sections
MORE

കോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ഇനി അധികകാലം ജീവിക്കില്ലെന്ന് കുടുംബം; നടപടി വേണം

zhan-1
ഷാങ് ഷാൻ. ചിത്രം∙ എഎഫ്പി
SHARE

ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ നേരിട്ടെത്തി സത്യസന്ധമായി റിപ്പോർട്ട് ചെയ്ത പൗരാവകാശ പ്രവർത്തകയെ ജയിലിൽ നിന്ന് വിട്ടയയ്ക്കണം എന്ന് ചൈനയോട് യുഎൻ. ചൈനീസ് സർക്കാരിന്റെ പീഡനത്തിൽ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.ഷാങ് ഷാനിന്‌റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവർ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. മനുഷ്യത്വത്തിന്റെ പേരിൽ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം. കീഴടങ്ങാത്തഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാൻ. അവരെ ലോകത്തിന് ആവശ്യമുണ്ട്. അവരുടെ ജീവൻ അകാലത്തിൽ നഷ്ടപ്പെട്ടുകൂടാ- ഐക്യരാഷ്ട്ര സഭ വക്താവ് മാർത്ത ഹുർത്താഡോ പറഞ്ഞു.

2020 ഫെബ്രുവരിയിൽ വുഹാനിൽ നേരിട്ടെത്താൻ ധൈര്യം കാണിച്ച വ്യക്തിയാണ് അഭിഭാഷകയായ ഷാൻ. തന്റെ സ്മാർട് ഫോണിൽ എടുത്ത വിഡിയോ ദൃശ്യങ്ങൾ സഹിതം, വുഹാനിലെ ഭീകരാവസ്ഥ അവർ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടിട്ടും അതു മാരക പകർച്ച വ്യാധിയാണെന്നു ബോധ്യപ്പെട്ടിട്ടും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം മൂടി വയ്ക്കാനും സത്യം പുറത്തുവരാതിരിക്കാനുമാണ് ചൈന ശ്രമിച്ചത്. ഷാനിന്റെ വിഡിയോകൾ പുറത്തു വന്നതോടെയാണ് ഇക്കാര്യം ലോകരാജ്യങ്ങൾക്കു വ്യക്തമായത്. മേയ് മാസമായപ്പോഴേക്കും അധികൃതർ ഇടപെട്ടു. ഷാനിനെ അറസ്റ്റ് ചെയ്തു. നാലു വർഷത്തെ ജയിൽ വാസത്തിനു ശിക്ഷിച്ചു. മനുഷ്യാവകാശ പ്രവർത്തകരെ നിയന്ത്രിക്കാൻ പതിവായി പറയുന്ന കാരണങ്ങളാണ് ഷാനിന്റെ കാര്യത്തിലും അധികാരികൾ പറഞ്ഞത്. മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നു. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ഷാനിനെതിരെ ആരോപിക്കുന്ന കുറ്റം

അന്യായ തടങ്കലിനെതിരെ ഷാൻ പല തവണ നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി. എന്നാൽ, ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥയിൽപ്പോലും അധികൃതർ ഇടപെടാറേയില്ല. അതോടെയാണ് കുടുംബം അപേക്ഷയുമായി ലോകരാജ്യങ്ങൾക്കു മുന്നിൽ കൈ കൂപ്പാൻ തയാറായിരിക്കുന്നത്. ഇനി ഷാൻ അധിക കാലം ജീവിച്ചിരിക്കില്ല എന്നു തന്നെ കുടുംബം പറയുന്നു. ലോകത്തെ സത്യം അറിയിക്കാൻ പുറപ്പെട്ട ഒരു യുവതിക്ക് ഇത്ര ക്രൂരമായ ശിക്ഷയാണോ കാത്തുവച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു. ഷാനിന് എന്തെങ്കിലും സംഭവിച്ചാൽ, ഇനി എന്നെങ്കിലും ഏതെങ്കിലും പൗരാവകാശ പ്രവർത്തകർ സമാന സാഹചര്യത്തിൽ ഇടപെടാൻ തയാറാകുമോ എന്ന പ്രസക്തമായ വിഷയവും അവർ ഉന്നയിക്കുന്നു.

ഷാനിനെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിലാക്കിയ അന്നുമുതൽ പല തവണ ഐക്യരാഷ്ട്ര സഭ ഇടപെട്ട കാര്യം വക്താവ് മാർത്ത ഓർമിപ്പിച്ചു. ഷാനിനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. ക്രിമിനൽ നടപടിക്രമങ്ങളും സുതാര്യമായിരിക്കണം. ന്യായമായ വിചാരണയും ഏർപ്പെടുത്തണം. ഇക്കാര്യങ്ങളൊക്കെ പല തവണ പറഞ്ഞിട്ടും ചൈനീസ് അധികൃതർ മൗനം പാലിക്കുകയാണെന്നാണ് മാർത്ത പറയുന്നത്. അഭിഭാഷക എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ഷാൻ ചെയ്തിട്ടുള്ളൂ. അവർ ഒരിക്കൽപ്പോലും പരിധി വിട്ട് പെരുമാറിയിട്ടില്ല. ആരെയും പ്രകോപിപ്പിക്കാനോ സംഘർഷം സൃഷ്ടിക്കാനോ ശ്രമിച്ചിട്ടുമില്ല. ഏതെങ്കിലും രാഷ്ട്രത്തിനോ ഭരണ വ്യവസ്ഥയ്‌ക്കോ എതിരെയായിരുന്നില്ല പോരാട്ടം. മറിച്ച്, കോവിഡ് എന്ന മഹാവ്യാധി പിടിമുറുക്കുകയാണെന്നും ജനങ്ങൾ അതിനെതിരെ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെടുക മാത്രമായിരുന്നു. ഏതൊരു വ്യക്തിയും ചെയ്യേണ്ട കടമ മാത്രമാണ് അവർ പൂർത്തിയാക്കിയത്- മാർത്ത ചൂണ്ടിക്കാട്ടുന്നു. ഷാനിനൊപ്പം മറ്റു നാലു പൗരാവകാശ പ്രവർത്തകരും സമാന കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ തന്നെയാണ്.

ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലോകത്തെ അറിയിക്കേണ്ടത് ഏതൊരു രോഗത്തെയും പ്രതിരോധിക്കാൻ അത്യാവശ്യമാണ്. ഭരണകൂടം പരാജയപ്പെട്ടു എന്നു തോന്നുമ്പോൾ വ്യക്തികൾ ഇടപെടും. അതു സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. അതിന് അന്യായ തടങ്കലോ ഭീഷണിയോ ശിക്ഷയോ അല്ല നൽകേണ്ടത്- മാർത്ത പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ആധുനിക ലോകത്തിന്റെ ജീവശ്വാസമാണ്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ ഒരു രാജ്യത്തിനും സുതാര്യമായി മുന്നോട്ടുപോകാനുമാവില്ല. കോവിഡിനെ ചെറുക്കാൻ ലോകം ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. പോരാടുന്ന ഒറ്റപ്പെട്ടവരെ ജയിലിലാക്കുന്നത് ഭീതി ജനിപ്പിക്കുകയേ ഉള്ളൂ. അതു ശരിയായ നടപടി അല്ല. ഷാനിനെ മോചിപ്പിക്കണം എന്ന് ഒരിക്കൽക്കൂടി ഞങ്ങൾ ആവശ്യപ്പെടുന്നു- മാർത്ത വ്യക്തമാക്കി.

ഷാങ് ഷാൻ നേരത്തേതന്നെ ചൈനീസ് അധികാരികളുടെ കണ്ണിലെ കരടാണ്. ഹോങ്കോങ്ങിലെ പൗരാവകാശ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 2019 ലും അവരെ അറസ്റ്റ് ചെയ്തിരുന്നു. മോചിതയായ ശേഷമാണ് കോവിഡ് പ്രഭവ കേന്ദ്രമായ വുഹാനിൽ പോയതും വീണ്ടും അറസ്റ്റിലായതും. ചൈനയുടെ മുൻ ഉപപ്രധാന മന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ടെന്നിസ് താരം പെങ് ഷുവായിയെ കണ്ടെത്തണം എന്ന ആവശ്യം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഷാനിനെ മോചിപ്പിക്കണം എന്ന ആവശ്യവും ഉയർന്നിരിക്കുന്നത്. രണ്ടു യുവതികളുടെ പേരിൽ ലോകത്തിനു മുന്നിൽ ഉത്തരം പറയേണ്ട അവസ്ഥയിലാണ് കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൽ അടിയുറച്ചു നീങ്ങുന്ന ചൈന. എന്നാൽ, പ്രക്ഷോഭവും പ്രതിഷേധവും കണ്ടില്ലെന്നു നടിക്കുകയാണ് ഇപ്പോഴും അധികാരികൾ.

English Summary: UN urges China to free seriously ill journalist jailed over Wuhan Covid reporting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA