രഹിച്ചില്ല. മാത്രമല്ല, ഉള്ളുനിറയെ അമ്മയോടുള്ള വെറുപ്പുമായിരുന്നു. നിയമപരമായി അമ്മയിൽനിന്നു മോചനം തേടി ഡ്രൂ കോടതിയിൽ അപേക്ഷ നൽകി. അപ്പോഴും അത് അമ്മ തള്ളിക്കളയുമെന്നും തന്നെ സ്നേഹം കൊണ്ടു തിരികെപ്പിടിക്കുമെന്നും മകളില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു പറയുമെന്നൊക്കെ ഡ്രൂ ഉള്ളിന്റെയുള്ളിൽ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ, ജെയ്ഡ് ഒറ്റയടിക്ക് മകളുടെ അപേക്ഷയിൽ സമ്മതമറിയിച്ചു. തന്നെ ആർക്കും വേണ്ടെന്ന നിരാശയിലേക്കു ഡ്രൂ വീണ്ടും കൂപ്പുകുത്തി. പതിനാലര വയസ്സിൽ കോടതി ‘പ്രായപൂർത്തിയായതായി പ്രഖ്യാപിക്കുന്നു’ എന്ന് ഉത്തരവിട്ടതോടെ ഡ്രൂ ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങി. ഒന്നരവർഷം അടച്ചിട്ട കെട്ടിടത്തിൽ കഴിഞ്ഞിടത്തുനിന്ന് അവളെത്തിയതു ചെറിയൊരു അപാർട്മെന്റിലേക്കാണ്. ആരും ഒപ്പമില്ലാതെ ഒറ്റയ്ക്ക്. പാത്രം കഴുകാനോ തുണിയലക്കാനോ എന്തിന് വേസ്റ്റ് പുറത്തുകൊണ്ടുക്കളയാനോ പോലും അറിയില്ലായിരുന്നു. ഒരു തരത്തിൽ അവയെല്ലാം പഠിച്ചെടുത്തപ്പോൾ അടുത്ത പ്രശ്നം. എങ്ങനെ ജീവിക്കും? പിച്ചവച്ചതിനൊപ്പം പരിചയപ്പെട്ട സിനിമതന്നെയായിരുന്നു ഉത്തരം. 

16ാം വയസ്സിൽ വിവാഹനിശ്ചയം, 17ാം വയസ്സിൽ അടുത്തത്

വീണ്ടും ഹോളിവുഡിന്റെ ഗ്ലാമർ ലോകത്തേക്ക് എത്തിയപ്പോഴും ഒറ്റപ്പെടലിന്റെ കൊടുംവേദനയായിരുന്നു ഡ്രൂവിന്. അതുകൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രണയബന്ധങ്ങളിലേക്കു വീണു. ലഹരി വിമോചന കേന്ദ്രത്തിൽനിന്നു പഠിച്ച ജീവിതപാഠങ്ങൾ ഉള്ളിലുണ്ടായിരുന്നെങ്കിലും പലപ്പോഴും പ്രാവർത്തികമാക്കാനായില്ല. പതിനാറാം വയസ്സിൽ വിവാഹനിശ്ചയവാർത്ത പുറത്തുവിട്ട ഡ്രൂ, പിന്നീട് അതു റദ്ദാക്കിയതായി അറിയിച്ചു. പതിനേഴാം വയസ്സിൽ അടുത്ത വിവാഹനിശ്ചയം. അതും റദ്ദാക്കി.

US-THE-NATIONAL-BOARD-OF-REVIEW-ANNUAL-AWARDS-GALA-INSIDE

പത്തൊൻപതാം വയസ്സിൽ (1994) ബാറുടമയെ വിവാഹം ചെയ്തെങ്കിലും 2 മാസത്തിനു ശേഷം വിവാഹമോചനം നേടി. വീണ്ടും പല ബന്ധങ്ങൾ. ടിവി അവതാരകനും കൊമേഡിയനുമായ നടൻ ടോം ഗ്രീനെ 2001ൽ വിവാഹം ചെയ്തു. അതേ വർഷം തന്നെ ഗ്രീൻ വിവാഹമോചന അപേക്ഷ നൽകി. വീണ്ടും പല പ്രണയങ്ങൾക്കു ശേഷമാണ് 2012ൽ ആർട് കൺസൽറ്റന്റ് വിൽ കോപ്പൾമാനുമായുള്ള വിവാഹം. 2 പെൺമക്കൾ ജനിച്ചതിനു ശേഷം 2016ൽ വിവാഹമോചിതരായി. 

സ്പിൽബർഗ് പറഞ്ഞു, വസ്ത്രം മറക്കരുത്

പത്തൊൻപതാം വയസ്സിൽ പ്ലേ ബോയ് മാസികയുടെ കവർ ചിത്രത്തിനായി ഡ്രൂ ബാരിമോർ നഗ്നയായി പോസ് ചെയ്തു. ഗോഡ്ഫാദറായ സ്റ്റീവൻ സ്പിൽബർഗ് ഡ്രൂവിന്റെ അടുത്ത പിറന്നാളിനു സമ്മാനിച്ചത് ഒരു പുതപ്പാണ്. ഒരു കുറിപ്പും, ‘കവർ യുവർസെൽഫ് അപ്’. പ്ലേബോയ് ഫോട്ടോയുടെ ഒട്ടേറെ കോപ്പികളെടുത്ത് അവയിൽ വസ്ത്രം ഫോട്ടോഷോപ് ചെയ്തു ചേർത്തതും പുതപ്പിന്റെ കൂടെ നൽകിയിരുന്നു. ഡേവിഡ് ലെറ്റർമാന്റെ ടിവി ചാറ്റ് ഷോയ്ക്കിടെ മേശമേൽ ചാടിക്കയറി നൃത്തം ചെയ്ത ഡ്രൂ ലെറ്റർമാനു മുന്നിൽ മേൽവസ്ത്രം ഉയർത്തിക്കാട്ടിയതും വലിയ വാർത്തയായിരുന്നു. 

ഗ്ലാമറും പണവും നിറഞ്ഞലോകത്ത് എന്തു ചെയ്യണം ചെയ്യേണ്ട എന്നതിനെക്കുറിച്ച് വല്ലാത്ത ധാരണകളായിരുന്നെന്നു ഡ്രൂ പറയുന്നു. ഒരു കാന്തം വലിച്ചുകൊണ്ടു പോകുന്നതുപോലെയായിരുന്നു അന്നത്തെ ജീവിതമെന്നും ഒരു നിമിഷത്തിന്റെ പ്രേരണയിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പിന്നീടാണ് ആലോചിക്കുക പോലും ചെയ്തിരുന്നതെന്നും അവർ പറഞ്ഞു. 

‘മുൻപൊരിക്കലും ഇല്ലാത്ത വിധം തകർന്നു പോയത് അന്നാണ്’

തന്റെ മക്കളുടെ അച്ഛനായ വിൽ കോപ്പിൾമാനുമായി 2016ൽ വേർപിരിഞ്ഞപ്പോഴാണു മുൻപില്ലാത്തവിധം താൻ തകർന്നുപോയതെന്നാണു കണ്ണീരോടെയുള്ള വാക്കുകൾ. ‘സാധാരണ വീടുകളിലേതു പോലെ അച്ഛനും അമ്മയും കുട്ടികളും ഒരുമിച്ചുള്ള കെട്ടുറപ്പുള്ള കുടുംബമാണു ഞാൻ ഓർമവച്ച കാലം മുതൽ ആഗ്രഹിച്ചത്. പല ബന്ധങ്ങളിലൂടെ കടന്നുപോയെങ്കിലും ഒന്നും പ്രതീക്ഷിച്ചതുപോലെയായില്ല.

എന്റെ ജീവിതത്തിലേക്കു പ്രണയിതാക്കളായും ഭർത്താക്കന്മാരായും വന്നുപോയവരോട് ഒരു ദേഷ്യവുമില്ല. അവരോടെല്ലാം നന്ദിയും സ്നേഹവുമാണുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളായിരുന്നു അത്. വില്ലുമായുള്ള വിവാഹം വലിയൊരു പ്രതീക്ഷയായിരുന്നു. ഞങ്ങൾക്കു മക്കൾ ജനിച്ചതോടെ എന്നും സ്വപ്നം കണ്ട ഊഷ്മളമായ കുടുംബം സ്വന്തമാകുകയാണെന്നു കരുതി. 

US-EMPIRE-STATE-BUILDING-CELEBRATES-LAUNCH-OF-THE-DREW-BARRYMORE

എന്നാൽ, ഞങ്ങളുടെ ബന്ധം തകർന്നു. കൗമാരത്തിൽ മാനസിക ചികിത്സാ കേന്ദ്രത്തിൽ ഒറ്റയ്ക്കു കഴിഞ്ഞപ്പോഴുണ്ടായ ഒറ്റപ്പെടലിനെക്കാൾ ഞാൻ ഒറ്റപ്പെട്ടുപോയെന്നു തോന്നിയ സമയമാണ് അത്. എന്റെ വൈകാരികമായ ആശ്രയത്വമോ കുടുംബജീവിതത്തോടുള്ള വല്ലാത്ത അഭിനിവേശമോ ഒക്കെ പങ്കാളിക്കു പ്രയാസമുണ്ടാക്കിയതായിരിക്കാം. സിംഗിൾ മദറായി മക്കളെ നോക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അങ്ങനെയാണ് പതിറ്റാണ്ടുകൾക്കു ശേഷം 2017ൽ ഞാൻ അമ്മയെ കണ്ടത്. അവരുമായി സംസാരിച്ചു, പേരക്കുട്ടികളെ പരിചയപ്പെടുത്തി. എന്റെ വിവാഹത്തിനു പോലും അമ്മയെ വിളിച്ചിരുന്നില്ല. അമ്മയുമായി കൂടുതൽ അടുക്കേണ്ടെന്നാണു തീരുമാനം. വിളിക്കുകയും സംസാരിക്കുകയും വല്ലപ്പോഴും കാണുകയും ചെയ്യും. അങ്ങനെ പ്രത്യേക അകലത്തിൽ നിന്നുകൊണ്ട് ഞങ്ങൾ പരസ്പരം സ്നേഹിക്കട്ടെ,' പാതിചിരിച്ചും കണ്ണു നിറഞ്ഞും ഡ്രൂവിന്റെ വാക്കുകൾ. 

തിരിച്ചുവരവ്, പുസ്തകങ്ങൾ, സ്വയം തിരിച്ചറിയൽ

എന്റെ കാർ വേണമെങ്കിൽ നിങ്ങൾ എടുത്തോളൂ, പക്ഷേ എന്റെ പുസ്തകങ്ങളിൽ തൊടരുത് – ഡ്രൂ പറയുന്നത് ഇങ്ങനെയാണ്. അത്രയ്ക്കിഷ്ടമാണവർക്കു വായന. ജീവിതത്തെ തിരിച്ചു പിടിക്കാനും മനസ്സിനെ ശാന്തമാക്കാനും അവർ ഒട്ടേറെ പുസ്തകങ്ങൾ വായിച്ചു. സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള പല രീതികളും പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തു. സ്വയം സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയുന്ന പുസ്തകങ്ങളെ കൂട്ടുകാരാക്കി. പല പുസ്തകങ്ങളുമെഴുതിയ ഡ്രൂ ബാരിമോറിന്റെ ‘വൈൽഡ് ഫ്ലവേഴ്സ്’ എന്ന പുസ്തകം ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായിരുന്നു. ഇപ്പോൾ പുതിയ പുസ്തക സംരംഭത്തിന്റെ പണിപ്പുരയിലാണ്.

പുസ്തകങ്ങളും ജീവിതത്തിന്റെ കയ്പൻ ഘട്ടങ്ങളിൽ ഒപ്പം നിന്ന സുഹൃത്തുക്കളുമാണു തന്നെ ഉയർത്തെഴുന്നേൽപിച്ചതെന്ന് ഡ്രൂ ആവർത്തിച്ചു പറയാറുണ്ട്. ഒപ്പം, സ്വയം തിരിച്ചറിയാൻ നടത്തിയ ശ്രമങ്ങളും ചെറുപ്പം മുതൽ ഉള്ളിലുണ്ടായിരുന്ന മുറിവുകൾ ഉണക്കാനും സ്വയം സമാധാനം വീണ്ടെടുക്കാനും നടത്തിയ കഠിനാധ്വാനവും ഫലം കണ്ടു.

US-DREW-BARRYMORE-SIGNS-COPIES-OF-HER-NEW-BOOK-

‘എല്ലാ കുറവുകളോടെയും ഞാൻ സ്വയം സ്നേഹിക്കാൻ ആരംഭിച്ചു. മമ്മിയോടും ഡാഡിയോടും ക്ഷമിക്കാൻ പഠിച്ചു. അതിനു വർഷങ്ങളെടുത്തു. പിതാവിനെ കാൻസർബാധിച്ച അവസാന കാലത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവുകൾ വഹിക്കുകയും വീടിനു സമീപം തന്നെ താമസിപ്പിക്കുകയും ചെയ്തു. എല്ലാവരോടും മനുഷ്യത്വത്തോടെ പെരുമാറുന്നതിൽ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ കാലങ്ങളുടെ ഉൽപന്നമാണ് ഇന്നത്തെ പുതിയ ഡ്രൂ. എന്റെ മമ്മിയും ഡാഡിയും ചെയ്ത പല കാര്യങ്ങളും ശരിയായില്ലെന്ന് അറിയാമെങ്കിലും അവരിൽ നിന്നു കിട്ടിയ എന്തൊക്കെ കൂടി എന്നിലുള്ളതുകൊണ്ടാണ് പല രംഗങ്ങളിലും എനിക്കു വിജയിക്കാനായത്,’ ഡ്രൂ പറയുന്നു. 

സിനിമാ നിർമാണക്കമ്പനി, ഫാഷൻ – കോസ്മെറ്റിക് സംരംഭങ്ങൾ, വൈൻ വിപണനം തുടങ്ങി പല മേഖലകളിൽ മുദ്രപതിപ്പിച്ച അവർ കാരുണ്യപ്രവർത്തനങ്ങൾക്കായും പണം ചെലവിടുന്നു. യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ അവർ, വിശപ്പുരഹിത പദ്ധതിക്കായി വൻതുക നൽകിയിരുന്നു. സ്വയം തിരിച്ചറിഞ്ഞും തിരുത്തിയും വ്യക്തിത്വത്തിനു തിളക്കമേറ്റിയ ജീവിതയാത്രയിൽ ഇന്ത്യയോട് ഏറെ കടപ്പാടുണ്ടെന്നു ഡ്രൂ ബാരിമോർ ഓർമിക്കുന്നു.

ഇന്ത്യയിൽ 2 വട്ടം എത്തിയ അവർ കോവിഡ് വിലക്കുകൾ നീങ്ങിയാലുടൻ വീണ്ടും എത്താനുള്ള ഒരുക്കത്തിലാണ്. ആത്മീയതയുടേതായ പല തിരിച്ചറിവുകളും ഇന്ത്യയിൽ നിന്നാണു ലഭിച്ചത്. കോവിഡ് രൂക്ഷമായപ്പോൾ ഇന്ത്യയ്ക്കു പിന്തുണ അറിയിച്ചും സഹായിക്കണമെന്നു ലോകരാജ്യങ്ങളോട് അഭ്യർഥിച്ചുമുള്ള ഡ്രൂവിന്റെ വിഡിയോ ശ്രദ്ധേയമായിരുന്നു. 

ഓരോ വീഴ്ചയിലുംനിന്ന് എഴുന്നേൽക്കുന്നതിലാണു കാര്യം

മമ്മിയുമൊത്തു താമസിച്ച പഴയ വീട്, അന്നു നടന്നിരുന്ന വഴികൾ, ആദ്യമായി ഒറ്റയ്ക്കു താമസിച്ച അപാർട്മെന്റ്, ചികിത്സയിൽ കഴിഞ്ഞ ലഹരി വിമോചന കേന്ദ്രം – ഇവിടങ്ങളിൽ എല്ലാം കൂടി ഒരിക്കൽക്കൂടി ഡ്രൂ ബാരിമോർ യാത്ര ചെയ്തതു കഴിഞ്ഞദിവസമാണ്. ഹോളിവുഡ് നടിയുടെ താരപ്രഭയൊന്നുമില്ലാതെ ജീവിതം തുറന്നു പറഞ്ഞും ഇടയ്ക്കു കരഞ്ഞും പിന്നെ പൊട്ടിച്ചിരിച്ചുമുള്ള യാത്ര. 

US-THE-NATIONAL-BOARD-OF-REVIEW-ANNUAL-AWARDS-GALA-INSIDE

‘സ്വച്ഛവും സ്വസ്ഥവുമായ, സ്നേഹവും പ്രണയവും വാത്സല്യവും നിറഞ്ഞ കുടുംബജീവിതം എന്ന സ്വപ്നം നടന്നില്ലെന്ന ദുഃഖം ഇപ്പോഴുമുണ്ട്. പക്ഷേ, ആ വേദന എന്നെ തൂത്തെറിയുന്നില്ല. അതിനെ ഉൾക്കൊണ്ട് മുന്നോട്ടുപോകുന്നു. എന്റെ മക്കളുടെ അച്ഛൻ വീണ്ടും വിവാഹിതനായപ്പോൾ അതിൽ കുട്ടികളുമൊത്തു പങ്കെടുത്തതു പൂർണമനസ്സോടെയാണ്. 

ജീവിതത്തിലെ നൂറുകണക്കിനു നല്ല കാര്യങ്ങളോർത്തു ഞാൻ സന്തോഷിക്കുന്നു. ആരും അടുത്തില്ലാതെ ഒരു മൂലയ്ക്ക് ഒറ്റയ്ക്കിരിക്കുന്ന എന്നെയാണ് കുട്ടിക്കാലമോർക്കുമ്പോൾ മനസ്സിൽ വരിക. ആ സ്ഥാനത്ത് ഇപ്പോൾ എനിക്കു മക്കളുണ്ട്, നല്ല കൂട്ടുകാരുണ്ട്, പുസ്തകങ്ങളുണ്ട്. തോന്നിയിടത്തേക്കെല്ലാം പറന്നുപോയിരുന്ന ലക്ഷ്യമില്ലാത്ത ജീവിതത്തിന്റെ അസ്ഥിരത ഇപ്പോഴില്ല. വല്ലാത്ത ആശങ്കകളോ ഭയമോ ഇല്ല.

പലവട്ടം വീണിടത്തുനിന്നാണ് എഴുന്നേറ്റു വന്നത്. വീഴാതിരിക്കുന്നതിനെക്കാൾ വലുതാണ് വീണിട്ട് എഴുന്നേൽക്കുക എന്നത്. എങ്ങനെയെങ്കിലും എഴുന്നേൽക്കുകയല്ല, കൂടുതൽ നന്മയും പ്രകാശവുമുള്ളവരായി ഉയർത്തെഴുന്നേൽക്കുകയെന്നതാണു പ്രധാനം. ഇനിയും സങ്കടങ്ങളും വീഴ്ചകളും ഉണ്ടാകാം. പക്ഷേ, അവയെ നല്ലരീതിയിൽ നേരിടാൻ എനിക്കാകും. സങ്കടം വന്നാൽ തുറന്നു കരയുകയും സന്തോഷം വന്നാൽ തുറന്നു ചിരിക്കുകയും ചെയ്യാൻ മടിക്കാറില്ല. മദ്യത്തിന്റെയും ലഹരിയുടെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും ഇരുണ്ട ദിനങ്ങളിൽ നിന്ന് എനിക്കു തിരിച്ചുവരാൻ സാധിച്ചെങ്കിൽ, ഞാൻ നിങ്ങളോടും പറയുന്നു – ഉറപ്പായും നിങ്ങളിൽ ഓരോരുത്തർക്കും ഏതു വീഴ്ചയിൽ നിന്നും പറന്നുയരാനാകും. ’

ഡ്രൂ പറഞ്ഞുനിർത്തുമ്പോൾ നമ്മുടെ ഉള്ളിലേക്കും വരുന്നുണ്ട്, ഇന്നലെകളെ അടച്ചുപൂട്ടി ആ താക്കോൽ എവിടെക്കോ എറിഞ്ഞുകളഞ്ഞ് നാളെ എന്ന പുതിയ തുടക്കത്തിലേക്കു പോകാം എന്ന ഉൾവിളി. 

English Summary: From a Drug Addict to a Changed Life: Inspiring Story of Hollywood Actor Drew Barrymore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA