എന്തിനാണ് പാറു നീ മുടി മുറിച്ചത്? അതിന് പിന്നിലൊരു കഥയുണ്ട് സാർ: ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

hair-cut
പാർവതി
SHARE

ഒരു പതിനെട്ടുകാരി അവൾ താലോലിച്ചു വളർത്തിയ മനോഹരമായ നീളൻമുടി സന്തോഷത്തോടെ ദാനമായി മുറിച്ചു നൽകുമ്പോൾ അത് സമൂഹത്തിനു മുന്നിൽ ഒരു മികച്ച മാതൃകയാകുന്നു. രണ്ടാംവർഷ ബി.എ വിദ്യാർഥിനി കെ.ബി. പാർവതി മുടി ദാനം ചെയ്തതിനെ കുറിച്ച് ഗാനരചയിതാവും അധ്യാപകനുമായ ഡോ. മധു വാസുദേവൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ഹൃദ്യമാണ്.

പാർവതി മുടി മുറിച്ച് നൽകിയതിന് പുറകിൽ ഒരു കഥയുണ്ട്. ആ കഥ പറഞ്ഞ്, നിഷ്കളങ്കമായ ചിരിക്കുന്ന ഡിഗ്രി വിദ്യാർഥിനിയുടെ മാതൃകാ പ്രവ‍ൃത്തിയെ പ്രകീർത്തിക്കുന്നതാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ചെറിയ പ്രായത്തിൽത്തന്നെ കഥകളോടും കവിതകളോടും മനസിൽ ഇഷ്ടം ജനിപ്പിച്ച കുറേ നല്ല ടീച്ചർമാരുണ്ടായിരുന്നു. ദരിദ്രരായ ജിം - ഡെല്ല ദമ്പതിമാരുടെ സ്നേഹത്തിന്റെ കഥ പറഞ്ഞുതന്ന സീമന്തിനി ടീച്ചറെ പ്രത്യേകം ഓർക്കുന്നു. ജിമ്മിന് ക്രിസ്തുമസ് സമ്മാനമായി ഒരു വാച്ച് ചെയിൻ വാങ്ങിക്കൊടുക്കാൻ മുട്ടോളമെത്തുന്ന സ്വന്തം മുടി മുറിച്ചു വിറ്റ ഡെല്ല പല പ്രാവശ്യം എന്റെ സ്വപ്നങ്ങളിൽ വന്നുപോയി. സ്കൂൾ ലൈബ്രറിയിൽനിന്നു കിട്ടിയ 'ലോക പ്രശസ്ത ചെറുകഥകൾ' എന്ന പുസ്തകത്തിൽ അതേ കഥ ഞാൻ പിന്നീട് വിശദമായി വായിച്ചു, ഒ. ഹെൻറി എന്ന എഴുത്തുകാരൻ മനസിൽ ആഴത്തിൽ പതിഞ്ഞു. അദ്ദേഹത്തിനു പിന്നാലേ പോയിപ്പോയി കാഥറീൻ മാൻസ്ഫീൽഡിലും ചെഖോവിലും ഗോർക്കിയിലും ഓസ്കാർ വൈൽഡിലും ടോൾസ്റ്റോയിയിലും എത്തി. എങ്കിലും 'ദി ഗിഫ്ട് ഓഫ് ദി മേജായ് ' ഇപ്പോഴും എന്റെ പ്രിയപ്പെട്ട കഥയായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ അതിലെ ചില ഭാഗങ്ങൾ ഞാൻ വീണ്ടും വായിച്ചുനോക്കി. അതിനു കാരണം പാറുവാണ്. രണ്ടാംവർഷ ബി.എ വിദ്യാർഥിനി കെ.ബി. പാർവതി. ഇന്നലെ അവൾ ഒരു ചപ്പാത്തി കൊണ്ടുത്തന്നു. അത് കഴിക്കുന്നതിനിടെ അവൾ അയച്ചുതന്ന ഫോട്ടോഗ്രാഫുകൾ ഞാൻ തുറന്നുനോക്കി. അതാണ് ഇവിടെ നൽകിയിട്ടുള്ളത്.

Hair Donation അഥവാ 'കേശദാനം' അത്ര പുതിയ കാര്യമല്ല. പക്ഷേ ഒരു പതിനെട്ടുകാരി അവൾ താലോലിച്ചു വളർത്തിയ മനോഹരമായ നീളൻമുടി സന്തോഷത്തോടെ ദാനമായി മുറിച്ചു നൽകുമ്പോൾ അത് സമൂഹത്തിനു മുന്നിൽ ഒരു മികച്ച മാതൃകയാകുന്നു. മെർലിൻ ടീച്ചറും രമേഷ് സാറും നേതൃത്വം കൊടുക്കുന്ന മഹാരാജാസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് ആഹ്വാനം ചെയ്തപ്രകാരം കാൻസർ രോഗികൾക്കു നൽകാനാണ് പാറു അവളുടെ നീണ്ട തലമുടി പൂർണ മനസോടെ മുറിച്ചുകൊടുത്തത്! ഹെയർകട്ടിങ്ങിന്റെ ഓരോ ഘട്ടവും വീഡിയോയിൽ പകർത്തിക്കൊണ്ട് കൂട്ടുകാരികൾ അതിനെ ആഘോഷമാക്കി. അന്നേദിവസം അവരുടെയെല്ലാം വാട്ട്സ് ആപ് സ്റ്റാറ്റസിൽ പാറു പ്രകീർത്തിക്കപ്പെട്ടു. അവളുടെ നല്ല മനസിനെ കാണാനും ത്യാഗത്തെ അഭിനന്ദിക്കാനും കൂട്ടുകാരികൾ മുന്നിട്ടുനിന്നു. തീർച്ചയായും, അവരും പ്രശംസ അർഹിക്കുന്നുണ്ട്.

ഇന്നലെ ഞാൻ പാറുവിനോടുതന്നെ ചോദിച്ചു - ' എന്താണ് പാറു നീ ഇങ്ങനെയൊരു തീരുമാനമെടുത്തത് ?'

അവൾ പുഞ്ചിരിയോടെ പറഞ്ഞു -

'അതിന്റെ പുറകിൽ ഒരു കഥയുണ്ട് സാർ. കഴിഞ്ഞവർഷം എന്റെ അച്ഛന്റെ ചേച്ചി യൂട്രസ് കാൻസർവന്ന് മരിച്ചു. കീമോ തുടങ്ങിയപ്പോ മുടിയെല്ലാം കൊഴിഞ്ഞുപോയിരുന്നു. അതിൽ ബിന്ദുമ്മിച്ചിക്ക് ഭയങ്കര സങ്കടമായിരുന്നു. അപ്പഴേ ഞാൻ തീരുമാനിച്ചു, എന്റെ മുടി വളരുമ്പോ ഇതുപോലുള്ള ആർക്കെങ്കിലും കൊടുക്കും. അതിനു വേണ്ടിയാ ഞാൻ മുടി നീട്ടിവളർത്തിയത്. ഇപ്പോ ഒരു സാഹചര്യം വന്നു, മുടി മുറിച്ചുകൊടുത്തു. അത്രേ ഉള്ളൂ!'

ഇങ്ങനെ പറഞ്ഞിട്ട് പാറു പിന്നെയും തുരുതുരേ ചിരിച്ചു. ഇക്കാലത്ത് വളരെ അപൂർമായിട്ടു കാണാൻ സാധിക്കുന്ന നിഷ്കളങ്കമായ ചിരി. അതവളുടെ ചുണ്ടിൽനിന്നല്ല, ഹൃദയത്തിൽനിന്നു വരുന്നതാണ്. എനിക്കത് നല്ലപോലെ അറിയാം. ഞങ്ങൾക്കിടയിൽ ഒരു ഡീലുണ്ട്. രഹസ്യമൊന്നുമല്ല, വെളിപ്പെടുത്തിയേക്കാം - ഒരു ദിവസം വീട്ടുകാര്യങ്ങൾ സംസാരിച്ചുവന്നപ്പോൾ ഞാൻ അവളോടു പറഞ്ഞു,

'പാറൂ, എനിക്ക് രണ്ട് ആൺകുട്ടികളാണ്, മകൾ ഇല്ല'. ഒരു നിമിഷംപോലും വൈകാതെ അവളുടെ പ്രതികരണം വന്നു,

'ഞാനല്ലേ, സാറിന്റെ മകൾ'.

എനിക്ക് വളരെ സന്തോഷം തോന്നി. പാറു, ഇപ്പോൾ നീ ചെയ്ത ഈ നന്മനിറഞ്ഞ പ്രവൃത്തി കാണുമ്പോൾ എന്നിലെ പിതൃവാൽസല്യം പിന്നെയും ഇരട്ടിയാകുന്നെടീ!

സത്യത്തിൽ പ്രായം ഏറിവരുന്നതുകൊണ്ടാകാം, പാർവതിയോടു മാത്രല്ല, ആൺപെൺ വ്യത്യാസമില്ലാതെ കോളേജിലെ വേറെയും കുട്ടികളോട് ഈ പിത്യഭാവം എനിക്ക് തീവ്രമായി തോന്നുന്നുണ്ട്. പാറു അവരെയെല്ലാം പ്രതിനിധീകരിച്ചു നിൽക്കുന്നു എന്നേയുള്ളൂ!

എന്തായാലും, പാറുക്കുട്ടീ, നീ കാണിച്ചുകൊടുത്ത നല്ലവഴിയിലൂടെ ഇനിയും ധാരാളം പെൺകുട്ടികൾ കടന്നുവരും. അതിൽ അൽഭുതപ്പെടാൻ ഒന്നുമില്ല. കാരണം കളങ്കമില്ലാത്ത ത്യാഗത്തിന്റെയും നിർമല സ്നേഹത്തിന്റെയും എത്രയോ മാതൃകകൾ ഈ കലാലയം ഇതിനു മുമ്പും സമൂഹത്തിനു കാണിച്ചു കൊടുത്തിട്ടുണ്ട്.

ഇനി, തുടക്കത്തിൽ സൂചിപ്പിച്ച കഥയിലേക്ക് ഒന്നുകൂടി പോയിവന്നിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

പ്രിയപ്പെട്ടവനുവേണ്ടി ക്രിസ്മസ് സമ്മാനം വാങ്ങാനായി മുടി മുറിച്ചുകൊടുത്തശേഷം ഡെല്ല ഡില്ലിങ്കം മനസുരുകി പ്രാർഥിക്കുന്നുണ്ട് - 'പ്ലീസ് ഗോഡ്, ഞാൻ ഇപ്പോഴും സുന്ദരിയാണെന്ന് ജിമ്മിനെ തോന്നിപ്പിക്കേണമേ !'

ഡെല്ലയുടെ ഈ ആശങ്ക പാറൂ, നിനക്ക് ഒട്ടും ആവശ്യമില്ല, ഇപ്പോഴെന്നല്ല, എപ്പോഴും നീ ഞങ്ങളുടെ സുന്ദരിക്കുട്ടിതന്നെയല്ലേ-

''The gift of the Magi ക്കു പകരം The gift of the Maharajas!'

English Summary: Dr. Madhu Vasudevan's social post about Parvathy, who donates hair for cancer patients

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA