ADVERTISEMENT

മെൽബൺ സർവകലാശാലയിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനി മീനാക്ഷി സുനുവിന് പഠനത്തിന്റെ ഭാഗമായി ഒരു ബയോഗ്രഫി തയാറാക്കേണ്ടി വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇങ്ങു കേരളത്തിലുള്ള അമ്മൂമ്മയുടെ മുഖമാണ് മീനാക്ഷിയുടെ മനസ്സിലേക്ക് ഓടിയെത്തിയത്. തൊടുപുഴയിലെ അത്രയൊന്നും അറിയപ്പെടാത്ത കുടയത്തൂർ എന്ന ഗ്രാമത്തിലുള്ള ഒരു 89 കാരി മുത്തശ്ശിയുടെ ജീവിതത്തെക്കുറിച്ച് ഇത്ര കാര്യമായി എഴുതാൻ എന്തുണ്ടാവും എന്ന സംശയമേ ചെറുമകൾക്ക് ഉണ്ടായിരുന്നില്ല. കാരണം കാലത്തിനു മുൻപേ സഞ്ചരിച്ച, തികച്ചും വ്യത്യസ്തയായ തന്റെ സൂപ്പർ അമ്മൂമ്മയെക്കുറിച്ച് എത്ര എഴുതിയാലും തീരാത്തത്ര കഥകളുണ്ടെന്ന് മീനാക്ഷിക്കറിയാമായിരുന്നു.

അധ്യാപികയായിരുന്നു അമ്മൂമ്മ സരോജം എന്നതിലുപരി, കാര്യമായൊന്നും കുറച്ചുകാലം മുൻപുവരെ മീനാക്ഷിക്കും അറിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, മറ്റുള്ളവർക്കു തന്നോട് ആരാധനയാണെന്ന് വളരെ ആത്മവിശ്വാസത്തോടെ സരോജം പറയുന്നത് മീനാക്ഷി കേട്ടു. പിന്നീടൊരിക്കൽ, വീടിനു മുൻപിലുള്ള സ്ഥലം  വിൽക്കാൻ പദ്ധതിയിട്ടതിനെ സരോജം ശക്തമായി എതിർക്കുന്നത് കണ്ടു. അതിനുള്ള കാരണമായിരുന്നു രസകരം. താൻ മരിക്കുമ്പോൾ  കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആ സ്ഥലം വേണ്ടിവരും എന്നതായിരുന്നു സരോജത്തിന്റെ നിലപാട്. അമ്മൂമ്മയുടെ ഓരോ തമാശ എന്നാണ് ആദ്യം തോന്നിയതെങ്കിലും പിന്നീട്, അതിന്റെ പിന്നിലെന്തോ ഇല്ലേ എന്നൊരു സംശയം മീനാക്ഷിക്കുണ്ടായി. ആ ആകാംക്ഷയിൽ നിന്നാണ് സരോജത്തിന്റെ സംഭവബഹുലമായ പൂർവകാലത്തെക്കുറിച്ച് അന്വേഷിക്കാൻ മീനാക്ഷി തീരുമാനിച്ചത്.

അഭിഭാഷകനും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന രാമനാഥ പിള്ളയുടെയും കല്യാണിയമ്മയുടെയും എട്ടു മക്കളിൽ ഏഴാമത്തെയാളാണ് പി.ആർ. സരോജം. 1932 ൽ കാഞ്ഞിരപ്പള്ളിയിലാണ് ജനിച്ചത്. കുടുംബത്തിൽ  ഉന്നത വിദ്യാഭ്യാസം നേടിയ ഏക പെൺകുട്ടിയും സരോജമായിരുന്നു. സ്ത്രീപക്ഷ നിലപാടുകളും ഫെമിനിസവുമൊക്കെ കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് പെൺകുട്ടികൾക്ക് വേണ്ടത്ര താമസ സൗകര്യം ഒരുക്കാത്തതിന് കവയിത്രി സുഗതകുമാരിക്കൊപ്പം ചേർന്ന് കോളജ് അധികാരികൾക്കെതിരെ പ്രതിഷേധിച്ച ചരിത്രമുണ്ട് സരോജത്തിന്. തിരുവനന്തപുരം വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിനിയായിരിക്കെയാണ് അത്. പെൺകുട്ടികൾക്കായി ഒരു ഹോസ്റ്റൽ പോലുമില്ലാത്തതിനെ വിമർശിച്ച് കൗമുദി വാരികയിൽ രേവതി എന്ന പേരിൽ സരോജം സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു. സരോജവും സുഗതകുമാരിയും ചേർന്ന്  നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്കൊടുവിൽ, ബിരുദ കാലം പൂർത്തിയായപ്പോഴേക്കും പെൺകുട്ടികൾക്കായി ഹോസ്റ്റൽ ആരംഭിക്കാൻ കോളജ് അധികൃതർ തീരുമാനമെടുത്തിരുന്നു. അക്കാലത്തു തുടങ്ങിയ സൗഹൃദം സുഗതകുമാരിയുടെ മരണംവരെ തുടർന്നു. അവസാനമായി തിരുവനന്തപുരത്തുവച്ചു കണ്ടപ്പോൾ, കുറച്ചുദിവസം സരോജത്തിനൊപ്പം കുടയത്തൂരിൽ താമസിക്കണമെന്ന  ആഗ്രഹം സുഗതകുമാരി പറഞ്ഞിരുന്നു.

sarojam1

1954 ൽ സരോജം ബിരുദ പഠനം പൂർത്തിയാക്കുന്ന സമയത്ത്, ‘തിരമാല’ എന്നൊരു മലയാള ചിത്രം നിർമിച്ച് കുടുംബം കടക്കെണിയിലായിരുന്നു. തന്നെ വിവാഹം കഴിപ്പിക്കാനുള്ള സ്ത്രീധനം കണ്ടെത്തുന്നതിനെക്കുറിച്ച് വീട്ടുകാർ ആലോചിക്കുമ്പോൾ സരോജത്തിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു. ജർമനിയിൽ നിന്നെത്തിയ കന്യാസ്ത്രീകളെ കോട്ടയത്തെ ഒരു കോൺവെന്റിൽവച്ച് സരോജം പരിചയപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി, കന്യാസ്ത്രീയായ ശേഷം അവർക്കൊപ്പം ബെൽജിയത്തിലേക്കു പോകാൻ സരോജം പദ്ധതിയിട്ടു. ഇതിനായി കോൺവെന്റിൽ പാർട്ട് ടൈം ജോലിയും നേടി. എന്നാൽ ഈ പദ്ധതിയെപ്പറ്റി അറിഞ്ഞ വീട്ടുകാർ സരോജത്തെ നിർബന്ധിച്ച് വീട്ടിലേത്തിച്ചു. സഹോദരൻ രാജഗോപാലിന്റെ സുഹൃത്ത് അയ്യപ്പൻ പിള്ളയുമായി ഇരുപത്തിനാലാം വയസ്സിൽ വിവാഹവും നടത്തി.

ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തിനു പുറമേ, ഭർത്താവിന്റെ കുടയത്തൂരിലെ വീട്ടിലെ അവസ്ഥകളും സരോജത്തിന് ഉൾക്കൊള്ളാനായിരുന്നില്ല. ഭർത്താവും പതിനൊന്നു സഹോദരങ്ങളും അടങ്ങുന്ന കുടുംബം ജീവിക്കുന്ന വീട്ടിൽ ബാത്ത്റൂം സൗകര്യംപോലും ഉണ്ടായിരുന്നില്ല. അക്കാലത്തു സ്ത്രീകൾ  ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയായിരുന്നു പതിവ്. പക്ഷേ അതിനു തയാറാകാതിരുന്ന സരോജം ജീവിതം മെച്ചപ്പെടുത്താനുള്ള വഴികൾ ആലോചിച്ചു. ഭർത്താവ് അയ്യപ്പനെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുകയും അതിനു സഹായിക്കുകയും ചെയ്യുകയായിരുന്നു സരോജം കണ്ടെത്തിയ മാർഗം. അങ്ങനെ സരോജത്തിന്റെ നിർബന്ധത്തിൽ, അയ്യപ്പൻ അധ്യാപകനാകാനുള്ള യോഗ്യത നേടിയെടുത്തു. ഇതിനിടെ കുടയത്തൂരിലെ സ്കൂളിൽ സരോജം അധ്യാപികയായി ജോലി ചെയ്തു തുടങ്ങിയിരുന്നു. ഭർത്താവിനും ജോലി ലഭിച്ചതോടെ മൂന്നുവർഷത്തിനുള്ളിൽ ബാത്റൂമടക്കമുള്ള സൗകര്യങ്ങളുള്ള ഒരു വീട് സ്വന്തമായിവച്ച് താമസം മാറി.

ദാമ്പത്യജീവിതം 10 വർഷം പിന്നിടുമ്പോഴേക്കും സ്വന്തമായി റബർതോട്ടവും കൂടുതൽ പുരയിടങ്ങളും ഇരുവരും ചേർന്ന് വാങ്ങിയിരുന്നു. രണ്ട് ആൺമക്കളും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു പിന്നീടു സരോജത്തിന്റേത്. ശാസ്ത്രവിഷയങ്ങൾ പഠിപ്പിച്ചിരുന്ന സരോജം കർക്കശക്കാരിയായ അധ്യാപികയായിരുന്നു. എങ്കിലും മുപ്പതിൽപരം വർഷങ്ങൾ നീണ്ടുനിന്ന അധ്യാപന ജീവിതംകൊണ്ട് വലിയൊരു ശിഷ്യഗണത്തെ നേടിയെടുക്കാൻ സരോജത്തിനായി. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സരോജത്തെ തേടിയെത്തിയിരുന്നു.

ഇംഗ്ലിഷിൽ അഗാധ പാണ്ഡിത്യമുള്ള സരോജം നിരവധി കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ വേണ്ട നവീകരണങ്ങളെക്കുറിച്ച് സർക്കാർ പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബന്ധുക്കൾക്കിടയിലും സമൂഹത്തിലും പരിചയമുള്ള പെൺകുട്ടികളെയെല്ലാം വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ സരോജം എപ്പോഴും ശ്രമിച്ചിരുന്നു. വിദ്യാഭ്യാസം നേടിയ ഒരു പെൺകുട്ടിക്ക് സ്വന്തം ജീവിതം എങ്ങനെ മാറ്റിമറിക്കാനാവും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അവർക്കു സരോജം.

മീനാക്ഷിയുടെ അച്ഛൻ രാജീവ് സുനുവിനൊപ്പം സരോജവും അയ്യപ്പനും 1986 ൽ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും സന്ദർശനം നടത്തിയിരുന്നു. അപ്പോഴുണ്ടായ രസകരമായ ഒരു സംഭവവും മീനാക്ഷി തന്റെ കുറിപ്പിൽ ചേർത്തിട്ടുണ്ട്. ന്യൂസീലൻഡിലെ ആപ്പിളുകളാണ് സരോജത്തിന് ഏറെ ഇഷ്ടമായത്. അതിനാൽ സിഡ്നിയിലേക്കുള്ള യാത്രയിൽ ബാഗിൽ കുറച്ച് ആപ്പിളുകൾ കരുതിയിരുന്നു. എന്നാൽ ഇക്കാര്യം ഇമിഗ്രേഷൻ ഫോമിൽ ഉൾപ്പെടുത്താൻ വിട്ടുപോയി. ബാഗ് പരിശോധനയ്ക്കിടയിൽ ആപ്പിളുകൾ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അൽപം പരുഷമായാണ്  പെരുമാറിയത്. ‘ഈ ഒറ്റക്കാരണം കൊണ്ട് നിങ്ങളെ അറസ്റ്റ് ചെയ്യാനും ജയിലിൽ ഇടാനും ഞങ്ങൾക്കു സാധിക്കു’മെന്ന്  അധികാര സ്വരത്തിൽ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു സരോജത്തിന്റേത്. ‘ഓസ്ട്രേലിയയിലെ ജയിലുകൾ നല്ലതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവിടേക്ക് പോകേണ്ടി വന്നാൽ ഞങ്ങൾക്ക് ഹോട്ടൽ റൂം എടുക്കാതെ കഴിക്കാമല്ലോ’ എന്നായിരുന്നു ആ മറുപടി. സാരിയും ധരിച്ചെത്തിയ പ്രായംചെന്ന ഒരു ഇന്ത്യൻ സ്ത്രീയിൽനിന്ന് അത്തരമൊരു പ്രതികരണം തീരെ പ്രതീക്ഷിക്കാതിരുന്ന ഉദ്യോഗസ്ഥർ സരോജത്തിന്റെ മറുപടി കേട്ട് അന്ധാളിച്ചുപോയി. അത്രയും നേരം ഉണ്ടായിരുന്നു അധികാര സ്വരംമാറ്റി ഉദ്യോഗസ്ഥർ ‘ഓസ്ട്രേലിയയിലേക്ക് സ്വാഗതം’ എന്ന് പുഞ്ചിരിയോടെ പറഞ്ഞ് അവരെ യാത്രയാക്കുകയും ചെയ്തു. 

ഏതു കാര്യത്തിലുമുള്ള കൃത്യമായ അഭിപ്രായവും ഉറച്ച നിലപാടുകളുമാണ് അമ്മൂമ്മയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നതെന്ന് മീനാക്ഷി പറയുന്നു. മക്കളും ചെറുമക്കളും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിൽ ഇന്നും അവസാനവാക്ക് സരോജത്തിന്റേതാണ്. മക്കളുടെയും ചെറുമക്കളുടെയും ജീവിതത്തിലും വസ്ത്രധാരണത്തിലും എന്തിന്, ഭക്ഷണകാര്യത്തിൽ പോലും കൃത്യമായ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സരോജത്തിനുണ്ട്. സഞ്ജീവ് സുനു, സുനിത റാണി, അനിത റാണി എന്നിവരാണ് മറ്റുമക്കൾ.ഉയർന്ന ഉദ്യോഗങ്ങളിൽ എത്തിയിട്ടു പോലും പണ്ടത്തെ സ്കൂൾ ടീച്ചറുടെ കാർക്കശ്യത്തിനും സ്നേഹശാസനകൾക്കും മുന്നിൽ അനുസരണയുള്ള കുട്ടികളായി നിൽക്കാനാകുന്നതാണ് ഈ കുടുംബത്തിന്റെ സന്തോഷം.

English Summary: Life Story of Sarojam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com