ADVERTISEMENT

1994 ൽ സുസ്മിത സെൻ. രണ്ടായിരത്തിൽ ലാറ ദത്ത. ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം വിശ്വസുന്ദരിപ്പട്ടം ഭാരതത്തിനു ചാർത്തി നൽകിയ മൂന്നാമത്തെ സുന്ദരിയെ ഇപ്പോഴിതാ രാജ്യം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ചണ്ഡീഗഡ് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി ഹർനാസ് കൗർ സന്ധു. ഇസ്രായേലിൽ നടന്ന മത്സരത്തിൽ എഴുപതാമത് മിസ് യൂണിവേഴ്സ് കിരീടം ചൂടിയ ഹർനാസ് ലോകത്തിന്റെ മുഴുവൻ കയ്യടികൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. സൗന്ദര്യവും വ്യക്തിത്വവും മാനദണ്ഡങ്ങളാകുന്ന മത്സരത്തിൽ ഹാർനാസ് നടത്തിയ ആകർഷണീയമായ പ്രകടനം ആഘോഷമാക്കുകയാണ് ഭാരതവും. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം മിസ്സ്‌ യൂണിവേഴ്സ് കിരീടം ഇന്ത്യയിലെത്തിച്ച സുപ്രധാനമായ ആ ചോദ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മത്സരത്തിന്റെ ടോപ് ത്രീ റൗണ്ടിലെ നിർണായകമായ ചോദ്യം.

യുവതലമുറയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട ചോദ്യം

Harnaaz-Sandhu2

പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാർക്കൊപ്പമായിരുന്നു കടുത്ത പോരാട്ടം നടന്ന അവസാന റൗണ്ട്. ഹർനാസിന് നേരിടേണ്ടി വന്നത് യുവതലമുറയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട ചോദ്യമാണ്. സമ്മർദ്ദങ്ങളെ നേരിടുന്ന പുതിയ കാലത്തെ പെൺകുട്ടികൾക്കു നൽകാനാഗ്രഹിക്കുന്ന ഉപദേശം. ആത്മവിശ്വാസത്തിന്റെ കുറവാണ് യുവത നേരിടുന്ന അടിസ്ഥാനപരമായ സമ്മർദ്ദം എന്നു പറഞ്ഞുകൊണ്ടാണ് ഹർ‌നാസ് ഉത്തരത്തിനു തുടക്കമിട്ടത്. നാം ഓരോരുത്തരും വ്യത്യസ്തരാണെന്നും അതാണു നമ്മുടെ സൗന്ദര്യമെന്നും തിരിച്ചറിയുക. മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യാതെയിരിക്കുക. ലോകത്ത് സംഭവിക്കുന്ന മറ്റു പ്രധാന കാര്യങ്ങളെക്കുറിച്ചു നമുക്ക് സംസാരിക്കാം. പുറത്തു വരിക, അവനുവേണ്ടി ശബ്ദമുയർത്തുക. കാരണം നിങ്ങളുടെ ജീവിതത്തിന്റെ നായിക നിങ്ങളാണ്. നിങ്ങളുടെ സ്വരം നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നതും - ലോകം കയ്യടിച്ച ഹർനാസിന്റെ മറുപടി.

ടോപ് ഫൈവ് റൗണ്ടിൽ നേരിട്ട കാലാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യത്തിനു ഹർ‌നാസ് നൽകിയ മറുപടിയും വിധികർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നു കരുതുന്ന നിരവധി ആളുകളുണ്ട്. അവരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയും എന്നതായിരുന്നു ചോദ്യം. പ്രകൃതി നേരിടുന്ന പ്രശ്നങ്ങൾ കാണുമ്പോൾ തന്റെ ഹൃദയം തകരുകയാണെന്നും, ഏറെയും മനുഷ്യരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നും ഹർനാസ് അഭിപ്രായപ്പെട്ടു. സംസാരം കുറയ്ക്കാം, കൂടുതൽ പ്രവർത്തിക്കാം. കാരണം, നമ്മുടെ ഓരോ ചുവടും പ്രകൃതിയെ നശിപ്പിക്കാനും സംരക്ഷിക്കാനും പോന്നതാണ്. പശ്ചാത്തപിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിനേക്കാൾ നല്ലതാണ് പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്, ഹർനാസ് പറഞ്ഞവസാനിപ്പിച്ചു.

Harnaaz-Sandhu1

എം ബി എ വിദ്യാർത്ഥിനിയായ തനിക്ക് രാജ്യത്തിന്റെ ഭരണപുരോഗതിയ്ക്കായി പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സ്ത്രീകളുടെയും പ്രകൃതിയുടെയും ഉന്നമനത്തിനായി പലതും ചെയ്യാനുണ്ടെന്നും മുൻപും വ്യക്തമാക്കിയിട്ടുണ്ട് ഹർനാസ്. രാജ്യം കാത്തിരുന്ന ശുഭവാർത്ത പ്രഖ്യാപിച്ച നിമിഷം വികാരഭരിതയാവുകയായിരുന്നു ഇന്ത്യയുടെ വിശ്വസുന്ദരി. 2020 ലെ മിസ് യൂണിവേഴ്സ് വിജയി മെക്സിക്കൻ സ്വദേശിനി ആൻഡ്രിയ മെസയാണ് ഹർനാസ് സന്ധുവിനെ കിരീടമണിയിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി.

English Summary: Harnaaz Sandhu's final round answer that helped her win the Miss Universe 2021 title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com