അമ്മയായതോടെയാണ് ജീവിതം തെരുവിലായത്; തെരുവിലിരുന്ന് ഇംഗ്ലീഷ് പറയുന്ന സ്വാതി പറയുന്നു

varanasi-lady
SHARE

തെരുവിൽ കാണുന്നവരെ പുച്ഛിക്കുന്ന ചിലരെങ്കിലും പലപ്പോഴും അവരുടെ യഥാർഥ മൂല്യം അറിയാത്തവർ ആയിരിക്കും. മികച്ച വിദ്യാഭ്യാസം ഉള്ളവരും അന്തസ്സായി ജീവിക്കുന്നവരും പൊതുവെ വീടുകളിൽ സമാധാനത്തോടെ ജീവിക്കുന്നു എന്നായിരിക്കും പലരുടെയും വിചാരം. എന്നാൽ, ജീവിതം എല്ലാവർക്കും എല്ലായ്‌പ്പോഴും ഒരുപോലെയല്ല. ചിലർക്ക് ഭാഗ്യങ്ങൾ വാരിക്കോരിക്കൊടുമ്പോൾ മറ്റു ചിലർ ദുരിത സമാനമായ അവസ്ഥകളിലൂടെയായിരിക്കും കടന്നുപോകുന്നത്. അപൂർവം പേർ ഏതെങ്കിലുമൊക്കെ സമയത്ത് രക്ഷയുടെ തീരത്ത് എത്തിയേക്കും. വേറെ എത്രയോ പേർ അവരുടെ ജീവിതം ദുരന്തങ്ങൾ സഹിക്കാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുന്നു. അത്തരത്തിലൊരാളാണ് ഇത്തവണ ഇന്റർനെറ്റിൽ താരമായിരിക്കുന്നത്. 

സ്വാതി എന്നാണ് ആ യുവതിയുടെ പേര്. അവരെ കണ്ടത് വാരാണസിയിലെ തെരുവിലാണ്.സ്വാതി ഒരു സാധാരണ സ്ത്രീയല്ല. അവർക്ക് നന്നായി ഇംഗ്ലിഷ് സംസാരിക്കനറിയാം. വിദ്യാഭ്യാസം നേടി, ഉന്നത ജോലിയിൽ ഇരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ തന്നെ. സ്വാതി തട്ടും തടവുമില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വേഗത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു. ഇഷ്ടപ്പെട്ടു. കാണാത്തവർ അതിവേഗം കാണണം എന്നാവശ്യപ്പെടുന്നു.

ശാരദ അവനിഷ് ത്രിപാഠി എന്ന വ്യക്തിയാണ് സ്വാതിയുടെ വിഡിയോ പോസ്റ്റ് ചെയ്തത്. വാരാണസിയിലെ അസ്സി ഘട്ട് ഭാഗത്ത് അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുൻപിൽ നിന്നാണ് സ്വാതിയെ അവർ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇംഗ്ലിഷിലാണ് സ്വാതി മറുപടി പറയുന്നത്. ചോദ്യങ്ങൾക്ക് ഉത്തരമായി തന്റെ ജീവിതത്തിന്റെ കഥയും അവർ പറയുന്നു.

അമ്മയായതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നാണ് സ്വാതി പറയുന്നത്. പ്രസവത്തോടെ അവരുടെ ശരീരത്തിന്റെ വലതുഭാഗം തളരുകയായിരുന്നു. തെക്കേ ഇന്ത്യയിലാണ് വീട്. മൂന്നു വർഷം മുൻപാണ് വാരാണസിയിൽ എത്തുന്നത്. തീർന്നില്ല. കംപ്യൂട്ടർ സയൻസ് ബിരുദധാരി കൂടിയാണവർ.

ഷാർദ പോസ്റ്റിനൊപ്പം ഇട്ട കുറിപ്പിൽ സ്വാതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു-‘സ്വാതി പൂർണ ആരോഗ്യവതിയായ വ്യക്തിയാണ്. ശാരീരികമായും മാനസികമായും. എന്നാൽ തെരുവിൽ ജീവിക്കേണ്ടിവന്ന ഒരു ദൗർഭാഗ്യവതി. അവർക്കു വേണ്ടത് പുനരധിവാസമല്ല. സാമ്പത്തിക സഹായമാണ്. പണം കൊടുക്കാം എന്നു പറഞ്ഞിട്ടും അവർ അത് നിരസിച്ചു. തനിക്ക് ഒരു ജോലി നേടിത്തരാമോ എന്നാണവർ എന്നോട് ചോദിച്ചത്. ടൈപിങ് ഉൾപ്പെടെ കംപ്യൂട്ടർ അധിഷ്ഠിതമായ പല ജോലിയും ചെയ്യാൻ സ്വാതിക്ക് അറിയാം. നല്ല ഇംഗ്ലിഷിലാണവർ സംസാരിക്കുന്നത്. നന്നായി പെരുമാറാനും അറിയാം.’

വിഡിയോ വേഗം തന്നെ വൈറലായി. ഒട്ടേറെപ്പേർ സ്വാതിയെ സഹായിക്കാൻ തയാറായി മുന്നോട്ടുവരുന്നുണ്ട്. കാണുന്നവരെല്ലാം അവരുടെ വിഡിയോ ഷെയർ ചെയ്യുന്നുമുണ്ട്. തെരുവിൽ അന്തിയുറങ്ങുന്ന വിദ്യാസമ്പന്നമായ ഈ യുവതിക്ക് എന്നെങ്കിലും ഒരു നല്ല ജീവിതം കിട്ടുമോ എന്നതാണ് ചോദ്യം. അധികം താമസിയാതെ ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കാം.

English Summary: Woman living on street in Varanasi stuns Internet with her fluent English. Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS